രാജി വയ്ക്കാമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി: അരുതെന്ന് പ്രിയങ്കയും മുതിർന്ന നേതാക്കളും

By Web TeamFirst Published May 25, 2019, 1:05 PM IST
Highlights

പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാതെ, ബിജെപിയിൽ നിന്ന് പിടിച്ചെടുത്ത രാജസ്ഥാനും മധ്യപ്രദേശും പോലും കൈ വിട്ടതിൽ രാഹുലിന് കനത്ത നിരാശയുണ്ട്. ഈ സാഹചര്യത്തിലാണ് രാജി വയ്ക്കാമെന്ന് രാഹുൽ സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നത്. 

ദില്ലി: തോൽവി ചർച്ച ചെയ്യാൻ ചേർന്ന എഐസിസി പ്രവർത്ത സമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പടിയിറങ്ങാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചു. എന്നാൽ രാഹുൽ രാജി വയ്ക്കേണ്ടതില്ലെന്ന് മൻമോഹൻ സിംഗും പ്രിയങ്കാ ഗാന്ധിയും പറഞ്ഞുവെന്നാണ് വിവരം. രാഹുലിന്‍റെ രാജി എഐസിസി പ്രവർത്തകസമിതി തള്ളാനാണ് സാധ്യത.

രാജി വയ്ക്കുമെന്ന നിലപാടിൽ ശക്തമായി ഉറച്ചു നിന്നാൽ മാത്രമേ രാഹുൽ ഗാന്ധിയുടെ തീരുമാനം എഐസിസി അംഗീകരിക്കാൻ സാധ്യതയുള്ളൂ. എന്നാൽ, പ്രവർത്തകസമിതി അത് അംഗീകരിക്കാനുള്ള സാധ്യത വളരെക്കുറവാണ്. ഇപ്പോൾ രാജി വയ്ക്കുന്നത് താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് നല്ല സന്ദേശം നൽകില്ലെന്നും തീരുമാനം മാറ്റണമെന്നും സോണിയാഗാന്ധി രാഹുലിനോട് നേരത്തേ വ്യക്തമാക്കിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പുറത്തു വന്ന അന്നു തന്നെ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാൻ രാഹുൽ സന്നദ്ധത അറിയിച്ചിരുന്നു. അന്ന് എഐസിസി പ്രവ‍ർത്തക സമിതി ചേരും വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് രാഹുലിനോട് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. അന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ സംസാരിക്കുന്ന പോഡിയത്തിന് പുറത്ത് പ്രിയങ്കാ ഗാന്ധിയും നിൽക്കുന്നത് കാണാമായിരുന്നു. ആശങ്ക നിറഞ്ഞ മുഖവുമായാണ് അന്ന് പ്രിയങ്ക രാഹുലിന്‍റെ വാർത്താ സമ്മേളനത്തിനിടെ നിന്നത്. 

അതേസമയം വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മികച്ച ഭൂരിപക്ഷം നൽകി വിജയിപ്പിച്ചതിന് കേരളത്തിലെ ജനങ്ങളോട് രാഹുൽ നന്ദിയും പറഞ്ഞു. അമേഠിയിലെ തോൽവി അംഗീകരിക്കുന്നതായി പറഞ്ഞ രാഹുൽ സ്നേഹത്തോടെ സ്മൃതി സ്വന്തം മണ്ഡലം നോക്കട്ടെയെന്ന് ആശംസിക്കുന്നതായും പറഞ്ഞു.

''കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും നന്ദി. നരേന്ദ്രമോദി അധികാരത്തിൽ തുടരണമെന്ന് ജനങ്ങൾ തീരുമാനിച്ചു, അതിനെ ബഹുമാനിക്കുന്നു. ഇന്ന് തന്നെ ജനവിധിയെക്കുറിച്ച് വിശദമായി സംസാരിക്കാനാഗ്രഹിക്കുന്നില്ല. ഇത് ആശയങ്ങളുടെ പോരാട്ടമാണ്, പ്രവർത്തകർ ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്. ഭയപ്പെടരുത്, പോരാട്ടം അവസാനിക്കുന്നില്ല'', രാഹുൽ പറഞ്ഞു.

 

 

:2019- ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം

ഇതിനിടെ, രണ്ട് കോൺഗ്രസ് അധ്യക്ഷൻമാർ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കുന്നതായി രാഹുൽ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. യുപി കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബറും ഒഡിഷ പിസിസി അധ്യക്ഷൻ നിരഞ്ജൻ പട്‍നായികും. യുപിയിൽ 80-ൽ 62 സീറ്റുകൾ നേടി ബിജെപി മികച്ച വിജയം നേടിയിരുന്നു. അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സീറ്റിൽപ്പോലും വിജയം നൽകാനാകാത്തതിൽ തന്‍റെ കൂടി പ്രവർത്തനത്തിന്‍റെ വീഴ്ചയുണ്ടെന്ന് കാണിച്ചാണ് രാജ് ബബ്ബറിന്‍റെ രാജി. എസ്‍പിക്ക് ഇവിടെ അഞ്ച് സീറ്റുകളും ബിഎസ്‍പിക്ക് 9 സീറ്റുകളും മാത്രമാണ് കിട്ടിയത്. മഹാസഖ്യവും അങ്ങനെ ബിജെപിക്ക് മുന്നിൽ തകർന്നടിഞ്ഞു. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാലേമുക്കാൽ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അതേസമയം, ലോക്സഭാ, നിയമസഭാ തെര‍ഞ്ഞെടുപ്പുകൾ ഒന്നിച്ച് നടന്ന ഒഡിഷയിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. 

19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോൺഗ്രസ് പിഴുതെറിയപ്പെട്ടു. ആകെ കിട്ടിയത് 52 സീറ്റ് മാത്രമാണ്. ഗാന്ധി കുടുംബം ഒരിക്കൽ പോലും തോറ്റിട്ടില്ലാത്ത അമേഠി പോലും കൈവിട്ടു. വയനാട്ടിൽ മത്സരിച്ചതു കൊണ്ട് മാത്രം ലോക്സഭയിലെത്താമെന്ന ഗതികേടാണ് രാഹുലിന് പോലും. പ്രിയങ്കാ ഗാന്ധിയെ കളത്തിലിറക്കി നടത്തിയ പ്രചാരണവും ഫലം കണ്ടില്ല.

രാഹുലിന്‍റെ നേതൃത്വത്തിന് ഭീഷണിയുയർന്നില്ലെങ്കിൽപ്പോലും രാഹുലിന്‍റെ ടീമിനെതിരെ കടുത്ത അതൃപ്തിയുണ്ട് കോൺഗ്രസിനകത്ത് എന്നാണ് സൂചന. യുവാക്കൾക്കിടയിൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ രാഹുലിന് കഴിഞ്ഞില്ലെന്ന് ഒരു വിഭാഗം നേതാക്കൾക്ക് ആരോപണമുണ്ട്. പ്രകടനപത്രികയിൽപ്പോലും അഫ്സ്പ റദ്ദാക്കുമെന്നതടക്കമുള്ളതിനാണ് രാഹുലിന്‍റെ ടീം പ്രാധാന്യം നൽകിയത്. തീവ്ര ദേശീയത ഉയർത്തിയുള്ള മോദിയുടെ പ്രചാരണത്തിന് ബദൽ രൂപീകരിക്കാൻ രാഹുലിന്‍റെ ടീമിന് കഴിഞ്ഞതുമില്ല. 

നരേന്ദ്രമോദിയെ പ്രചാരണത്തിന്‍റെ എതിർവശത്ത് നിർത്തി, ചൗകീദാർ ചോർ ഹേ എന്ന മുദ്രാവാക്യം ഉയർത്തിയത് ശരിയായില്ലെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു. ഇനി എന്ത് വേണമെന്ന കാര്യം വിശദമായി പ്രവർത്തക സമിതിയിൽ ചർച്ച ചെയ്യണമെന്നും പാർട്ടിക്കകത്ത് തന്നെ ആവശ്യമുയരുന്നുണ്ട്. 

ഒഡിഷ, രാജസ്ഥാൻ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഒരു സീറ്റ് പോലും കോൺഗ്രസിന് കിട്ടിയില്ല. 19 സംസ്ഥാനങ്ങളിൽ പൂർണമായും അടി തെറ്റി. കേരളത്തിൽ 15 സീറ്റുകളും, തമിഴ്‍നാട്ടിലും പഞ്ചാബിലും എട്ട് സീറ്റുകളും ഉണ്ടായിരുന്നെങ്കിൽ സീറ്റുകളുടെ എണ്ണം 20 ആയേനെ. ദക്ഷിണേന്ത്യൻ പാർട്ടിയായി കോൺഗ്രസ് ഒതുങ്ങിയോ എന്ന വിമർശനമാണുയരുന്നത്. പഞ്ചാബ് മാത്രമാണ് ഇതിനൊരു അപവാദം.

ഡിസംബറിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി കണക്കാക്കപ്പെട്ടിരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയിൽ നിന്ന് പിടിച്ചെടുത്ത സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനിൽ ഒരു സീറ്റ് പോലും നേടാനാകാതെ പോയതും, മധ്യപ്രദേശിൽ ഒരേയൊരു സീറ്റ് മാത്രം കിട്ടിയതും നാണക്കേടായി. തമിഴ്‍നാട്ടിൽ നല്ല പ്രകടനം നടത്തിയത് യഥാർത്ഥത്തിൽ ഡിഎംകെയുടെ സഹായം കൊണ്ടും ഭരണവിരുദ്ധ വികാരം കൊണ്ടുമാണ്. 

കർണാടകയിൽ സഖ്യസർക്കാർ കടുത്ത ഭീഷണിയിലാണ്. കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളാണ് അവിടെ തോറ്റത്. മല്ലികാർജുൻ ഖർഗെയും വീരപ്പ മൊയ്‍ലിയും. മധ്യപ്രദേശിൽ ദിഗ്‍വിജയ് സിംഗും ഭൂപീന്ദർ സിംഗ് ഹൂഡയും ഹരിയാനയിൽ കുമാരി ഷെൽജയും തോറ്റു. അശോക് ചവാനും സുശീൽ കുമാർ ഷിൻഡെയും മഹാരാഷ്ട്രയിൽ അടിതെറ്റി വീണു. മുൻ സ്പീക്കർ മീര കുമാർ ബിഹാറിൽ തോറ്റു. ചണ്ഡീഗഢിൽ പവൻകുമാർ ബൻസൽ പരാജയപ്പെട്ടു. ദില്ലിയിൽ ഷീലാ ദീക്ഷിതും അജയ് മാക്കനും തോറ്റു. യുപിയിൽ സൽമാൻ ഖുർഷിദും രാജ് ബബ്ബറും ശ്രീ പ്രകാശ് ജയ്‍സ്‍വാളും തോറ്റു. 

യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയും സുഷ്മിത ദേവും ദീപേന്ദർ ഹൂഡയും മിലിന്ദ് ദേവ്‍റയും ജിതൻ പ്രസാദയും തോറ്റു.

click me!