മായാവതിയുടെ 'മുസ്ലീം വോട്ട്' പ്രസ്താവന: ഹിന്ദു ധ്രുവീകരണത്തിന് ബിജെപി ശ്രമം

By Web TeamFirst Published Apr 9, 2019, 6:19 AM IST
Highlights

മായാവതിയുടെ നിർദ്ദേശം പശ്ചിമ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയേക്കും. രണ്ടായിരത്തി പതിനാലിലെ വോട്ടു വിഭജനം ഒഴിവാക്കാനാണ് മായാവതിയുടെ നീക്കം
 

ലഖ്നൗ: മുസ്ലിങ്ങൾ ഒറ്റക്കെട്ടായി എസ്പി , ബിഎസ്പി സഖ്യത്തിന് വോട്ടു ചെയ്യണം എന്ന മായാവതിയുടെ നിർദ്ദേശം പശ്ചിമ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയേക്കും. രണ്ടായിരത്തി പതിനാലിലെ വോട്ടു വിഭജനം ഒഴിവാക്കാനാണ് മായാവതിയുടെ നീക്കം. അതേസമയം മറ്റു മേഖലകളിൽ ഹിന്ദുധ്രുവീകരണം ശക്തമാക്കാൻ ഇത് ആയുധമാക്കാനാണ് ബിജെപി നീക്കം

ഉത്തർപ്രദേശിന്‍റെ ജനസംഖ്യയിൽ 19 ശതമാനം മുസ്ലിംങ്ങളാണ്. നാലു കോടി നാല്പതു ലക്ഷം മുസ്ലിംങ്ങൾ. എന്നാൽ രാജ്യത്ത് മുസ്ലിംങ്ങൾ ഭൂരിപക്ഷമായ 15 മണ്ഡലങ്ങളിൽ ഒന്നു പോലും ഉത്തർപ്രദേശിൽ ഇല്ല. നാല്പതു മുതൽ അമ്പതു ശതമാനം വരെയും മുപ്പതുമുതൽ നാല്പതു ശതമാനം വരെയും ന്യൂനപക്ഷങ്ങളുള്ള 25 മണ്ഡലങ്ങൾ യുപിയിലുണ്ട്. മായാവതിയുടെ ജാട്ട്, എസ്പിയുടെ യാദവ് വോട്ടു ബാങ്കിനൊപ്പം മുസ്ലിം വിഭാഗം ഒറ്റക്കെട്ടായി വോട്ടു ചെയ്താൽ 45 സീറ്റിൽ മഹാസഖ്യത്തിന് വിജയം ഉറപ്പ്. ഇത് തിരിച്ചറിഞ്ഞായിരുന്നു മായാവതിയുടെ ആഹ്വാനം

സഹരൻപൂരിൽ ബിഎസ്പി സ്ഥാനാർത്ഥി ഹാജി ഫസലൂർ റഹ്മാൻ, കടുത്ത മത്സരം നേരിടുന്ന ബിജെപിയുെ രാഘവ് ലഘൻപാലിൻറെ പ്രതീക്ഷ കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ മസൂദിലാണ്. മുസ്ലിം വോട്ടുകൾ കോൺഗ്രസിനും ബിഎസ്പിക്കും ഇടയിൽ വിഭജിച്ചു പോയാൽ വിജയം ബിജെപിക്കാവും. ഇക്കാര്യത്തിൽ വ്യക്തമായ മുന്നറിയിപ്പ് നല്കാനാണ് മായാവതി ശ്രമിച്ചത്. 

ഇതോടെ പശ്ചിമ യുപിയിൽ സഖ്യം നേട്ടമുണ്ടാക്കാൻ തന്നെയാണ് സാധ്യത. എന്നാൽ കഴിഞ്‍ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-എസ്പി സഖ്യം സമാന നിർദ്ദേശം മുന്നോട്ടു വച്ചത് ബിജെപിക്കനുകൂലമായ ഹിന്ദുധ്രുവീകരണത്തിന് ഇടയാക്കിയിരുന്നു. മുസ്ലിം വോട്ടുകൾ സഖ്യത്തിന് കിട്ടിയിട്ടും അന്ന് ബിജെപി വൻ വിജയം നേടി. ഈ സ്ഥിതി ആവർത്തിച്ചാൽ ബിജെപിക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല.
 

click me!