
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദി തരാമെന്ന് പറഞ്ഞ പതിനഞ്ച് ലക്ഷം രൂപ കിട്ടിയോ എന്ന് യുവാവിനോട് ചോദ്യം ചോദിച്ച് വെട്ടിലായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയുമായ ദിഗ്‌വിജയ് സിങ്. ഭോപ്പാലിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് നേതാവ് വെട്ടിലായത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പ്രസംഗത്തിനിടെ ആൾക്കൂട്ടത്തോട് മോദി തരാമെന്ന് പറഞ്ഞ പതിനഞ്ച് ലക്ഷം കിട്ടിയോ എന്ന് ദിഗ്‌വിജയ് സിങ് ചോദിക്കുകയായിരുന്നു. സദസിലിരുന്ന് മറുപടി വിളിച്ചു പറഞ്ഞ യുവാവിനെ ദിഗ്‌വിജയ് സിങ് വേദിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ മോദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തീവ്രവാദികളെ കൊന്നുവെന്നായിരുന്നു യുവാവിന്റെ പ്രതികരണം. ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന മറ്റൊരു നേതാവ് യുവാവിനെ പിടിച്ചു മാറ്റുകയായിരുന്നു.
യുവാവ് സ്‌റ്റേജില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ തനിക്ക് പതിനഞ്ച് ലക്ഷം രൂപ കിട്ടിയോ എന്നല്ലേ ഞാൻ ചോദിച്ചതെന്ന് സിങ് ദേഷ്യത്തോടെ ചോദിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.