രാഷ്ട്രീയ ഇന്ത്യക്ക് വീണ്ടും പ്രതിപക്ഷ നേതാവില്ലാതാകുമോ? 54 ന് മുന്നില്‍ മുട്ടിടിച്ച് കോണ്‍ഗ്രസ്

By Web TeamFirst Published May 23, 2019, 11:56 PM IST
Highlights

മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായി അംഗീകരിക്കണമെങ്കില്‍ ആകെ അംഗബലത്തിന്‍റെ 10 ശതമാനം സീറ്റ് നേടണമെന്നായിരുന്നു കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും സ്വീകരിച്ച നിലപാട്. 

ദില്ലി: കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു 2014 ലെ പൊതുതെരഞ്ഞെടുപ്പിലേത്. എന്നാല്‍ അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചവരാണ് ഏറെ. എന്നാല്‍ നരേന്ദ്ര മോദിക്ക് ഒരുഅവസരം കൂടി ഇന്ത്യന്‍ ജനത നല്‍കിയിരിക്കുകയാണ്. ഭരണത്തില്‍ എത്തില്ലെന്ന് ഉറപ്പായതോടെ ഇനി കോണ്‍ഗ്രസിന് പ്രതീക്ഷിക്കാനുള്ളത് പ്രതിപക്ഷ സ്ഥാനമാണ്. എന്നാല്‍ പ്രതിപക്ഷ സ്ഥാനമെങ്കിലും നേടണമെങ്കില്‍ കോണ്‍ഗ്രസ് 54 സീറ്റെങ്കിലും നേടണം. 

മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായി അംഗീകരിക്കണമെങ്കില്‍ ആകെ അംഗബലത്തിന്‍റെ 10 ശതമാനം സീറ്റ് നേടണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇതില്‍ കടുംപിടുത്തം പിടിച്ചിരുന്നു. പത്ത് ശതമാനം നേടാത്തതുകൊണ്ട് മാത്രം ഏറ്റവും വലിയ ഒറ്റകക്ഷിക്ക് കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതിരുന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി പത്തുശതമാനം എന്ന വാദം ഉന്നയിച്ചത്.

1977 ലെ എല്‍ഒപി നിയമ പ്രകാരം ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രതിപക്ഷകക്ഷിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന കോണ്‍ഗ്രസിന്‍റെ വാദത്തെ ബിജെപി എതിര്‍ത്തത് തെലുങ്ക് ദേശത്തെ 1984ല്‍ മുഖ്യപ്രതിപക്ഷമായി അംഗീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യംകൊണ്ടായിരുന്നു.1984 ല്‍ തെലുങ്കുദേശം നേതാവ് പി ഉപേന്ദ്രക്ക് കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിച്ചിരുന്നു. പത്ത് ശതമാനം അംഗബലമില്ലെന്ന കാരണത്താലായിരുന്നു അത്. 

click me!