ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ബിസിനസ് ലോണ്‍ വിലക്കിയതെന്തിന്? അമേരിക്കയില്‍ ഇന്ത്യന്‍ സംരംഭകര്‍ക്ക് ട്രംപിന്റെ പ്രഹരം

Published : Feb 23, 2026, 06:53 PM IST
Trump Downplays Pakistan During Gaza Peace Meet with Shehbaz Sharif

Synopsis

പുതിയ നയമനുസരിച്ച്, വായ്പയ്ക്കായി അപേക്ഷിക്കുന്ന സ്ഥാപനത്തിന്റെ നൂറു ശതമാനം ഉടമസ്ഥാവകാശവും അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ആയിരിക്കണം.

 

അമേരിക്കയില്‍ സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് കനത്ത തിരിച്ചടിയായി ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയം. ചെറുകിട ബിസിനസ് വായ്പകള്‍ നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ സ്‌മോള്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (എസ്ബിഎ), ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെയുള്ള വിദേശ പൗരന്മാര്‍ക്ക് വായ്പ നല്‍കുന്നത് വിലക്കി ഉത്തരവിറക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' (അമേരിക്കക്കാര്‍ക്ക് മുന്‍ഗണന) നയത്തിന്റെ ഭാഗമായാണ് ഈ കര്‍ശന നിയന്ത്രണം.

നൂറു ശതമാനം ഉടമസ്ഥതയും അമേരിക്കക്കാര്‍ക്ക്

പുതിയ നയമനുസരിച്ച്, വായ്പയ്ക്കായി അപേക്ഷിക്കുന്ന സ്ഥാപനത്തിന്റെ നൂറു ശതമാനം ഉടമസ്ഥാവകാശവും അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ആയിരിക്കണം. ഇവര്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരായിരിക്കണമെന്നും നിബന്ധനയുണ്ട്. നിയമപരമായി അമേരിക്കയില്‍ താമസിക്കുന്ന ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ശതമാനം പോലും ഉടമസ്ഥാവകാശമുള്ള സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ എസ്ബിഎ വായ്പ ലഭിക്കില്ല. 2026 മാര്‍ച്ച് 1 മുതല്‍ പുതിയ നിയമം നടപ്പിലാകും. മുന്‍പ് സ്ഥാപനങ്ങളില്‍ അഞ്ച് ശതമാനം വരെ വിദേശ പങ്കാളിത്തം അനുവദനീയമായിരുന്നു. ഈ ഇളവാണ് ഇപ്പോള്‍ റദ്ദാക്കിയത്.

വിറങ്ങലിച്ച് ഹോട്ടല്‍ വ്യവസായം

അമേരിക്കയിലെ ഹോട്ടല്‍ വ്യവസായത്തിന്റെ നട്ടെല്ലായ ഇന്ത്യന്‍ വംശജരെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക. യുഎസിലെ ഹോട്ടലുകളില്‍ 60 ശതമാനവും ഇന്ത്യന്‍ വംശജരുടെ ഉടമസ്ഥതയിലുള്ളതാണ്. പ്രതിവര്‍ഷം 15,000 കോടി ഡോളറിലധികം (ഏകദേശം 12.5 ലക്ഷം കോടി രൂപ) വരുമാനം നേടുന്ന ഇന്ത്യന്‍ സംരംഭങ്ങള്‍ എട്ടു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. പുതിയ നിബന്ധന വരുന്നതോടെ ബിസിനസ് വിപുലീകരണത്തിന് വായ്പ ലഭിക്കാതെ ഇവര്‍ പ്രതിസന്ധിയിലാകും.

'അമേരിക്കന്‍ സ്വപ്നത്തിന് തിരിച്ചടി'

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയായാണ് ഈ നീക്കത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ കാണുന്നത്. നിയമപരമായി കുടിയേറി അമേരിക്കന്‍ സ്വപ്നം സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നവരെ വേട്ടയാടുന്ന നടപടിയാണിതെന്ന് സെനറ്റ് സ്‌മോള്‍ ബിസിനസ് കമ്മിറ്റി അംഗങ്ങള്‍ കുറ്റപ്പെടുത്തി. പല സംരംഭകര്‍ക്കും തങ്ങളുടെ ബിസിനസ് നിലനിര്‍ത്താന്‍ ഉടമസ്ഥാവകാശം അമേരിക്കന്‍ പൗരന്മാരിലേക്ക് മാറ്റുകയോ ഉയര്‍ന്ന പലിശയ്ക്ക് സ്വകാര്യ വായ്പകളെ ആശ്രയിക്കുകയോ ചെയ്യേണ്ടി വരും. 2024-ലെ കണക്കനുസരിച്ച് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നവരില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. അമേരിക്കയിലെ ചെറുകിട ബിസിനസ് ഉടമകളില്‍ പത്തില്‍ നാലുപേരും വിദേശത്തുനിന്നു കുടിയേറിയവരാണെന്നിരിക്കെ, പുതിയ നിയമം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ആ ഓര്‍മ്മകള്‍ അതിവേദനാജനകം'; ബില്‍ ഗേറ്റ്സുമായുള്ള വിവാഹമോചനത്തിന് പിന്നില്‍ എപ്സ്റ്റീന്‍ ബന്ധമെന്ന് മെലിന്‍ഡ
ചൈനയെ വെട്ടാന്‍ ഇന്ത്യ; ലിഥിയം തേടി 4 പ്രമുഖ രാജ്യങ്ങളുമായി ചര്‍ച്ച; തന്ത്രപ്രധാന നീക്കം