
തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും ഉത്തർ പ്രദേശിലെ അമേഠിയിൽ നിന്നും ജയിച്ചാൽ ഏത് സീറ്റാകും നിലനിർത്തുക എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ലാതെ ടി സിദ്ദിഖ് ഒഴിഞ്ഞുമാറി. ന്യൂസ് അവർ ചർച്ചയിലാണ് ടി സിദ്ദിഖിന് നേരെ ഈ ചോദ്യമുയർന്നത്. രാഹുൽ ഗാന്ധി വയനാട് നിലനിർത്തുമെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി വയനാടിന്‍റെ വികസനത്തെക്കുറിച്ചാണ് ടി സിദ്ദിഖ് വിശദീകരിച്ചത്. വയനാട്ടിലെ ഹരിജനങ്ങളുടേയും ഗിരിജനങ്ങളുടേയും പ്രശ്നങ്ങളും യാത്രാക്ലേശവും വികസനമില്ലായ്മയും എല്ലാം രാഹുൽ വരുന്നതോടെ മാറും. വയനാടിന്‍റെ വികസനത്തിന്‍റെ ഗേറ്റ്വേയാണ് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം, ടി സിദ്ദിഖ് പറഞ്ഞു. വയനാട് രാഹുൽ ഗാന്ധി നിലനിർത്തുമോ എന്ന ചോദ്യം ആവർത്തിക്കപ്പെട്ടപ്പോൾ പാവപ്പെട്ടവരുടെ മണ്ണായ വയനാട് രാഹുൽ ഗാന്ധി നിലനിർത്തണം എന്നാണ് കോൺഗ്രസ് പാർട്ടിയുടെ ആഗ്രഹമെന്ന് ടി സിദ്ദിഖ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വരവോടുകൂടി കേരളത്തിൽ നിന്ന് ഒരൊറ്റ ഇടതുപക്ഷ സ്ഥാനാർത്ഥിയും പാർലമെന്‍റിൽ എത്തില്ലെന്ന് ഉറപ്പായെന്ന് ടി സിദ്ദിഖ് പറഞ്ഞു. അമേഠിയിൽ രാഹുൽ ഗാന്ധി തോറ്റുകാണണം എന്നാണ് സിപിഎം പ്രവർത്തകരുടെ മനസ്. ബിജെപിയുടെ മനസിലേക്ക് സിപിഎം എത്തിയിരിക്കുന്നുവെന്ന് ടി സിദ്ദിഖ് പറഞ്ഞു. ഒരേ നുകത്തിൽ കെട്ടിയപോലെയാണ് ബിജെപിയും സിപിഎമ്മും യാത്ര ചെയ്യുന്നത്. അമേഠിയിൽ ഇത്തവണ എസ്പി, ബിഎസ്പി സ്ഥാനാർത്ഥികൾ മത്സരിക്കുന്നില്ല, അവർ കാണിച്ച ആ സാമാന്യ മര്യാദ ഇടതുപക്ഷവും കേരളത്തിൽ കാണിക്കേണ്ടതായിരുന്നു. വയനാട്ടിലെ സ്ഥാനാർത്ഥിയെ പിന്‍വലിക്കുകയായിരുന്നു ഇടതുപക്ഷം ചെയ്യേണ്ടതെന്നും ടി സിദ്ദിഖ് ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.