എൻഡിഎയിൽ കടുത്ത ഭിന്നത, അരൂരിൽ മത്സരിക്കില്ലെന്ന് ബിഡിജെഎസ്, തുഷാർ നാളെ ദില്ലിക്ക്

By Web TeamFirst Published Sep 25, 2019, 10:06 PM IST
Highlights

കേന്ദ്രസർക്കാർ വാഗ്‍ദാനം ചെയ്ത സ്ഥാനമാനങ്ങൾ കിട്ടിയില്ല എന്നത് മാത്രമല്ല, താൻ ജയിലിലായപ്പോൾ ബിജെപി നേതാക്കൾ കാണിച്ച തണുപ്പൻ സമീപനത്തിൽ കടുത്ത അതൃപ്തിയുണ്ട് തുഷാർ വെള്ളാപ്പള്ളിക്ക്. 

ആലപ്പുഴ/തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎയിൽ കടുത്ത ഭിന്നത. അരൂരിൽ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. മുന്നണി വിടണമെന്ന അഭിപ്രായവും ബിഡിജെഎസ്സിൽ ശക്തമാണെങ്കിലും തുഷാർ വെള്ളാപ്പള്ളി ഇത് നിഷേധിച്ചു. വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് കുമ്മനം വീണ്ടും അറിയിച്ചു. അനിശ്ചിതത്വം നീക്കാൻ നാളെ ബിജെപി ഭാരവാഹി യോഗം ചേരും.

''ഈ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥി എവിടെയും മത്സരിക്കേണ്ടെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പൊതു അഭിപ്രായം. എന്തായാലും നാളെ ദില്ലിക്ക് പോയി അമിത് ഷായെ കണ്ട് ധാരണയിലെത്താനാണ് എന്നെ ബിഡിജെഎസ് കൗൺസിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിജെപിക്ക് ഞങ്ങളോട് പല കാര്യങ്ങളും സംസാരിച്ച് ഒരു സമവായത്തിൽ എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല, കേരളത്തിലെ എൻഡിഎ സംഘ‍ടനാ സംവിധാനം ശക്തമല്ല. ബൂത്ത് തലത്തിലുൾപ്പടെ കൃത്യമായ വോട്ടർമാരുടെ പട്ടികയടക്കം ഞങ്ങളുടെ പക്കലുണ്ട്. എന്നാലതൊന്നും എൻഡിഎയിൽ കൃത്യമായില്ല. ഇതിനർത്ഥം ഞങ്ങൾ എൻഡിഎ വിടാൻ പോകുന്നെന്നോ അത്തരത്തിൽ പ്രശ്നമുണ്ടാക്കുമെന്നോ അല്ല'', എന്ന് തുഷാർ. 

കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയ സ്ഥാനമാനങ്ങൾ ഇനിയും കിട്ടാത്തതിലാണ് ബിഡിജെസ് പ്രതിഷേധം. പക്ഷെ അത് മാത്രമല്ല കാര്യം. തുഷാർ അജ്മാനിൽ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയിലായപ്പോൾ ബിജെപി നേതാക്കൾ തുടർന്ന തണുപ്പൻ സമീപനത്തിൽ ബിഡിജെഎസിന് അതൃപ്തിയുണ്ട്. മോചനത്തിനായി പിണറായി ഇടപെട്ടതോടെ പാർട്ടി മുന്നണി വിടണമെന്ന ആവശ്യം വെള്ളാപ്പള്ളി നടേശൻ വീണ്ടും ശക്തമാക്കി.

എൻഡിഎ വിടില്ലെന്ന് തുഷാർ പറയുമ്പോഴും വരും ദിവസങ്ങളിലെ നീക്കങ്ങൾ പ്രധാനമാണ്. തുഷാർ നാളെ അമിത്ഷായെ കാണും. അരൂരിൽ ബിജെപി ഇനി സ്ഥാനാർത്ഥിയെ കണ്ടെത്തണം. ബാക്കി നാലിടത്തും ആശയക്കുഴപ്പം തുടരുകയാണ്.

വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് കുമ്മനം. ആർഎസ്എസ് ആകട്ടെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. കോന്നിയിൽ കെ സുരേന്ദ്രനോ, ശോഭാ സുരേന്ദ്രനോ വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യം. പക്ഷേ സുരേന്ദ്രൻ ഇതുവരെ സമ്മതം മൂളിയിട്ടില്ല. ശോഭയും ഉറപ്പിച്ച് പറയുന്നില്ല. ഇതിനിടെ മഞ്ചേശ്വരത്ത് കോൺഗ്രസ് നേതാവ് സുബ്ബയ്യറായിയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കങ്ങൾ ബിജെപിയിൽ സജീവമാണ്. കർണ്ണാടകയിലെ നേതാക്കളാണ് ഈ നീക്കത്തിന് പിന്നിൽ.

click me!