പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരും: രാഹുൽ ഗാന്ധി

By Web TeamFirst Published May 8, 2019, 4:41 PM IST
Highlights

ഇന്ധന വിലയിൽ ഉണ്ടാകുന്ന വർദ്ധനവാണ് സാധാരണക്കാരനെ ഏറ്റവും ദോഷകരമായി ബാധിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി

ദില്ലി: കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ജിഎസ്ടിയിലെ 18 ശതമാനം സ്ലാബിലോ, 28 ശതമാനം സ്ലാബിലോ ആയിരിക്കും  ഉൽപ്പന്നം ഉൾപ്പെടുത്തുകയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അടിക്കടി പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നത് നിയന്ത്രിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലെ ഔദ്യോഗിക പേജിൽ ഇരുചക്ര വാഹന യാത്രക്കാരനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

രാജ്യത്ത് വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉയർന്ന നികുതിയാണ് പെട്രോളിനും ഡീസലിനും മേലെ ഈടാക്കുന്നത്. കേന്ദ്ര സർക്കാർ എക്സൈസ് നികുതി ഈടാക്കുമ്പോൾ മൂല്യ വർദ്ധിത നികുതിയാണ് സംസ്ഥാനങ്ങൾ ഈടാക്കുന്നത്. ഇതിന് പുറമെ വിൽപ്പന നടത്തുന്നവരുടെ കമ്മിഷനും കൂടിയാകുമ്പോൾ ജനങ്ങൾക്ക് വളരെ വലിയ ബാധ്യതയാണ് ഉണ്ടാകുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ജിഎസ്‌ടി പരിധിയിൽ കൊണ്ടുവന്നാൽ പിന്നെ ഒറ്റ നികുതി മാത്രമേ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്താനാകൂ. കേന്ദ്രത്തിന്റെ എക്സൈസ് നികുതിയും സംസ്ഥാനങ്ങളുടെ വാറ്റും ഒഴിവാക്കി പകരം ജിഎസ്‌ടി മാത്രമേ ഈടാക്കാനാവൂ. അങ്ങിനെ വന്നാൽ പെട്രോൾ-ഡീസൽ വില വലിയ തോതിൽ കുറയും.

click me!