
ദില്ലി: ജാമ്യത്തുക താങ്ങാനാവാതെ ജയിലിൽ കഴിയുന്ന തടവുകാർക്ക് ധനസഹായം നല്‍കുന്നതിനായി 2025-26 ബജറ്റിൽ കേന്ദ്രം അഞ്ച് കോടി രൂപ വകയിരുത്തി. 'മോഡൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ആക്ട്' 2023 അനുസരിച്ച്, ജയിലുകളിൽ ലീഗൽ സർവീസ് ക്ലിനിക്കുകൾ സ്ഥാപിച്ച് ആവശ്യമുള്ളവർക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കിയിരുന്നു. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ലീഗൽ സർവീസ് ക്ലിനിക്കുകൾ നിയന്ത്രിക്കുന്നത് എംപാനൽ ചെയ്ത നിയമ സേവന അഭിഭാഷകരും പരിശീലനം ലഭിച്ച പാരാ-ലീഗൽ വോളണ്ടിയർമാരുമാണ്.
പിഴയോ ജാമ്യത്തുകയോ താങ്ങാൻ കഴിയാത്ത തടവുകാരെ സഹായിക്കുന്നതിനു വേണ്ടിയാണ് ഇന്നലെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ബജറ്റിൽ കേന്ദ്രം 20 കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതിക്ക് കീഴിലുള്ള ക്ലിയറൻസിനായി കേസുകളുമായി വരാത്തതിനാൽ ഒരു കോടി രൂപ മാത്രമേ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തേക്ക് തടസ്സങ്ങളില്ലാതെ ഫണ്ട് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിന് ഓരോ സംസ്ഥാനവും പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
പദ്ധതിക്കായി എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും എല്ലാ ജില്ലകളിലും 'എംപവേർഡ് കമ്മിറ്റികൾ' രൂപീകരിക്കാനും അല്ലെങ്കില്‍ ഒരു 'മേൽനോട്ട സമിതി'യുണ്ടാക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ സംസ്ഥാനവും കേന്ദ്രഭരണപ്രദേശവും ഇതിനായി ഒരു നോഡൽ ഓഫീസറെ നിയമിക്കേണ്ടതുണ്ടെന്നും അവര്‍ ആഭ്യന്തര മന്ത്രാലയവുമായോ സെൻട്രൽ നോഡൽ ഏജൻസിയുമായോ (സിഎൻഎ) -- നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുമായോ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നുമാണ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.
ഓരോ സംസ്ഥാനത്തോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സിഎൻഎയുടെ അക്കൗണ്ട്, അല്ലെങ്കില്‍ ഒരു സബ്‌സിഡിയറി അക്കൗണ്ട് തുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് വരുന്നതിനാല്‍ അത് പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെൻ്റ് സിസ്റ്റത്തിൽ (പിഎഫ്എംഎസ്) മാപ്പ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...