ഇടതിനെതിരെ മത്സരിച്ചിട്ട് കണ്ണിമാങ്ങ അച്ചാറിനെക്കുറിച്ചാണോ രാഹുൽ പറയുക? പരിഹാസവുമായി എം സ്വരാജ്

By Web TeamFirst Published Apr 4, 2019, 9:42 PM IST
Highlights

''ഇടത് പക്ഷത്തിനെതിരെ വന്ന് മത്സരിച്ചിട്ട് സിപിഎമ്മിനെതിരെ സംസാരിക്കില്ലെന്ന് പറഞ്ഞാൽ പിന്നെ രാഹുൽ എന്താണ് പറയാൻ പോകുന്നത്? കണ്ണിമാങ്ങാ അച്ചാറിടുന്നത് എങ്ങനെ എന്നോ?'', സ്വരാജ് ന്യൂസ് അവറിൽ. 

തിരുവനന്തപുരം: വയനാട്ടിൽ സ്ഥാനാർത്ഥിയായെങ്കിലും സിപിഎമ്മിനെതിരെ ഒരക്ഷരം സംസാരിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് എം സ്വരാജ് എംഎൽഎ. കേരളത്തിൽ വന്ന് സിപിഎമ്മിനെതിരെ മത്സരിച്ചിട്ട് പിന്നെ രാഹുൽ ഗാന്ധി കണ്ണിമാങ്ങ അച്ചാറിടുന്നതെങ്ങനെ എന്നാണോ പറയാൻ പോകുന്നത് എന്നാണ് സ്വരാജ് ന്യൂസ് അവറിൽ ചോദിച്ചത്. തെരഞ്ഞെടുപ്പെന്നാൽ വൈകാരികസമസ്യയല്ലെന്നും കോൺഗ്രസിനെ നിശിതമായിത്തന്നെ വിമർശിക്കുമെന്നും സ്വരാജ് വ്യക്തമാക്കി.

താൻ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് രാഹുൽ പറയുന്നതിന്‍റെ അർത്ഥമെന്താണ്? മാന്യനായ ഞാനൊന്നും സിപിഎമ്മിനെതിരെ പറയില്ല, മാന്യരല്ലാത്ത ഇവിടത്തെ നേതാക്കൾ പറഞ്ഞോളും എന്നാണോ രാഹുൽ ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ പറയട്ടെ. സിപിഎമ്മിനെതിരെ ഒന്നും മിണ്ടാനില്ലാത്തതു കൊണ്ടായിരിക്കണം രാഹുൽ ഒന്നും പറയാത്തത്. എന്നാൽ ഞങ്ങളുടെ നിലപാട് അതല്ല. 

'തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഉൾപ്പടെയുള്ള കാര്യങ്ങൾ വേർതിരിച്ച് കണ്ട്, വിമർശനാത്മകമായി കാണുകയും ചർച്ച ചെയ്യുകയുമാണ് വേണ്ടത്. അതാണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും. തെര‍ഞ്ഞെടുപ്പിൽ രാഷ്ട്രീയമല്ലാതെ പിന്നെ കണ്ണിമാങ്ങാ അച്ചാറെങ്ങനെ ഇടാം, ടെറസിൽ ജൈവപച്ചക്കറി എങ്ങനെ ചെയ്യാം എന്നല്ലല്ലോ ചർച്ച ചെയ്യേണ്ടത്?', സ്വരാജ് പരിഹസിച്ചു. 

'രാഹുൽ വരുമോ എന്ന കാര്യം ചർച്ച ചെയ്യുമ്പോൾത്തന്നെ ഇടത് പക്ഷത്തിന് കൃത്യമായ നിലപാടുണ്ടായിരുന്നു. രാഹുൽ വയനാട്ടിൽ വന്ന് മത്സരിച്ചാൽ, ബിജെപിയല്ല, ഇടതുപക്ഷമാണ് മുഖ്യശത്രു എന്ന തെറ്റായ സന്ദേശം നൽകുമെന്നും ഇത് ദേശീയതലത്തിൽത്തന്നെ കോൺഗ്രസിന് വിനയായി വരും എന്നായിരുന്നു ഞങ്ങളുടെ നിലപാട്. അതിൽത്തന്നെ ഉറച്ചു നിൽക്കുന്നു', സ്വരാജ് വ്യക്തമാക്കി. കേരളത്തിലെ നേതൃത്വത്തിന്‍റെ പിടിപ്പ് കേടു കൊണ്ടാണ് രാഹുലിന് വയനാട്ടിലെത്തി മത്സരിക്കേണ്ടി വന്നതെന്നും എം സ്വരാജ് ആരോപിച്ചു. 

സ്വരാജിന്‍റെ പ്രതികരണം കാണാം:

'തെരഞ്ഞെടുപ്പ് എന്നത് വൈകാരികസമസ്യയല്ല, ഇത് രാഷ്ട്രീയ ആശയങ്ങളുടെ പോരാട്ടമാണ്. ഞങ്ങൾ അതിശക്തമായി കോൺഗ്രസ് നയങ്ങളെ വിമർശിക്കും, വ്യക്തിപരമായ വിമർശനത്തിന് പോകില്ല. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചതും, പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിർണയാവകാശം എടുത്തു കളഞ്ഞതും ഒക്കെ ചൂണ്ടിക്കാട്ടി ബിജെപിയെയും കോൺഗ്രസിനെയും ഞങ്ങൾ ചോദ്യം ചെയ്യും', സ്വരാജ് പറഞ്ഞു. 

രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിച്ച ദേശാഭിമാനി മുഖപ്രസംഗത്തെക്കുറിച്ച് ചർച്ചയ്ക്കിടെ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് പരാമർശിച്ചപ്പോൾ, ആ മുഖപ്രസംഗം പാർട്ടി പിൻവലിച്ചതാണെന്നും തെറ്റായ കാര്യങ്ങളെ ന്യായീകരിക്കാറില്ലെന്നും സ്വരാജ് വ്യക്തമാക്കി. 

ബിജെപിക്കെതിരെ കോൺഗ്രസ് നേർക്കു നേർ നിന്ന് പോരാടുകയാണ്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസോ ബിജെപിയോ അല്ലാതെ മൂന്നാമത് ഒരു ശക്തി ഉയർന്നു വന്നില്ലെങ്കിൽ തീർച്ചയായും സിപിഎം കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന പാർട്ടി നിലപാട് സ്വരാജ് ആവർത്തിച്ചു.

click me!