വിദ്യാഭ്യാസ ചെലവുകൾ ഓർത്ത് ആശങ്കപ്പെടേണ്ട; കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനുള്ള 5 വഴികൾ

By Web TeamFirst Published Nov 14, 2022, 1:28 PM IST
Highlights

കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമം ഈ ശിശുദിനത്തിൽ ആരംഭിക്കാം.  ആരോഗ്യം വിദ്യാഭ്യാസം തുടങ്ങി കുട്ടികൾക്ക് നിരവധി ചെലവുകൾ അഭിമുഖീകരിക്കാം 
 

കുട്ടികൾ ജനിക്കുന്നത് മുതൽ മാതാപിതാക്കൾക്ക് അവരുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയാണ്. പ്രത്യേകിച്ച് അവരുടെ വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ ചെലവുകളെക്കുറിച്ചുമെല്ലാം. വിദ്യാഭ്യാസമോ ആരോഗ്യമോ തൊഴിലോ ആകട്ടെ കുട്ടികളുടെ ഭാവിയിൽ പണം വില്ലനാകാതിരിക്കാൻ മാതാപിതാക്കൾക്ക് എന്തൊക്കെ ചെയ്യാനാകും? നിങ്ങളുടെ കുട്ടികളുടെ സുരക്ഷിതമായ സാമ്പത്തിക ഭാവി ഉറപ്പാക്കുന്നതിനുള്ള ആദ്യപടി  എന്താണെന്ന് ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കണം. പണത്തിന്റെ മൂല്യവും അവ ലാഭിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള പ്രാധാന്യം കുട്ടികളെ മനസിലാക്കിപ്പിക്കുക. ആ ശീലം അവരിൽ വളർത്തിയെടുക്കുക. 

പണം ഉപയോഗിക്കുന്നതിന്റെയും സമ്പാദിക്കുന്നതിന്റെയും പാഠങ്ങൾ ആദ്യം മുതൽ അവരെ പഠിപ്പിക്കേണ്ടത് ആവശ്യമാണ്. പണത്തിന്റെ മൂല്യത്തെക്കുറിച്ച് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നത് അത്യാവശ്യമായ ഒരു ജീവിതപാഠമാണ്. നിങ്ങളുടെ കുട്ടികൾക്ക് അവരുടെ പണം എങ്ങനെ വിനിയോഗിക്കാമെന്ന് പറഞ്ഞുകൊടുക്കണം. കുട്ടികളുടെ സുരക്ഷിതമായ സാമ്പത്തിക ഭാവി ഉറപ്പാക്കാൻ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ 

ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സമ്പാദിച്ച് തുടങ്ങുക

കുട്ടികൾ ജനിച്ചത് മുതൽ തന്നെ അവർക്ക് വേണ്ടി സമ്പാദിച്ച് തുടങ്ങുക. ചെറിയ തുകകളിൽ നിന്നും ആരംഭിച്ച് വലിയ തുകകളിലേക്ക് അവയെ മാറ്റം. നിക്ഷേപിക്കാതെ ഇരിക്കുന്നതിലും ഭേദമാണ് ചെറിയ തുകയാണെങ്കിലും അവ ആരംഭിക്കുന്നത്. ദീർഘകാല നിക്ഷേപങ്ങളും നടത്താം. 

ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടാക്കുക

നിങ്ങളുടെ കുട്ടിക്ക് പ്രായമാകുമ്പോൾ അവരുടെ പേരിൽ സമ്പാദിച്ച തുക  കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുക. ഇതിലൊടെ സാമ്പത്തിക ഉത്തരവാദിത്തബോധം വളർത്തിയെടുക്കാൻ സാധിക്കും. നിങ്ങളുടെ കുട്ടികൾക്ക് പണം ഏൽപ്പിക്കുമ്പോൾ നിങ്ങൾ അവരെ വിശ്വസിക്കുന്നു എന്നുള്ളത്തിന് തെളിവാണ്. അതവരുടെ ഉത്തരവാദിത്തബോധം കൂട്ടും. മാത്രമല്ല അനാവശ്യ ചെലവുകളെ കുറിച്ച് ബോധവാന്മാരാകും മാത്രമല്ല സാമ്പത്തികമായി സ്വയംപര്യാപ്തരാകാനും അവർ ശ്രമിക്കും. 

മിക്ക ബാങ്കുകളും കുട്ടികൾക്കായി രണ്ട് തരത്തിലുള്ള സേവിംഗ്സ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്, അതായത് രക്ഷിതാക്കൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതും അല്ലാത്തതും. പത്ത് വയസ്സിന് താഴെയുള്ള കുട്ടിക്കായി നിങ്ങൾ ഒരു അക്കൗണ്ട് തുറക്കുമ്പോൾ, രക്ഷിതാവിന് പൂർണ നിയന്ത്രണം ഉണ്ടാകും.

സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുക

കുട്ടികളെ  സാമ്പത്തിക സാക്ഷരരാക്കുക എന്നുള്ളത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.. പല സ്കൂളുകളും കുട്ടികളെ സാമ്പത്തിക കാര്യങ്ങൾ  പഠിപ്പിക്കുന്നില്ല, അതിനാൽ ഈ വിടവ്  നികത്തേണ്ടത് മാതാപിതാക്കളാണ്. പലിശ നിരക്കുകൾ, നികുതി ഇളവുകൾ, ഡിജിറ്റൽ പേയ്‌മെന്റുകൾ, നിക്ഷേപങ്ങൾ, കുട്ടികൾക്കുള്ള പെൻഷൻ അല്ലെങ്കിൽ വിദ്യാഭ്യാസ പദ്ധതിയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ അവരുമായി ചർച്ച ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു.

കുട്ടികളുടെ സമ്പാദ്യത്തിലും നിക്ഷേപ ഫണ്ടുകളിലും നിക്ഷേപിക്കുക

സ്കൂൾ മുതൽ ബിരുദം, ഉന്നത വിദ്യാഭ്യാസം വരെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവാകും. അതിനായി നേരത്തെ തന്നെ നിക്ഷേപിച്ച് തുടങ്ങുക. സുരക്ഷിതമായ ലളിതമായ സേവിംഗ്സ് പ്ലാനുകൾ കണ്ടെത്തണം. വായ്പകൾ എടുക്കാതെ തന്നെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ കൈകാര്യം ചെയ്യാൻ നേരത്തെ തന്നെ സമ്പാദിച്ച് തുടങ്ങുക. 

പണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക

പണത്തോടുള്ള നിങ്ങളുടെ കുട്ടികളുടെ മനോഭാവം എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.  നിങ്ങളുടെ പണത്തെക്കുറിച്ചും നിങ്ങൾ അത് എങ്ങനെ ചെലവഴിക്കുന്നു, ലാഭിക്കുന്നു, നിക്ഷേപിക്കുന്നു എന്നതിനെ കുറിച്ച് കുട്ടികളോട് സംസാരിക്കുക. വളരുന്തോറും, തീരുമാനങ്ങൾ എടുക്കുന്നതിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യുക. 

click me!