വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ മോദിയുടെ ആദ്യ വിദേശയാത്ര എങ്ങോട്ട്?

By Web TeamFirst Published May 23, 2019, 11:14 PM IST
Highlights

എന്നാല്‍ ഒമ്പത് വര്‍ഷക്കാലം വിസ നിഷേധിച്ച അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ക്ഷണിച്ചിട്ടും എന്തുകൊണ്ട് മോദി ഭൂട്ടാന്‍ തെരഞ്ഞെടുത്തു എന്നതിന് പിന്നില്‍ ശ്രദ്ധേയമായ ഒരു കീഴ്വഴക്കം കൂടിയുണ്ട്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. ലോകനേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മോദിയുടെ വിദേശ പര്യടനങ്ങള്‍ പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്. 2014-ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മോദി നടത്തിയ ആദ്യ വിദേശയാത്ര ഭൂട്ടാനിലേക്ക് ആയിരുന്നു. പിന്നീടിങ്ങോട്ട് 84-ല്‍പ്പരം രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ഇത്തവണ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി മോദി സര്‍ക്കാര്‍ കരുത്ത് തെളിയിച്ചപ്പോള്‍ ഭരണത്തിലെത്തിയ ശേഷം മോദി നടത്തുന്ന  ആദ്യ വിദേശയാത്ര ഏത് രാജ്യത്തേക്കാകും എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. 

കഴിഞ്ഞ ഭരണകാലത്ത് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഭൂട്ടാനിലെത്തിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, വിദേശകാര്യ സെക്രട്ടറി സുജാതാ സിങ്, അജിത് ഡോവല്‍ എന്നിവരുള്‍പ്പെടെയുള്ള സംഘവും യാത്രയില്‍ മോദിയെ അനുഗമിച്ചു. ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രിയെ തികഞ്ഞ ആദരവോടെയാണ് അന്നത്തെ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോഗ്‍ബെ സ്വീകരിച്ചത്. പറോ വിമാനത്താവളം മുതല്‍ രാജ്യ തലസ്ഥാനമായ തിംഫു വരെ ഏകദേശം 50 കിലോമീറ്ററോളം നീളത്തില്‍ വഴിയുടെ ഇരുവശങ്ങളിലുമായി ഇന്ത്യയുടെയും ഭൂട്ടാന്‍റെയും പതാകകളേന്തിയ കുട്ടികള്‍ മോദിയെ സ്വീകരിക്കാനായി നിരന്നു. തോഗ്‍ബെയുമായി മോദി നടത്തിയ ചര്‍ച്ചയും വിജയകരമായി.  

എന്നാല്‍ ഒമ്പത് വര്‍ഷക്കാലം വിസ നിഷേധിച്ച അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ക്ഷണിച്ചിട്ടും എന്തുകൊണ്ട് മോദി ഭൂട്ടാന്‍ തെരഞ്ഞെടുത്തു എന്നതിന് പിന്നില്‍ ശ്രദ്ധേയമായ ഒരു കീഴ്‍വഴക്കം കൂടിയുണ്ട്. ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന അയല്‍ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. ഈ സൗഹൃദത്തെ ഊട്ടിയുറപ്പിക്കാനായി അധികാരത്തിലെത്തുന്ന പ്രധാനമന്ത്രിമാര്‍ ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നത് പതിവാണ്. ഭൂട്ടാനിലെ ഉയര്‍ന്ന നേതാക്കളും രാജകുടുംബാംഗങ്ങളും ഇന്ത്യയിലും എത്താറുണ്ട്. 

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം  ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടെ ഷെറിങ്  മോദിയെ ഫോണില്‍ വിളിച്ച്  അഭിനന്ദിച്ചത് ഇന്ത്യ-ഭൂട്ടാന്‍ ബന്ധത്തിന്‍റെ തീവ്രത വെളിപ്പെടുത്തുന്നു. ഇന്ത്യ സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവം വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പും ഷെറിങ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.

അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ലോട്ടെ ഷെറിങ് ഇന്ത്യ സന്ദര്‍ശിച്ചത്. ഏകദേശം ഒരു മണിക്കൂര്‍ മാത്രം നീണ്ടുനിന്ന ചര്‍ച്ച ഏറെ ഊഷ്മളമായിരുന്നെന്നും തമ്മില്‍ വളരെ കാലങ്ങളായി പരിചയമുള്ളവരെപ്പോലെ പെരുമാറിയ മോദിയെ ഷെറിങ് കുറിപ്പില്‍ പ്രശംസിക്കുകയും ചെയ്തു. മോദിയോടൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം  പങ്കുവെച്ച ഷെറിങ് മോദിയെ ഭൂട്ടാനിലേക്ക് ക്ഷണിച്ചെന്നും കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ രണ്ടാം തവണയും അധികാരത്തിലെത്തുമ്പോള്‍ നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര കീഴ്‍വഴക്കമനുസരിച്ച്  ഭൂട്ടാനിലേക്ക് തന്നെയാകുമോ എന്നാണ് ഇനി അറിയാനുള്ളത്. 

click me!