ഓട്ടോയുടെ മീറ്ററിൽ 39 രൂപ, ഊബറിൽ 172 രൂപ! വൈറലായി യാത്രക്കാരിയുടെ പോസ്റ്റ്, ഏതാണ് ലാഭം?

Published : Jul 08, 2025, 05:09 PM IST
delhi auto

Synopsis

2.6 കിലോമീറ്റര്‍ ദൂരത്തിന് ഓട്ടോ മീറ്ററില്‍ 39 രൂപ രേഖപ്പെടുത്തിയപ്പോള്‍, ഊബര്‍ ആപ്പില്‍ 172 രൂപയാണ് കാണിച്ചത്.

ബെംഗളൂരുവില്‍ ബൈക്ക് ടാക്‌സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ താളം തെറ്റുകയും ചെയ്തതോടെ, മീറ്റര്‍ ഉപയോഗിച്ചുള്ള ഓട്ടോയുടെ നിരക്കും ആപ്പ് വഴിയുള്ള നിരക്കും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു യുവതിയുടെ പോസ്റ്റ് ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് . എക്‌സില്‍ (നേരത്തെ ട്വിറ്റര്‍) പങ്കുവെച്ച ഒരു പോസ്റ്റിലാണ് ബെംഗളൂരുവിലെ യുവതി തന്റെ അനുഭവം വിവരിച്ചത്. യാത്രയുടെ ചിത്രവും യുവതി പങ്കുവെച്ചിട്ടുണ്ട്. 2.6 കിലോമീറ്റര്‍ ദൂരത്തിന് ഓട്ടോ മീറ്ററില്‍ 39 രൂപ രേഖപ്പെടുത്തിയപ്പോള്‍, ഊബര്‍ ആപ്പില്‍ 172 രൂപയാണ് കാണിച്ചത്. ഇത് മീറ്റര്‍ നിരക്കിന്റെ നാലിരട്ടിയിലധികം വരുമെന്നും യുവതി ചൂണ്ടിക്കാട്ടി.

എക്‌സ് ഉപയോക്താക്കളുടെ പ്രതികരണം

ഈ പോസ്റ്റ് അതിവേഗം പ്രചരിക്കുകയും നിരവധി എക്‌സ് ഉപയോക്താക്കള്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. 'മീറ്റര്‍ ഇടാന്‍ സമ്മതിച്ച ഓട്ടോയെ കണ്ടെത്തിയല്ലോ,' ഒരാള്‍ കമന്റ് ചെയ്തു. ഇതിന് മറുപടിയായി, 'യഥാര്‍ത്ഥ നിരക്ക്് കാണാന്‍ മീറ്റര്‍ ഇടാന്‍ ഞാന്‍ ആവശ്യപ്പെട്ടതാണ്,' എന്ന് യുവതി വ്യക്തമാക്കി.

ചില ഉപയോക്താക്കള്‍ ആപ്പ് വഴിയുള്ള നിരക്കുകളെ ന്യായീകരിക്കാന്‍ ശ്രമിച്ചു. 'ഊബര്‍ നിരക്കുകള്‍ ആവശ്യകതയെയും ലഭ്യതയെയും ആശ്രയിച്ചിരിക്കുന്നു, എന്നാല്‍ മീറ്റര്‍ നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചതാണ്,' ഒരു ഉപയോക്താവ് വിശദീകരിച്ചു. 'എന്നാല്‍ സര്‍ക്കാര്‍ ബൈക്ക് ടാക്‌സികള്‍ നിരോധിക്കുകയും അന്യസംസ്ഥാനക്കാരായ ഓട്ടോ ഡ്രൈവര്‍മാരെ ഒഴിവാക്കുകയും ചെയ്യുമ്പോള്‍ ആ ന്യായീകരണവും പരാജയപ്പെടുന്നു. ഇതെല്ലാം ഓട്ടോ മാഫിയയുടെ നിയന്ത്രണത്തിലാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റൊരു യാത്രികന്‍ തന്റെ സമീപകാല അനുഭവം പങ്കുവെച്ചു: 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഊബറില്‍ മീറ്റര്‍ നിരക്കിനോട് ചേര്‍ന്നുള്ള നിരക്കുകള്‍ കാണിക്കുന്നുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ യാത്രക്ക് തയാറാകുന്നില്ല. യഥാര്‍ത്ഥ നിരക്കിനേക്കാള്‍ 50 രൂപ കൂടുതലുണ്ടെങ്കില്‍ മാത്രമേ ഓലയും നമ്മ യാത്രിയും യാത്രക്ക് തയാറാകുന്നുള്ളൂ എന്നും അദ്ദേഹം പറയുന്നു. ബെംഗളൂരുവില്‍ സ്വന്തമായി വാഹനം ഉണ്ടായിരിക്കുന്നതും ഒരു പരിഹാരമല്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. 'ഈ ട്രാഫിക്കില്‍ സ്വന്തം വാഹനത്തിന് പോലും 9 കിലോമീറ്ററില്‍ താഴെ മാത്രമാണ് മൈലേജ് ലഭിക്കുന്നത്,' ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.

പൊതുഗതാഗതവും നഗരയാത്രയും ബെംഗളൂരുവില്‍ വലിയ വിഷയമായി തുടരുന്നതിനിടയിലാണ് ഈ വൈറല്‍ പോസ്റ്റ് വന്നിരിക്കുന്നത്. ഉയര്‍ന്ന നിരക്കുകള്‍, മീറ്റര്‍ നിയമങ്ങള്‍ നടപ്പിലാക്കാത്തത്, ബൈക്ക് ടാക്‌സികള്‍ക്കെതിരായ സമീപകാല നടപടികള്‍ എന്നിവയെക്കുറിച്ച് യാത്രക്കാര്‍ പതിവായി പരാതിപ്പെടുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു