സീറോ കൊവിഡ് നയം; 20,000 തൊഴിലാളികള്‍ കമ്പനി വിട്ടു; ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ പ്ലാന്‍റില്‍ പ്രതിസന്ധി

By Web TeamFirst Published Nov 25, 2022, 2:40 PM IST
Highlights

 ഷെങ്ഷൗവിലെ ഫോക്സകോണ്‍ ഐ പ്ലാന്‍റില്‍ നിന്നും 20,000 ജീവനക്കാര്‍ ഒറ്റയടിക്ക് പുറത്ത് പോകുമ്പോള്‍ അത് ഉല്‍പാദനത്തെയും ബാധിക്കും. 


ബീജിംഗ്:  ചൈനയില്‍ നാള്‍ക്കുനാള്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ പുതിയ പ്രതിസന്ധികളും ഉടലെടുക്കുകയാണ്. കൊവിഡ് വ്യാപനം തടയാന്‍ ചൈന സ്വീകരിച്ച സീറോ കൊവിഡ് നയം രോഗവ്യാപനത്തിന്‍റെ ആദ്യ കാലങ്ങളില്‍ ചൈനയില്‍ കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹായിച്ചിരുന്നു. മറ്റ് രാജ്യങ്ങളില്‍ രോഗവ്യാപനം രൂക്ഷമായപ്പോഴൊക്കെ ചൈനയില്‍ രോഗവ്യാപനം വളരെ കുറവായിരുന്നു. എന്നാല്‍, ഇന്ന് മറ്റ് രാജ്യങ്ങളില്‍ രോഗവ്യാപനം കുറഞ്ഞപ്പോള്‍ ചൈനയില്‍ ശക്തമായ രോഗവ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിന്‍റെ ഫലമായി ചൈനയില്‍ നിയന്ത്രണങ്ങളും ശക്തമാക്കി. എന്നാല്‍, നിയന്ത്രണങ്ങളില്‍ സഹികെട്ട ജനങ്ങള്‍ പല നഗരങ്ങളിലും ആരോഗ്യപ്രവര്‍ത്തകരുമായും പൊലീസുമായും സംഘര്‍ഷത്തിലേര്‍പ്പെട്ടെന്ന വാര്‍ത്തകളും പുറത്ത് വന്നു. ഇതില്‍ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന ഷെങ്ഷൗ നഗരത്തിലെ ഫോക്സകോണിന്‍റെ ഐ ഫോണ്‍ പ്ലാന്‍റില്‍ നിന്നും പുതുതായി ജോലിയില്‍ പ്രവേശിച്ച 20,000 തൊഴിലാളികള്‍ ജോലി വിട്ടെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. 

CHINA: Protests getting out of hand at Foxconn iPhone plant in Zhengzhou tonight where workers are rebelling against Covid harsh restrictions and work environment pic.twitter.com/xwe2oAHYge

— Joyce Karam (@Joyce_Karam)

ഇതോടെ പുതിയ ഐ ഫോണിന്‍റെ ഉല്‍പാദനം കുറയുമെന്ന ആശങ്ക പടര്‍ന്നു. നവംബര്‍ അവസാനത്തോടെ പൂര്‍ണ്ണ തോതില്‍ ഉല്‍പാദനം തുടങ്ങുമെന്നറിയിച്ചിരുന്ന കമ്പനി വീണ്ടും പ്രതിസന്ധിയിലായെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഷെങ്ഷൗവില്‍ കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ ലോക്ഡൗണ്‍‌ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നഗരത്തിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതോടെയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. ഇതേ സമയം പുതുതായി ജോലിയില്‍ പ്രവേശിച്ച  ഫോക്സകോണിലെ തോഴിലാളികളികള്‍ തങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ശമ്പളവും നിഷേധിക്കുന്നുവെന്ന് ആരോപിച്ച് പ്രകടനത്തിന് മുതിര്‍ന്നു. അതോടൊപ്പം കൊവിഡ് സ്ഥിരീകരിച്ചവരോടൊപ്പം താമസിക്കാന്‍ രോഗബാധിതരല്ലാത്തവരെയും നിര്‍ബന്ധിക്കുന്നുവെന്നും തൊഴിലാളികള്‍ ആരോപിച്ചു. ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് തൊഴിലാളികളെ മര്‍ദ്ദിക്കുന്നതടക്കമുള്ള വീഡിയോകള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പിന്നാലെ കമ്പനി വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 10,000 യുവാൻ (1,14,000 രൂപ) ഫോക്സകോണ്‍ വാഗ്ദാനം ചെയ്തു.

 

FOXCONN WOES COULD HIT AT LEAST 30% OF IPHONE NOV SHIPMENTS FROM CHINA PLANT - RTRS
pic.twitter.com/bI52x73U02

— Russian Market (@runews)

പുതിയ തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്ത ശമ്പളം സാങ്കേതിക പിഴവിനാല്‍ നല്‍കാന്‍ കഴിയാത്തതില്‍ ഫോക്സോണ്‍ നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിരിഞ്ഞ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്തത്.  തുടര്‍ന്ന് കമ്പനിയില്‍ നിന്നും 20,000 ത്തോളം തൊഴിലാളികള്‍ പുറത്ത് പോയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രീമിയം ഐഫോൺ മോഡലുകൾ ഫോക്‌സ്‌കോൺ നിർമ്മിക്കുന്നത് ഈ കമ്പനിയിലാണ്. കൂടാതെ ലോകത്തിലെ എല്ലാ ഐഫോൺ കയറ്റുമതിയുടെയും 70 % വും ഷെങ്‌ഷോ പ്ലാന്‍റിലാണ്. ഷെങ്ഷൗവിലെ ഫോക്സകോണ്‍ ഐ പ്ലാന്‍റില്‍ നിന്നും 20,000 ജീവനക്കാര്‍ ഒറ്റയടിക്ക് പുറത്ത് പോകുമ്പോള്‍ അത് ഉല്‍പാദനത്തെയും ബാധിക്കും. പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്തെന്നും ഉല്‍പാദനം കുറയില്ലെന്നും കമ്പനി പറയുമ്പോഴും പുതിയ തൊഴിലാളികള്‍ക്ക് പരിശീലനത്തിനും മറ്റുമായി സമയം ആവശ്യമാണെന്നും ഇത് ഉല്‍പാദനത്തില്‍ കുറവ് വരുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

click me!