'ക-ഖ-ഗ' ആരും വരട്ടെ! വിജയമുറപ്പ്, രാഷ്ട്രീയകൊലപാതകങ്ങൾ വിഷയമാകില്ല', പി ജയരാജൻ പറയുന്നു

By Web TeamFirst Published Mar 18, 2019, 11:49 PM IST
Highlights

'ഒതുക്കാനാണ് ലോക്‍സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതെന്നത് അപവാദപ്രചാരണം മാത്രം. എനിക്ക് അഭിനയിക്കാനറിയില്ല. ഇതാണ് ഞാൻ' - പി ജയരാജൻ 'ഇലക്ഷൻ എക്സ്‍പ്രസ് യാത്ര'യിൽ പറയുന്നു. 

വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയസംഘർഷങ്ങളാകില്ല മുഖ്യവിഷയമെന്ന് വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി പി ജയരാജൻ. ദേശീയപ്രാധാന്യമുള്ള വിഷയങ്ങളാണ് ലോക്‍സഭാ തെരഞ്ഞെടുപ്പിൽ വിഷയമാകേണ്ടത്. തന്നെ ഒതുക്കാനാണ് സിപിഎം ലോക്സഭാ സ്ഥാനാർഥിയാക്കിയതെന്ന ആരോപണങ്ങൾ വിഷയദാരിദ്ര്യം മൂലം എൽഡിഎഫും യുഡിഎഫും നടത്തുന്ന അപവാദപ്രചാരണം മാത്രമാണെന്നും പി ജയരാജൻ 'ഇലക്ഷൻ എക്സ്‍പ്രസി'നോട് പറഞ്ഞു.

രാവിലെ പ്രചാരണത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വീട്ടിൽ വച്ചാണ് പി ജയരാജനെ കണ്ടതും തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് അൽപസമയം സംസാരിക്കാൻ കഴിഞ്ഞതും. തിരക്കേറിയ പ്രചാരണത്തിന് ഇറങ്ങും മുമ്പ് ചായക്കൊപ്പം എല്ലാ പത്രങ്ങളും ഓടിച്ചൊന്ന് വായിച്ച് നോക്കും. പ്രധാനപ്പെട്ട വാർത്തകളൊന്നും മിസ്സാവാതിരിക്കാൻ. 

എൽഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയെക്കുറിച്ച് കേരളത്തിന് നല്ല മതിപ്പാണെന്ന് പറയുന്നു പി ജയരാജൻ. കെ കെ രമ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച്, വ്യക്തികളെ എതിർക്കുക എന്നതല്ല തന്‍റെ രാഷ്ട്രീയം എന്നാണ് പി ജയരാജന്‍റെ മറുപടി. ക - ഖ - ഗ, ആര് മത്സരിച്ചാലും ഒന്നുമില്ല. എതിർസ്ഥാനാർഥി ആരെന്നത് വിഷയമേ അല്ല. ആരായാലും വരട്ടെ - പഴയ പാർട്ടി ജില്ലാ സെക്രട്ടറിയുടെ വാക്കുകളിൽ ഊർജം. 

തെരഞ്ഞെടുപ്പടുത്തപ്പോൾ ശരീരഭാഷയിലൊക്കെ അൽപം മാറ്റം വരുത്തിയോ, ചിരിക്കാൻ തുടങ്ങിയല്ലോ എന്ന ചോദ്യത്തിന് ഹൃദ്യമായ ചിരിയായിരുന്നു ആദ്യം മറുപടി. ''തെരഞ്ഞെടുപ്പടുത്തപ്പോൾ ചിലരൊക്കെ എന്നോട് പറഞ്ഞു, കുറച്ചു കൂടി ചിരിക്കണം എന്നൊക്കെ. എനിക്കൊരു സ്വഭാവമുണ്ട്. അഭിനയിക്കാനറിയില്ല. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള ഈ ഞാൻ തന്നെയാണ് ഞാൻ. എങ്ങനെയാണോ ഞാൻ ചിരിക്കുന്നത്, അങ്ങനെത്തന്നെ.'' ജയരാജൻ പറഞ്ഞു നിർത്തുന്നു. 

ഇലക്ഷൻ എക്സ്പ്രസിന്‍റെ വടകര മണ്ഡലത്തിലൂടെയുള്ള യാത്ര കാണാം:

അവതരണം: പ്രിയ ഇളവള്ളി മഠം, നിർമാണം: ഷെറിൻ വിൽസൺ, ക്യാമറ: ജിബിൻ ബേബി.

 

click me!