'പ്രധാനമന്ത്രി പദം ഇല്ലെങ്കിലും പ്രശ്നമില്ല'; നിർണായക പ്രഖ്യാപനവുമായി കോൺഗ്രസ്

By Web TeamFirst Published May 16, 2019, 10:55 AM IST
Highlights

എൻഡിഎയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നത് മാത്രമാണ് ലക്ഷ്യം. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ധാരണയുണ്ടായാൽ നേതൃത്വം ഏറ്റെടുക്കാൻ തയ്യാറെന്നും കോൺഗ്രസ്

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാൽ പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്ന് കോൺഗ്രസ്. എൻഡിഎയെയും മോദിയെയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കിടയിലും കോൺഗ്രസിന് വേണ്ടി ധാരണയുണ്ടായാൽ നേതൃത്വം പാർട്ടി ഏറ്റെടുക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. സഖ്യനീക്കങ്ങളിൽ ചലനമുണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനമാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്.

ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാവുന്നത് നല്ലതാണ്. എന്നാൽ അത് കോൺഗ്രസിന് തന്നെ കിട്ടണമെന്ന് ഒരു വാശിയുമില്ല - ഗുലാം നബി ആസാദ് പറഞ്ഞു. 

കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളിലൊരാളും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനെത്തന്നെയാണ് പാർട്ടി നിലപാട് പറയാൻ രാഹുൽ തെരഞ്ഞെടുത്തതെന്നതാണ് ശ്രദ്ധേയം. ''ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലാണ് നമ്മൾ. പ്രചാരണത്തിനിറങ്ങിയ എനിക്ക് മനസ്സിലായത് എൻഡിഎയോ ബിജെപിയോ അധികാരത്തിലെത്തില്ല എന്ന് തന്നെയാണ്. നരേന്ദ്രമോദി ഇനിയൊരു തവണ കൂടി പ്രധാനമന്ത്രിയാകില്ല. എൻഡിഎ - ബിജെപി വിരുദ്ധ സ‍ർക്കാർ ഇനി അധികാരത്തിൽ വരും'', ആസാദ് പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലെത്തി നിൽക്കേ പിടിവാശികളില്ലെന്ന സന്ദേശമാണ് കോൺഗ്രസ് ഇതിലൂടെ സഖ്യകക്ഷികൾക്ക് നൽകുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസിനെ കൂടെക്കൂട്ടാതെ മത്സരിച്ച എസ്‍പി - ബിഎസ്‍പി മഹാസഖ്യത്തിനും സഖ്യത്തിന് വിസമ്മതിച്ച ആം ആദ്മി പാർട്ടിക്കും ഉള്ള സന്ദേശമാണിത്. നേരത്തേ കോൺഗ്രസിന് മികച്ച നേട്ടമുണ്ടാക്കാനായാൽ രാഹുൽ തന്നെയാകും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കോൺഗ്രസ്. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും ആർജെഡി നേതാവ് തേജസ്വി യാദവും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തതാണ്. 

എന്നാൽ എൻസിപി നേതാവ് ശരദ് പവാറാകട്ടെ, മമതാ ബാന‍ർജിയോ മായാവതിയോ ആകും പ്രധാനമന്ത്രിയാകാൻ യോഗ്യരെന്നാണ് അഭിപ്രായപ്പെട്ടത്. ദക്ഷിണേന്ത്യയിലാകട്ടെ ഫെഡറൽ മുന്നണി നീക്കവുമായി സജീവമായി കെസിആർ യാത്ര തുടരുകയാണ്. കോൺഗ്രസിനെ ഒപ്പം കൂട്ടാതെ സഖ്യമില്ലെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പറഞ്ഞതിനെ കെസിആർ പൂർണമായി തള്ളിക്കളഞ്ഞിട്ടുമില്ല. തൂക്ക് സഭ വന്നാൽ ഉപപ്രധാനമന്ത്രി പദമാണ് കെസിആറിന്‍റെ ലക്ഷ്യമെന്നാണ് സൂചന. 

Read More: കെസിആറിന്‍റെ ലക്ഷ്യം ഉപപ്രധാനമന്ത്രിപദം? കോൺഗ്രസുമായുള്ള സഖ്യം തള്ളിപ്പറയില്ലെന്ന് സൂചന

താൻ തന്നെ പ്രധാനമന്ത്രിയാകുമെന്നും മുന്നൂറിലധികം സീറ്റുകൾ നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തുടർച്ചയായി പ്രചാരണം നടത്തുന്നതിനിടെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കുന്നത്. 

click me!