എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; 12 പരാതികളില്‍ 20,08,747 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

Published : Jul 07, 2025, 09:30 PM IST
Pay with Credit Card Rewards - Strategies for Smart Shopping

Synopsis

ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുള്ളവരാണെന്നും ബാങ്കില്‍ വരണമെന്നുമുള്ള നിരന്തരമായ ഫോൺ വിളിയെത്തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ആവശ്യമില്ലാത്തവര്‍ പോലും ക്രെഡിറ്റ് കാര്‍ഡിനായി ബാങ്കിലെത്തി അപേക്ഷ നല്‍കിയത്

തിരൂർ: എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകളായ 12 പേര്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍റെ വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വര്‍ഷങ്ങളായി അക്കൗണ്ട് ഉള്ളവരാണ് പരാതിക്കാര്‍. ബാങ്കില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുള്ളവരാണെന്നും ബാങ്കില്‍ വരണമെന്നുമുള്ള നിരന്തരമായ ഫോൺ വിളിയെത്തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ആവശ്യമില്ലാത്തവര്‍ പോലും ക്രെഡിറ്റ് കാര്‍ഡിനായി ബാങ്കിലെത്തി അപേക്ഷ നല്‍കിയത്. പിന്നീട് കാര്‍ഡ് ആവശ്യമില്ലാത്തവരും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലൂടെ അധികമായി പണം പോകുന്നു എന്ന് കണ്ടെത്തിയവരും കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് കിട്ടുന്നതിനായി ബാങ്കിനെ സമീപിച്ചു. ഇങ്ങനെ എത്തിയവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സെക്ഷന്‍റെ ചുമതല വഹിക്കുന്ന സ്റ്റാഫിനെ കാണുന്നതിനാണ് നിര്‍ദേശം നൽകിയത്.

പരാതിക്കാരുടെ കാര്‍ഡ് ക്യാന്‍സല്‍ ചെയ്തു എന്നായിരുന്നു ക്രെഡിറ്റ് കാര്‍ഡ് ചുമതയുള്ള ബാങ്ക് സ്റ്റാഫ് പരാതിക്കാരോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നും പരാതിക്കാരുടെ അക്കൗണ്ടില്‍ നിന്നും പരാതിക്കാര്‍ അറിയാതെ പണം നഷ്ടപ്പെടുന്നുണ്ടായിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടവര്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് ജീവനക്കാരനായി പ്രവര്‍ത്തിച്ചയാള്‍ നിരവധി പേരുടെ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി മനസ്സിലായത്.

അന്യായമായി അക്കൗണ്ടില്‍ നിന്നും എടുത്തു മാറ്റിയ തുക തിരിച്ചു നല്‍കണമെന്നും പരാതിക്കാര്‍ ഉപയോഗിച്ചിട്ടില്ലാത്ത കാര്‍ഡിന്‍റെ പേരില്‍ പണം അടയ്ക്കാന്‍ പരാതിക്കാര്‍ക്ക് ബാധ്യതയില്ലെന്നും ഉചിതമായ നഷ്ടപരിഹാരം വേണം എന്നും ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാര്‍ ഹര്‍ജി നൽകി. എസ്ബിഐ കാര്‍ഡ് ആന്‍ഡ് പെയ്‌മെന്റ് സര്‍വീസസ് ലിമിറ്റഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ക്രെഡിറ്റ് കാര്‍ഡ് സ്റ്റാഫും കമ്മീഷനില്‍ ഹാജരായി ആരോപണങ്ങള്‍ നിഷേധിച്ചു. എസ്ബിഐയും ക്രെഡിറ്റ് കാര്‍ഡും തമ്മില്‍ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്തമായ കമ്പനികള്‍ ആണെന്നും ക്രെഡിറ്റ് കാര്‍ഡിന്റെ വീഴ്ചയ്ക്ക് ബാങ്കിന് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു എസ്ബിഐ കമ്മീഷനില്‍ വാദിച്ചത്.

എസ്ബിഐ കാര്‍ഡിന്‍റെ ജീവനക്കാരന്‍ ആയിരുന്നില്ല തട്ടിപ്പ് നടത്തിയ ദലീല്‍ എന്നും റാന്‍ഡ് സ്റ്റഡ് സ്ഥാപനത്തിന്റെ ജീവനക്കാരനായിരുന്നു എന്നും വീഴ്ചയ്ക്ക് എസ്ബിഐ കാര്‍ഡിന് ബാധ്യത ഇല്ലന്നും കമ്മീഷനില്‍ ബോധിപ്പിച്ചു. ദലീല്‍ മുഖേന 40 ക്രെഡിറ്റ് കാര്‍ഡ് ക്രമക്കേടുകള്‍ കണ്ടെത്തുകയും അന്വേഷണത്തില്‍ ആറ് പരാതികള്‍ ശരിയെന്ന് കണ്ടെത്തി പരിഹരിക്കാന്‍ തീരുമാനിച്ചുവെന്നും ശേഷിക്കുന്ന 34 പരാതികളില്‍ പരാതിക്കാരുടെ വീഴ്ച കാരണം പണം നഷ്ടപ്പെട്ടതിനാല്‍ പരിഹരിക്കാന്‍ ആയില്ലെന്നും ക്രെഡിറ്റ് കാര്‍ഡ് ബോധിപ്പിച്ചു. പണം നഷ്ടപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കിയും ദലീലിന്റെ ആസ്തികള്‍ കണ്ടുകെട്ടിയും പണം വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും വാദിച്ചു. എന്നാല്‍ ബാങ്കില്‍ നിന്നും നഷ്ടപ്പെട്ട പണവും നഷ്ടപരിഹാരവും കോടതി ചെലവുമായി 20,08,747 രൂപ പരാതിക്കാര്‍ക്ക് 45 ദിവസത്തിനകം നല്‍കണമെന്നും വീഴ്ച വന്നാല്‍ വിധി സംഖ്യക്ക് 9 ശതമാനം പലിശ നല്‍കണമെന്നും കമ്മീഷന്‍ വിധിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു