Latest Videos

ഫാസ്റ്റ് ടാഗ് ബാലൻസ് നോക്കാറുണ്ടോ? തൃശ്ശൂർ സ്വദേശിക്ക് നഷ്ടമായത് അഞ്ചിരട്ടി തുക; സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

By Web TeamFirst Published Oct 7, 2021, 5:28 PM IST
Highlights

രേഖകളുമായി ടോൾ കമ്പനിയെ സമീപിച്ചെങ്കിലും ബാങ്കുമായി ബന്ധപ്പെടാനാണ് ഇവർ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം രണ്ട് തവണയും ഇതേ പിഴവ് നടന്നിരുന്നുവെങ്കിലും അത് ശ്രദ്ധയിൽ പെട്ടില്ല

തൃശ്ശൂർ: ഒരു തവണ പാലിയേക്കര ടോൾ പ്ലാസ (Paliyekkara Toll Plaza) വഴി കടന്നുപോയ വാഹനത്തിൽ നിന്നും ഈടാക്കാവുന്നതിന്റെ അഞ്ചിരട്ടി തുക ഈടാക്കിയെന്ന് പരാതി. തൃശൂർ കോടാലി സ്വദേശി അന്തിക്കാട്ടില്‍ എഎസ് സൂരജാണ് പരാതിക്കാരന്‍. തിങ്കളാഴ്ച ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ടോറസ് ടിപ്പര്‍ കടന്നുപോയപ്പോഴാണ് ഫാസ്ടാഗില്‍ (Fastag) നിന്നും 5 തവണ തുടര്‍ച്ചയായി 445 രൂപ വീതം ഈടാക്കിയത്. പിന്നീട് കടന്നുപോകുമ്പോള്‍ പണം ഇല്ലെന്ന് പറഞ്ഞ് വാഹനം തടഞ്ഞപ്പോഴാണ് സൂരജ് ഫാസ്ടാഗിലെ സ്റ്റേറ്റ്‌മെന്റ് (Fastag statement) നോക്കിയത്. ഒരേദിവസം ഒരേ സമയം ഒരേ ട്രാക്കിലൂടെ 5 തവണ കടന്നുപോയെന്നാണ് സ്‌റ്റേറ്റ്‌മെന്റില്‍ കാണിക്കുന്നത്. 

രേഖകളുമായി ടോൾ കമ്പനിയെ സമീപിച്ചെങ്കിലും ബാങ്കുമായി ബന്ധപ്പെടാനാണ് ഇവർ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം രണ്ട് തവണയും ഇതേ പിഴവ് നടന്നിരുന്നുവെങ്കിലും അത് ശ്രദ്ധയിൽ പെട്ടില്ല. ഒരു തവണ സഞ്ചരിച്ചപ്പോള്‍ 2 തവണ വീതമാണ് അന്ന് ടോള്‍ ഈടാക്കിയത്. ഇത്തവണ ഫാസ്ടാഗ് അക്കൗണ്ടില്‍ 1780 രൂപയുടെ കുറവ് വന്നപ്പോഴാണ് സൂരജ് പരിശോധിച്ചത്.

ടോള്‍ പ്ലാസയില്‍ പരാതിക്ക് പരിഹാരമാകാതെ വന്നതോടെ പുതുക്കാട് പൊലീസില്‍ സൂരജ് പരാതി നല്‍കി.  നീതി ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.  പരാതി രേഖകള്‍ സഹിതം പരിശോധിച്ച ശേഷമേ പ്രതികരിക്കാനാകൂവെന്നാണ് ടോള്‍ കമ്പനി അധികൃതരുടെ നിലപാട്. ഓരോ തവണയും ടോൾ പ്ലാസകൾ കടക്കുമ്പോൾ കൃത്യമായ തുക തന്നെയാണോ അക്കൗണ്ടിൽ നിന്നും പോകുന്നതെന്ന് ഉറപ്പാക്കിയില്ലെങ്കിൽ ഏത് ഉപഭോക്താവിനും അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായേക്കും.

click me!