രാഹുൽ വയനാട്ടിൽ വന്നാൽ സ്നേഹത്തോടെ തോൽപിച്ച് കയ്യിൽ കൊടുക്കും: എം സ്വരാജ്

By Web TeamFirst Published Mar 24, 2019, 10:34 PM IST
Highlights

'വയനാട്ടിൽ രാഹുൽ മത്സരിക്കുമെന്ന് പാർട്ടിയുമായി ബന്ധമുള്ള പത്രം വായിച്ചാൽ തോന്നും. പി സി ചാക്കോയുടെ വാക്കുകൾ കേട്ടാൽ അതല്ലെന്ന് തോന്നും. ആരാണ് നിങ്ങളുടെ രാഷ്ട്രീയശത്രു?' എന്ന് സ്വരാജ്

ദില്ലി: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ വരുമ്പോൾ ദേശീയതലത്തിൽ അത് കൊടുക്കുന്ന സന്ദേശമെന്തെന്ന് സിപിഎം എംഎൽഎ എം സ്വരാജ്. രാഹുലിനെ എതിരിടേണ്ടി വരുന്നതിനെ ഇടതുപക്ഷത്തിന് ഒരു പേടിയുമില്ലെന്നും സ്നേഹത്തോടെ തോൽപിച്ച് കയ്യിൽ കൊടുത്ത് പറഞ്ഞുവിടുമെന്നും എം സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ പറഞ്ഞു.

രാഹുൽ വയനാട്ടിൽ വരുന്ന കാര്യത്തിൽ കോൺഗ്രസിൽ സർവത്ര ആശയക്കുഴപ്പമാണെന്നാണ് സ്വരാജ് ആരോപിക്കുന്നത്.  വയനാട്ടിൽ രാഹുൽ മത്സരിക്കുമെന്ന് പാർട്ടിയുമായി ബന്ധമുള്ള പത്രം വായിച്ചാൽ തോന്നും. പി സി ചാക്കോയുടെ വാക്കുകൾ കേട്ടാൽ അതല്ലെന്ന് തോന്നും. ആരാണ് നിങ്ങളുടെ രാഷ്ട്രീയശത്രു? നിലപാട് വ്യക്തമാക്കണം - സ്വരാജ് ആവശ്യപ്പെടുന്നു.

ബിജെപി ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ്. പ്രതിപക്ഷത്തെ വലിയ പാർട്ടിയെന്ന നിലയ്ക്ക് ഈ തെരഞ്ഞെടുപ്പിൽ നിങ്ങളുടെ ശത്രു ബിജെപി ആകേണ്ടതാണ്. എന്നാൽ നിങ്ങൾ ദേശീയാധ്യക്ഷനെ കേരളത്തിൽ മത്സരിക്കാൻ ഇറക്കുമ്പോൾ എന്താണ് നിങ്ങൾ ഇതിലൂടെ നൽകുന്ന സന്ദേശം? - സ്വരാജ് ചോദിക്കുന്നു.  

ബിജെപിക്കെതിരെ യെദ്യൂരപ്പയുടെ ഡയറി പുറത്ത് വന്നതിന്‍റെ രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ പോലും ശ്രമിക്കാതെ ഇത്തരം മണ്ടൻ പ്രഖ്യാപനങ്ങൾക്ക് പിറകെ പോകാനാണ് കോൺഗ്രസ് ശ്രമിച്ചത്. ദേശീയ തലത്തിൽ എന്ത് എന്ന് പോലും ചിന്തിക്കാതെയുള്ള നടപടി. ഇത്തരം മണ്ടൻ വാർത്തകൾ പുറത്ത് വരുന്നത് ആർക്കാണ് ക്ഷീണമുണ്ടാക്കുക? ഇത് കോൺഗ്രസിന്‍റെ അപക്വവും അബദ്ധവുമായ തീരുമാനമാണ്. - സ്വരാജ് ആരോപിച്ചു. 

 അധികം അഹങ്കാരം വേണ്ടെന്നാണ് കോൺഗ്രസിനോട് എം സ്വരാജ് പറയുന്നത്. സ്വന്തം നിലയ്ക്ക് ഉറപ്പായും കേന്ദ്രത്തിൽ സർക്കാരുണ്ടാക്കുമെന്ന് പറയാനുള്ള സ്ഥിതി ഇന്ന് കോൺഗ്രസിനില്ല. തമിഴ്‍നാട്ടിൽ കോൺഗ്രസിനൊപ്പം സിപിഎം എന്നല്ല, ഡിഎംകെ നേതൃത്വം കൊടുക്കുന്ന മുന്നണിയിൽ സിപിഎം ഉണ്ടെന്നാണ് പറയേണ്ടത്. കഴിഞ്ഞതിന് മുമ്പത്തെ തെരഞ്ഞെടുപ്പിൽ സിപിഐയ്ക്കും സിപിഎമ്മിനുമുള്ള സീറ്റുകൾ പോലും കോൺഗ്രസിനുണ്ടായിരുന്നില്ല. ഈ സ്ഥിതിയൊക്കെ മാറി വരും. - സ്വരാജ് പറയുന്നു.

click me!