കിസാൻ സഭ ലോംഗ് മാർച്ചിന്‍റേയും പൻസാരെയുടേയും ചിത്രം യുഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ച് വെൽഫെയർ പാർട്ടി

Published : Mar 25, 2019, 06:35 PM ISTUpdated : Mar 25, 2019, 06:42 PM IST
കിസാൻ സഭ ലോംഗ് മാർച്ചിന്‍റേയും പൻസാരെയുടേയും ചിത്രം യുഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ച് വെൽഫെയർ പാർട്ടി

Synopsis

സിപിഎമ്മിന്‍റെ കർഷകസംഘടനായ കിസാൻ സഭ നടത്തിയ സമരത്തിൽ നിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ച് വെൽഫെയർ പാർട്ടി യുഡിഎഫിന് വോട്ട് ചോദിക്കുന്നു. സിപിഐയുടെ രക്തസാക്ഷി ഗോവിന്ദ് പൻസാരെയുടെ ചിത്രവും വെൽഫെയർ പാർട്ടി യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്.

തിരുവനന്തപുരം: സിപിഎമ്മിന്‍റെ കർഷകസംഘടനായ കിസാൻ സഭ നടത്തിയ സമരത്തിൽ നിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ച് വെൽഫെയർ പാർട്ടി യുഡിഎഫിന് വോട്ട് ചോദിക്കുന്ന പോസ്റ്റർ വിവാദമായി. സിപിഐയുടെ രക്തസാക്ഷി ഗോവിന്ദ് പൻസാരെയുടെ ചിത്രവും വെൽഫെയർ പാർട്ടി യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് വെൽഫെയർ പാർട്ടി പ്രധാനമായും ഈ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നത്. നൂറുകണക്കിന് ആളുകൾ ഈ ചിത്രങ്ങൾ ഇതിനകം ഷെയർ ചെയ്തു. അതേസമയം ഈ പ്രചാരണത്തിനെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

അഖിലേന്ത്യാ കിസാൻ സഭ നടത്തിയ ലോംഗ് മാർച്ചിൽ പങ്കെടുത്ത തൊഴിലാളികളുടെ വിണ്ടുകീറിയ കാൽപ്പാദങ്ങളുടെ ചിത്രങ്ങൾ രാജ്യമാകെ ശ്രദ്ധ നേടിയിരുന്നു. മഹാരാഷ്ട്രയിലെ നാസികിൽ നിന്ന് മുംബൈയിലേക്കാണ് ലോംഗ് മാർച്ച് സംഘടിപ്പിച്ചത്.  കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സിപിഎമ്മിന്‍റെ കർഷക സംഘടനായ കിസാൻ സഭ സംഘടിപ്പിച്ച ലോംഗ് മാർച്ചിൽ ലക്ഷക്കണക്കിന് കർഷകർ പങ്കെടുത്തിരുന്നു. നൂറ്റിയെൺപതിലേറെ കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച കർഷകമാർച്ച് മുംബൈയിൽ എത്തിയപ്പോഴേക്കും കർഷകരുടെ കാലുകൾ പൊള്ളിക്കുടുർന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു. കർഷകരുടെ നിശ്ചയദാർഢ്യത്തിന്‍റെ പ്രതീകമായി രാജ്യമാകെ പ്രചരിച്ച ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് വെൽഫെയർ പാർട്ടി യുഡിഎഫിന് വോട്ട് ചോദിക്കുന്നത്.

വർഗ്ഗീയതയ്ക്കും അന്ധവിശ്വാസങ്ങൾക്കും അഴിമതിക്കുമെതിരെ നിലപാടെടുത്തതിന് അസഹിഷ്ണുതയുടെ വെടിയുണ്ടകൾക്ക് ഇരയായ ഇന്ത്യൻ സിപിഐയുടെ ദേശീയ കൗൺസിൽ അംഗമായിരുന്ന ഗോവിന്ദ് പൻസാരെയുടെ ചിത്രവും യുഡിഎഫിന് വോട്ട് ചോദിക്കാൻ വെൽഫെയർ പാർട്ടി ഉപയോഗിക്കുന്നുണ്ട്. ഗൗരി ലങ്കേഷ്, എം എം കൽബുർഗി, നരേന്ദ്ര ധബോൽക്കർ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. 

സിപിഐയുടെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുമായിരുന്നു ഗോവിന്ദ് പൻസാരെ. ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ മഹാനാക്കുന്നതിനെതിരെ നിരന്തരം ശബ്ദിച്ച ഗോവിന്ദ് പൻസാരെ ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കെതിരെ നിരന്തരം സമരം ചെയ്തിരുന്നു.പ്രഭാത നടത്തത്തിനിടയിലാണ് മോട്ടോർ സൈക്കിളിലെത്തിയ അക്രമിസംഘം 2015 ഫെബ്രുവരി 20ന് ഗോവിന്ദ് പൻസാരെയെ കഴുത്തിനും നെഞ്ചിനും വെടിവച്ചുകൊന്നത്. പൻസാരയ്ക്കൊപ്പം ഉണ്ടായിരുന്ന ഭാര്യ ഉമയ്ക്കും തലയ്ക്ക് വെടിയേറ്റിരുന്നു.

ബിജെപിയെ തുറന്നെതിർക്കുമ്പോഴും കർണ്ണാടകത്തിലെ കോൺഗ്രസിന്‍റെയും നിതാന്ത വിമർശകയായിരുന്നു ഗൗരി ലങ്കേഷ്. കോൺഗ്രസ് നേതാവും എസ്എം കൃഷ്ണയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ ഡി കെ ശിവകുമാറിനെ വിമർശിച്ചുകൊണ്ട് ഗൗരി ലങ്കേഷ് തന്‍റെ പത്രമായ ലങ്കേഷ് പത്രികയിൽ നിരന്തരം  ലേഖനങ്ങൾ എഴുതിയിരുന്നു. 2017 സെപ്റ്റംബർ 5നാണ് അക്രമികൾ ബെംഗളൂരുവിലെ രാജേശ്വരി നഗറിലുള്ള വീട്ടിൽ അക്രമിച്ച് കയറി ഗൗരി ലങ്കേഷിനെ തലയ്ക്കും കഴുത്തിനും വെടിവച്ചുകൊന്നത്.

അക്കാദക് വിദഗ്ധനും ചരിതപണ്ഡിതനുമായിരുന്ന എം എം കൽബുർഗി കടുത്ത സംഘപരിവാർ വിമർശകനായിരുന്നു.  കർണ്ണാടകത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കെയാണ് കൽബുർഗി അക്രമികളുടെ വെടിയേറ്റ് മരിച്ചത്. വിഗ്രഹാരാധനയെ വിമർശിച്ച് ലേഖനമെഴുതിയതിന് കൽബുർഗിക്കെതിരെ ഹൈന്ദവവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് കോൺഗ്രസ് സർക്കാർ കേസെടുത്തിരുന്നു

വധഭീഷണിയുണ്ടെന്ന് കാട്ടി തനിക്ക് സുരക്ഷ വേണമെന്ന് കൽബുർഗി ആവശ്യപ്പെട്ടിരുന്നെങ്കിലും സിദ്ധരാമയ്യ സർക്കാർ അത് നിഷേധിച്ചെന്ന് ദേവഗൗഡ സർക്കാരിൽ സാംസ്കാരിക വകുപ്പ് മന്ത്രിയും പിന്നീട് വെൽഫെയർ പാർട്ടിയുടെ തന്നെ നേതാവുമായ ബി ടി ലളിത നായിക് ആരോപിച്ചിരുന്നു. പിന്നീട് കൽബുർഗിക്ക് സുരക്ഷ ഏർപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്‍റെ തന്നെ ആവശ്യപ്രകാരം സുരക്ഷ നീക്കിയതിന് തൊട്ടുപിന്നാലെയാണ്  2015 ആഗസ്റ്റ് 30ന്  അക്രമികൾ വീട്ടിലെത്തി അദ്ദേഹത്തെ വെടിവച്ചുകൊന്നത്.

അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യപ്രവർത്തകനും ഡോക്ടറുമായിരുന്ന നരേന്ദ്ര ധബോൽക്കർ ദേശീയ കബഡി ടീം അംഗവുമായിരുന്നു. ആൾ ദൈവങ്ങൾക്കെതിരെ പ്രചാരണം നടത്തിയ, ദളിതുകളുടെ അവകാശങ്ങൾക്കായി പോരാടിയ ധബോൽക്കർ ബിജെപിയുടേയും ശിവശേനയുടേയും നിരന്തര വിമർശകനായിരുന്നു. 2013 ഓഗസ്റ്റ് 20ന് പ്രഭാത നടത്തത്തിനിടെയാണ് പുനെയിലെ ഓംകാരേശ്വർ അമ്പലത്തിന് സമീപം വച്ച് ധബോൽക്കറെ അക്രമികൾ തലയ്ക്കും നെഞ്ചിലും വെടിവച്ചുകൊന്നത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?