
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യാ - പാക്ക് ബന്ധം വഷളായിരിക്കുകയാണ്. വാണിജ്യ കരാറുകളിലടക്കം ഇന്ത്യ, പാകിസ്ഥാനെതിരെ ശക്തമായ നിലാപാടെടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ ഇതിനകം ദുർബലമായ പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിരതയെ ഇത് സാരമായി ബാധിച്ചേക്കുമെന്നാണ് ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യയുമായുള്ള ഏറ്റുമുട്ടൽ പാകിസ്ഥാന്റെ സാമ്പത്തിക വളർച്ചയെയും ലക്ഷ്യങ്ങളെയും അപകടത്തിലാക്കുമെന്നും മൂഡീസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയ്ക്കെതിരെ ഇനിയും നീക്കങ്ങൾ ഉണ്ടായാൽ ഒരുപക്ഷെ അത് പാക്കിസ്ഥാന് ലഭ്യമായിട്ടുള്ള ധനസഹായങ്ങൾ വരെ അവസാനിക്കാൻ കാരണമായേക്കും. പാകിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരം നിലവിൽ 15 ബില്യൺ മാത്രമാണ്. വരും വർഷങ്ങളിൽ കടബാധ്യതകൾ തീർക്കാൻ പോലും ഇത് തികയില്ല എന്ന സാഹചര്യത്തിൽ സഹായധനം ലഭിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കും. അതേസമയം, ഇന്ത്യയുടെ കാര്യമെടുക്കുമ്പോൾ, ഇന്ത്യയുടെ കരുതൽ ധനം ശക്തമാണ്. ഇത് 688 ബില്യൺ ഡോളറിലധികം വരും. പാക്കിസ്ഥാനുമായി ഏറ്റുമുട്ടലുണ്ടായാൽ പ്രതിരോധ ചെലവ് വർദ്ധിക്കുന്നത് സാമ്പത്തിക സ്ഥിതിയെ മന്ദഗതിയിലാക്കുമെങ്കിലും തകർക്കില്ല.
ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതോടെ പാകിസ്ഥാൻ ഉഭയകക്ഷി വ്യാപാരം നിർത്തുകയും വ്യോമഗതാഗതം തടസ്സപ്പെടുത്തുകയും 1972 ലെ സിംല കരാറിൽ നിന്ന് പിന്മാറുകയും ചെയ്തുകൊണ്ട് തിരിച്ചടിച്ചെങ്കിലും ഇന്ത്യക്ക് ഇതുകൊണ്ട് കാര്യമായ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല. എന്നാൽ പാക്കിസ്ഥാന് ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതൽ അപകടകരമാണ്. ചൈന, സൗദി അറേബ്യ, യുഎഇ തുടങ്ങിയ സഖ്യകക്ഷികളിൽ നിന്നുള്ള പിന്തുണയുള്ള രാജ്യം ഇപ്പോഴും തുടർച്ചയായ സാമ്പത്തിക സഹായത്തെ ആശ്രയിച്ചാണ് കഴിയുന്നത് എന്ന് മൂഡീസ് ചൂണ്ടിക്കാണിക്കുന്നു.
പാക്കിസ്ഥാന് പണപ്പെരുപ്പത്തിലും വളർച്ചയിലും നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും ദുർബലമായാണ് തുടരുന്നത്, സർക്കാർ വരുമാനത്തിന്റെ ഏകദേശം 50% പലിശ അടയ്ക്കലിനും പൊതു കടത്തിനുമായി നീക്കിവച്ചിരിക്കുന്നു, അതായത് ജിഡിപിയുടെ 70 ശതമാനത്തിലധികം! പണപ്പെരുപ്പം കുത്തനെ കുതിക്കുന്നതിനാല്‍ പാകിസ്ഥാന്‍ ഇതിനകം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അത്തരമൊരു സാഹചര്യത്തില്‍, വ്യാപാര ബന്ധങ്ങളുടെ പൂര്‍ണ്ണമായ തകര്‍ച്ച ഇന്ത്യയേക്കാള്‍ പാകിസ്ഥാനെ കൂടുതല്‍ ബാധിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കണക്കുകള്‍ ഈ കാര്യം വ്യക്തമാക്കുന്നു. 202122 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ 513.82 മില്യണ്‍ യുഎസ് ഡോളറിന്‍റെ സാധനങ്ങള്‍ പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തു, അതേസമയം പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി വെറും 2.54 മില്യണ്‍ യുഎസ് ഡോളറായിരുന്നു.
202223 ല്‍, പാകിസ്ഥാനിലേക്കുള്ള കയറ്റുമതി 627.10 മില്യണ്‍ യുഎസ് ഡോളറായും ഇറക്കുമതി 20.11 മില്യണ്‍ യുഎസ് ഡോളറായും ഉയര്‍ന്നു. എന്നിരുന്നാലും, 202324 ല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി 2.88 മില്യണ്‍ യുഎസ് ഡോളറായി കുറഞ്ഞു, അതേസമയം ഇന്ത്യയുടെ കയറ്റുമതി 1,180 മില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരം അതിന്‍റെ മൊത്തത്തിലുള്ള വ്യാപാരത്തിന്‍റെ 0.06% ല്‍ താഴെയാണ് . ഇന്ത്യ പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്നില്ല എന്നത് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു യുദ്ധം ഉണ്ടായാൽ പോലും പാക്കിസ്ഥാന് സാമ്പത്തികമായി പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് മൂഡീസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.