
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സൃഷ്ടിച്ച വന്‍ പ്രതിസന്ധികളെ കാറ്റില്‍ പറത്തി അദാനി ഗ്രൂപ്പിന്റെ വമ്പന്‍ തിരിച്ചുവരവ്. 2023 ജനുവരിയിലെ ഓഹരി വിപണിയിലെ തകര്‍ച്ചയ്ക്ക് ശേഷം ഇതുവരെ ഏകദേശം 80,000 കോടി രൂപയുടെ (960 കോടി ഡോളര്‍) 33 ഏറ്റെടുക്കലുകളാണ് അദാനി ഗ്രൂപ്പ് വിവിധ മേഖലകളിലായി പൂര്‍ത്തിയാക്കിയത്. വിപണിയിലെ ആത്മവിശ്വാസം വീണ്ടെടുത്ത ഗ്രൂപ്പ്, തങ്ങളുടെ മുന്‍നിര ബിസിനസുകള്‍ വിപുലീകരിക്കുന്നതില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്.
തുറമുഖം, സിമന്റ്, ഊര്‍ജ്ജം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നത്. നിക്ഷേപകരുടെ വിശ്വാസം തിരികെ പിടിക്കുന്നതിനായി കടബാധ്യതകള്‍ കുറയ്ക്കാനും സുതാര്യത ഉറപ്പുവരുത്താനും ഗ്രൂപ്പ് എടുത്ത നടപടികള്‍ ഫലം കണ്ടതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ഏറ്റെടുക്കലുകള്‍ ഇങ്ങനെ :
തുറമുഖങ്ങള്‍ (28,145 കോടി രൂപ): ഇതില്‍ ഏറ്റവും വലിയ ഇടപാട് ഓസ്ട്രേലിയയിലെ നോര്‍ത്ത് ക്വീന്‍സ്ലാന്‍ഡ് എക്സ്പോര്‍ട്ട് ടെര്‍മിനല്‍ 21,700 കോടി രൂപയ്ക്ക് സ്വന്തമാക്കിയതാണ്. ഇന്ത്യയില്‍ കാരയ്ക്കല്‍, ഗോപാല്‍പൂര്‍ തുറമുഖങ്ങളും ഗ്രൂപ്പ് കൈപ്പിടിയിലൊതുക്കി.
സിമന്റ് (24,710 കോടി രൂപ): സിമന്റ് മേഖലയില്‍ അദാനി നടത്തിയ പടയോട്ടം ശ്രദ്ധേയമാണ്. സാംഘി ഇന്‍ഡസ്ട്രീസ്, പെന്ന സിമന്റ് (10,422 കോടി രൂപ), ഓറിയന്റ് സിമന്റ് (8,100 കോടി രൂപ) തുടങ്ങി നിരവധി കമ്പനികളെയാണ് ഗ്രൂപ്പ് സ്വന്തമാക്കിയത്.
ഊര്‍ജ്ജം (12,251 കോടി രൂപ): ലാന്‍കോ അമര്‍കണ്ടക്, വിദര്‍ഭ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളെ ഏറ്റെടുത്ത് ഊര്‍ജ്ജ മേഖലയിലും സാന്നിധ്യം ശക്തമാക്കി.
വിശ്വാസം വീണ്ടെടുത്ത് അദാനി
അക്കൗണ്ടിംഗ് ക്രമക്കേടുകളും ഓഹരി വിലയില്‍ കൃത്രിമവും ആരോപിച്ച് യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവുണ്ടായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച ഗ്രൂപ്പ്, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വായ്പകള്‍ കൃത്യമായി തിരിച്ചടച്ചും പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചും കരുത്ത് തെളിയിച്ചു. വായ്പ നല്‍കുന്ന ബാങ്കുകളും വലിയ നിക്ഷേപകരും വീണ്ടും ഗ്രൂപ്പില്‍ വിശ്വാസമര്‍പ്പിച്ചു തുടങ്ങിയതാണ് പുതിയ ഏറ്റെടുക്കലുകള്‍ സൂചിപ്പിക്കുന്നത്.
ലക്ഷ്യം 10 ലക്ഷം കോടിയുടെ വികസനം
ഭാവിയിലേക്കും വലിയ പദ്ധതികളാണ് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് വിഭാവനം ചെയ്യുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഹരിത ഊര്‍ജ്ജം , ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായിരിക്കും ഇതില്‍ മുന്‍ഗണന നല്‍കുക. നിലവില്‍ ജയ്പി ഗ്രൂപ്പിനെ ഏറ്റെടുക്കാനുള്ള 13,500 കോടിയുടെ ചര്‍ച്ചകളും അന്തിമഘട്ടത്തിലാണ്. ഇതോടെ സിമന്റ്, തുറമുഖ മേഖലകളില്‍ അദാനി ഗ്രൂപ്പിന്റെ ആധിപത്യം കൂടുതല്‍ ശക്തമാകും.