
കൊച്ചി: യു ഡി എഫ് പോസ്റ്ററില്‍ തന്റെ അമ്മാവന്റെ ചിത്രം തെറ്റിദ്ധരിപ്പിച്ച് ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ നേതാവ് രംഗത്ത്. ഡിവൈഎഫ്‌ഐ ചെല്ലാനം മേഖലാ പ്രസിഡന്റ് ലാല്‍സണ്‍ അലോഷ്യസാണ് ഇക്കാര്യം ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ചെല്ലാനത്തെ വേങ്ങശ്ശേരില്‍ ജേക്കബ് റാഫേല്‍ എന്നയാളുടെ ചിത്രം ഉപയോഗിച്ചാണ് യുഡിഎഫ് പ്രചാരണ പോസ്റ്റര്‍ പുറത്തിറങ്ങിയത്.
എന്നാല്‍, ആരോപണത്തില്‍ കഴമ്പില്ലെന്നും മോഡലായ ജേക്കബ് റാഫേലിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ചിത്രം ഉപയോഗിച്ചതെന്നും പോസ്റ്റര്‍ തയ്യാറാക്കിയ ഏജന്‍സി വ്യക്തമാക്കി. സമ്മതപത്രം ഒപ്പിട്ട ശേഷമാണ് ഫോട്ടോ ഷൂട്ടുമായി റാഫേല്‍ സഹകരിച്ചത്. ഫോട്ടോഷൂട്ടുമായി സഹകരിച്ചതിന് റാഫേല്‍ പ്രതിഫലം പറ്റിയിട്ടുണ്ടെന്നും ഏജന്‍സി അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
'എനിക്കറിയണം, നിങ്ങളുണ്ടാക്കിയതല്ലേ പ്രളയം' എന്ന അടിക്കുറിപ്പിനൊപ്പമാണ് അണക്കെട്ടിലേക്ക് കൈചൂണ്ടി നില്‍ക്കുന്ന റാഫേലിന്റെ ചിത്രമുള്ള പോസ്റ്റര്‍ യുഡിഎഫ് കേരളം എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെയാണ് തന്റെ അമ്മാവന്റെ ചിത്രം ദുരുപയോഗിച്ചതായി ആരോപിച്ച് ഡി വൈ എഫ് ഐ നേതാവ് ഫേസ്ബുക്കില്‍ രംഗത്തുവന്നത്.
'വി ജെ റാഫേല്‍ പ്രളയം ബാധിച്ച ഹൈറേഞ്ച് നിവാസിയോ ഇടനാട് പ്രദേശവാസിയോ അല്ല, കൊച്ചിയിലെ ചെല്ലാനം എന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ സാധാരണക്കാരനാണ് എന്ന് ലാല്‍സണ്‍ ഫേസ്ബുക്കില്‍ എഴുതി. വൈകുന്നേരം പതിവായി അമ്മാവന്‍ അടുത്തുള്ള ഗാസ്പര്‍ ചേട്ടന്റെ കടയില്‍ ചായ കുടിക്കാന്‍ പോകാറുണ്ട്. കഴിഞ്ഞ ദിവസം ചായക്കടയുടെ പരിസരത്ത് സിനിമാ ഷൂട്ടിംഗ് എന്ന പേരില്‍ ഫോട്ടോ ഷൂട്ട് നടന്നിരുന്നുവെന്നും 'ചേട്ടനു ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാമോ?' എന്ന് ചോദിച്ച് ചിലര്‍ വി ജെ റാഫേലിനെ സമീപിച്ചെന്നും ലാല്‍സണ്‍ പറയുന്നു. ഫോട്ടോ ഷൂട്ടിന് വന്നവര്‍ 'ചേട്ടാ ഒന്നു കൈ ചൂണ്ടി നില്‍ക്കാമോ' എന്ന് ചോദിച്ച് തെറ്റിദ്ധരിപ്പിച്ച് എടുത്ത ചിത്രമാണ് ഇപ്പോള്‍ ഫോട്ടോഷോപ്പ് ചെയ്ത് അണക്കെട്ടിന്റെ ചിത്രത്തിനൊപ്പം ചേര്‍ത്തുവച്ച് യുഡിഎഫിന്റെ പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്നും ലാല്‍സണ്‍ ആരോപിച്ചു. പത്ത് വോട്ടിനുവേണ്ടി എന്ത് തറവേലയും കാണിക്കുന്ന കൂട്ടരാണെന്ന് അറിയാമെങ്കിലും ഇത്തരത്തില്‍ അധപ്പതിക്കുന്നത് കാണുമ്പോള്‍ അറപ്പ് തോന്നുന്നുവെന്നും ലാല്‍സണ്‍ ഫേസ്ബുക്കില്‍ എഴുതി. ഇതിലും ഭേദം കഠാരയെടുത്ത് കക്കാന്‍ ഇറങ്ങുന്നതായിരുന്നു എന്നാണ് ലാല്‍സണ്‍ അലോഷ്യസിന്റെ പരിഹാസം.
ലാല്‍സണ്‍ അലോഷ്യസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്നാല്‍, ഈ ഫേസ്ബുക്ക് പോസ്റ്റ് വാസ്തവ വിരുദ്ധമാണെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കാമ്പെയ്ന്‍ നടത്താന്‍ ചുമതലപ്പെടുത്തിയ ഏജന്‍സി വ്യക്തമാക്കി. പോസ്റ്ററില്‍ മോഡല്‍ ആയി വന്ന വ്യക്തിക്ക് താന്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യവുമായി സഹകരിക്കുകയാണെന്ന് ബോധ്യമുണ്ടായിരുന്നു. ഇക്കാര്യം ബോധ്യപ്പെടുത്തി അദ്ദേഹം സമ്മതപത്രം ഒപ്പിട്ടിരുന്നു. അതിന് ശേഷമാണ് ഫോട്ടോ ഷൂട്ടുമായി മോഡല്‍ സഹകരിച്ചത്. ഫോട്ടോഷൂട്ടുമായി സഹകരിച്ചതിന് അദ്ദേഹം പ്രതിഫലം പറ്റിയിട്ടുണ്ടെന്നും ഏജന്‍സി പറയുന്നു. വി ജെ റാഫേലിനെ ബന്ധപ്പെടാന്‍ ഏഷ്യാനെറ്റ് ന്യൂസ്ഓണ്‍ലൈന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിന് പോയിരിക്കുകയാണ് എന്നാണ് ലാല്‍സണ്‍ നല്‍കുന്ന വിവരം.