
വ്യോമയാന മേഖലയിലെ എയര്‍ ഇന്ത്യയുടെയും ഇന്‍ഡിഗോയുടെയും കുത്തക അവസാനിപ്പിക്കാന്‍ കൂടുതല്‍ വിമാനക്കമ്പനികള്‍ വരണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രഹമെങ്കിലും, അദാനി ഗ്രൂപ്പിന് ഇതിനായി പച്ചക്കൊടി കാട്ടുന്ന കാര്യത്തില്‍ സര്‍ക്കാരിന് കടുത്ത ആശങ്ക. വിമാനത്താവള നടത്തിപ്പുകാര്‍ തന്നെ വിമാനക്കമ്പനിയും തുടങ്ങുന്നതിലെ 'താല്‍പര്യ വൈരുദ്ധ്യമാണ്' പ്രധാന വില്ലനാകുന്നത്. വിമാനത്താവള നടത്തിപ്പുകാര്‍ക്ക് വിമാനക്കമ്പനികളില്‍ ഓഹരി പങ്കാളിത്തം നല്‍കുന്നതിലെ പോരായ്മകള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കി.
കഴിഞ്ഞ ജൂണ്‍ നാലിനാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചത്. തങ്ങളുടെ വ്യോമയാന ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി അദാനി ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസിന്റെ കീഴില്‍ വിമാനക്കമ്പനി തുടങ്ങാനാണ് പദ്ധതിയെന്ന് അദാനി എയര്‍പോര്‍ട്‌സ് സിഇഒ അരുണ്‍ ബന്‍സാല്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു. എന്നാല്‍ ഇതിനായി നിലവിലെ ചട്ടങ്ങളില്‍ ഇളവ് വേണം.
ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാര്‍ക്ക് വിമാനക്കമ്പനികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ ഓഹരി പാടില്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാണ് അദാനിയുടെ പ്രധാന ആവശ്യം. 2006ല്‍ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ കൊണ്ടുവന്നതാണ് ഈ 10% ഓഹരി നിയന്ത്രണം. ഇതില്‍ മാറ്റം വരുത്തണമെങ്കില്‍ കേന്ദ്ര കാബിനറ്റിന്റെ പ്രത്യേക അനുമതി വേണം. എന്നാല്‍ ഒരു കമ്പനിക്ക് വേണ്ടി മാത്രം ഈ ചട്ടം തിരുത്തുന്നത് ഒരു പ്രത്യേക ആനുകൂല്യമായി വ്യാഖ്യാനിക്കപ്പെടുമെന്നും, വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു നഗരത്തിലേക്കുള്ള പ്രധാന വാതില്‍ എന്ന നിലയില്‍ വിമാനത്താവളങ്ങള്‍ സ്വാഭാവികമായും കുത്തക സ്വഭാവമുള്ളവയാണ്. വിമാനത്താവളവും വിമാനക്കമ്പനിയും ഒരേ ഗ്രൂപ്പിന്റെ കീഴില്‍ വരുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.ഈ ചട്ടം ലഘൂകരിക്കുന്നതിനെതിരെ മറ്റ് വിമാനക്കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. ഇത് വലിയ താല്‍പര്യ വൈരുദ്ധ്യത്തിന് കാരണമാകുമെന്നും ക്രമേണ ഉപഭോക്താക്കളെ ബാധിക്കുമെന്നും ഇന്‍ഡിഗോ മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ഭാട്ടിയ പറഞ്ഞു.
നേരത്തെ 2019ലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ദില്ലി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ ജിഎംആര്‍ എയര്‍പോര്‍ട്‌സില്‍ 8,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിലെ താല്പര്യ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് ആ നിക്ഷേപത്തിന് അനുമതി ലഭിച്ചില്ല.
വിപണിയില്‍ ഏതാനും വലിയ കമ്പനികളെ മാത്രം ആശ്രയിക്കാതെ കൂടുതല്‍ വിമാനക്കമ്പനികള്‍ കടന്നുവരേണ്ടതുണ്ടെന്ന് മന്ത്രി രാം മോഹന്‍ നായിഡു വ്യക്തമാക്കി. കുറഞ്ഞത് 100 വിമാനങ്ങളെങ്കിലുമുള്ള 5 വലിയ കമ്പനികള്‍ രാജ്യത്ത് ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതുള്‍പ്പെടെ പ്രാദേശികമായി സര്‍വീസ് നടത്തുന്ന കമ്പനികളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.