
ലോകരാജ്യങ്ങള്‍ വ്യാപാര നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍, വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട് ചൈനയുടെ വമ്പന്‍ നീക്കം. ദക്ഷിണ ചൈനാ കടലിലെ ഹൈനാന്‍ ദ്വീപിനെ ലോകത്തെ ഏറ്റവും വലിയ 'ഫ്രീ ട്രേഡ് പോര്‍ട്ട്' അഥവാ സ്വതന്ത്ര വ്യാപാര കേന്ദ്രമാക്കി ചൈന പ്രഖ്യാപിച്ചു. സിംഗപ്പൂരിനേക്കാള്‍ 50 മടങ്ങ് വലിപ്പമുള്ള ഈ ദ്വീപ് ഇനി ആഗോള വ്യാപാരത്തിന്റെ പുതിയ തലസ്ഥാനമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നികുതി വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് തിരിച്ചടിയെന്നോണം ചൈന ഈ വമ്പന്‍ പദ്ധതിയുമായി മുന്നോട്ട് വരുന്നത്.
ലളിതമായി പറഞ്ഞാല്‍, ഹൈനാന്‍ ദ്വീപിനെ ചൈനയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേറിട്ട് ഒരു പ്രത്യേക സാമ്പത്തിക മേഖലയായി മാറ്റുകയാണ് ചെയ്യുന്നത്. ഇവിടെ സ്വന്തമായി കസ്റ്റംസ് സംവിധാനവും നികുതി നിയമങ്ങളും ഉണ്ടായിരിക്കും.
നികുതിയില്ല: നേരത്തെ 21 ശതമാനം സാധനങ്ങള്‍ക്ക് മാത്രമായിരുന്നു നികുതി ഇളവ് ഉണ്ടായിരുന്നതെങ്കില്‍, പുതിയ മാറ്റത്തോടെ 74 ശതമാനം ഉല്‍പ്പന്നങ്ങളെയും ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കി.
വില കുറയും: വ്യവസായ ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവ നികുതിയില്ലാതെ ഇവിടെ ലഭിക്കുന്നത് വഴി ഉല്‍പ്പാദന ചിലവ് വന്‍തോതില്‍ കുറയും. ഇത് വഴി സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഇവിടെ ഉല്‍പാദിപ്പിച്ച് വിപണിയിലെത്തിക്കാന്‍ സാധിക്കും.
ഹൈനാനില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്കായി ഒരു പ്രത്യേക ഇളവും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തിന്റെ മൂല്യത്തിന്റെ 30 ശതമാനമെങ്കിലും ഹൈനാനില്‍ വെച്ചാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നതെങ്കില്‍ , ആ ഉല്‍പ്പന്നം ചൈനയുടെ മറ്റ് ഭാഗങ്ങളിലേക്ക് നികുതിയില്ലാതെ വില്‍ക്കാന്‍ സാധിക്കും. വന്‍കിട വിദേശ കമ്പനികളെ ഹൈനാനിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.
നിക്ഷേപകരെയും വിദഗ്ധ തൊഴിലാളികളെയും ആകര്‍ഷിക്കാന്‍ ആദായ നികുതിയിലും വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയില്‍ പൊതുവെ 25 ശതമാനമാണ് നികുതിയെങ്കില്‍ ഹൈനാനില്‍ ഇത് വെറും 15 ശതമാനമായിരിക്കും. വിദഗ്ധ തൊഴിലാളികള്‍ക്ക് 15 ശതമാനം മാത്രം വരുമാന നികുതി നല്‍കിയാല്‍ മതി. ഇത് ഹോങ്കോങ്ങിനേക്കാള്‍ കുറഞ്ഞ നിരക്കാണ്. 2025-ന്റെ ആദ്യ പകുതിയില്‍ ചൈനയിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് ഹൈനാന്‍ പദ്ധതിയുമായി ചൈന അതിവേഗം മുന്നോട്ട് പോകുന്നത്. ഇതിനോടകം തന്നെ സീമെന്‍സ് എനര്‍ജി പോലുള്ള വമ്പന്‍ കമ്പനികള്‍ ഹൈനാനില്‍ നിക്ഷേപം പ്രഖ്യാപിച്ചു കഴിഞ്ഞു. തായ്വാന്റെ അത്രയും വലിപ്പമുള്ള ഈ ദ്വീപ് ചൈനയുടെ സാമ്പത്തിക ഭൂപടം തന്നെ മാറ്റിവരയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ലോകം വാതിലുകള്‍ അടയ്ക്കുമ്പോള്‍ തങ്ങള്‍ തുറന്നിടുകയാണെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ ചൈന നല്‍കുന്നത്.