
രാജ്യത്തെ ഡിജിറ്റൽ വായ്പാ രംഗത്ത് വലിയ ചുവടുവെപ്പുമായി ഭാരതി എയർടെൽ. തങ്ങളുടെ ഇതര ധനകാര്യ സ്ഥാപനമായ എയർടെൽ മണി ലിമിറ്റഡിൽ 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. വരും വർഷങ്ങളിലായിരിക്കും ഈ തുക നിക്ഷേപിക്കുക. ഇതിൽ 70 ശതമാനം എയർടെല്ലും ബാക്കി 30 ശതമാനം പ്രൊമോട്ടർ ഗ്രൂപ്പായ ഭാരതി എന്റർപ്രൈസസ് ലിമിറ്റഡും നൽകും.
2026 ഫെബ്രുവരി 13-നാണ് എയർടെൽ മണിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എൻബിഎഫ്‌സി ലൈസൻസ് ലഭിച്ചത്. കമ്പനിയുടെ ശക്തമായ ഡിജിറ്റൽ സംവിധാനങ്ങൾ, 500-ൽ അധികം ഡാറ്റാ സയന്റിസ്റ്റുകൾ ഉൾപ്പെടുന്ന ഡാറ്റാ അനലിറ്റിക്‌സ് ടീം, പ്രവർത്തന വൈദഗ്ധ്യം എന്നിവ ഉപയോഗിച്ച് ഇന്ത്യയിലുടനീളം ലളിതവും സുരക്ഷിതവുമായ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ എയർടെൽ മികച്ച ഒരു ക്രെഡിറ്റ് സംവിധാനം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയുള്ള ഈ വായ്പാ സേവനം ഇന്ത്യയിലെ ഏറ്റവും മികച്ച ലെൻഡിംഗ് സർവീസ് പ്രൊവൈഡർ മാതൃകകളിലൊന്നായി മാറിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം വഴി ഇതിനകം 9,000 കോടിയിലധികം രൂപയുടെ വായ്പകൾ വിതരണം ചെയ്തു. മികച്ച തിരിച്ചടവ് നിരക്കും കൃത്യമായ വിലയിരുത്തലുകളും തത്സമയ റിസ്ക് നിരീക്ഷണവും ഇതിന്റെ പ്രത്യേകതകളാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടു വർഷത്തെ ഞങ്ങളുടെ എൽഎസ്പി പ്ലാറ്റ്‌ഫോമിന്റെ വിജയം, സാങ്കേതികവിദ്യയും ഡാറ്റയും ഉപഭോക്തൃ വിശ്വാസവും ഒരുമിപ്പിച്ച് രാജ്യവ്യാപകമായി വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഞങ്ങളുടെ കഴിവിന്റെ തെളിവാണെന്ന് ഭാരതി എയർടെൽ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഗോപാൽ വിറ്റൽ പറഞ്ഞു . മികച്ച പ്രകടനം കാഴ്ചവെക്കുന്ന, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഡിജിറ്റൽ ക്രെഡിറ്റ് സംവിധാനങ്ങളിലൊന്ന് ഞങ്ങൾ നിർമ്മിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എൻബിഎഫ്‌സിയുടെ വായ്പാ വിതരണ പ്രക്രിയ നിലവിലുള്ള എൽഎസ്പി പ്ലാറ്റ്‌ഫോമുമായി തടസ്സങ്ങളില്ലാതെ സംയോജിപ്പിക്കും. അതേസമയം, ഉപഭോക്താവിന് മികച്ച അനുഭവം നൽകുന്നതിനായി രണ്ടിന്റെയും പ്രവർത്തനങ്ങളിൽ വ്യക്തമായ വേർതിരിവ് നിലനിർത്തും. സാങ്കേതികവിദ്യ, ഡാറ്റ, ഉപഭോക്താക്കളെക്കുറിച്ചുള്ള ധാരണ എന്നിവ ഒരുമിപ്പിച്ച് ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക സേവന രംഗത്ത് പുതിയൊരു നിലവാരം സ്ഥാപിക്കുകയാണ് എയർടെൽ ലക്ഷ്യമിടുന്നത്.