പണം വാരി അദാനിയുടെ തുറമുഖങ്ങൾ; ലാഭത്തിൽ 76 ശതമാനം വർധന

By Web TeamFirst Published May 2, 2024, 6:03 PM IST
Highlights

 ഈ വർഷം വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമാകുമെന്നും അദാനി വ്യക്തമാക്കി. അദാനി പോർട്ട്‌സിന്റെ ഉടമസ്ഥതയിലുള്ള ആകെ തുറമുഖങ്ങളുടെ എണ്ണം 15 ആയി ഉയർന്നു.

രാജ്യത്തെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ അദാനി പോർട്ട്‌സിന്റെ ലാഭത്തിൽ വൻ കുതിപ്പ്. 2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ 2,040 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മുൻവർഷം ഇത് 1,158 കോടി രൂപയായിരുന്നു. 76.2 ശതമാനമാണ് ലാഭത്തിലെ വർധന. അദാനി പോർട്ട്സിന്റെ വാർഷിക വരുമാനം  28% വർധിച്ച് 26,711 കോടി രൂപയായി. ഈ വർഷം വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമാകുമെന്നും അദാനി വ്യക്തമാക്കി. അദാനി പോർട്ട്‌സിന്റെ ഉടമസ്ഥതയിലുള്ള ആകെ തുറമുഖങ്ങളുടെ എണ്ണം 15 ആയി ഉയർന്നു.  കഴിഞ്ഞ വർഷം ജനുവരിയിൽ 1.03 ബില്യൺ ഡോളർ മുടക്കി  വാങ്ങിയ വടക്കൻ ഇസ്രായേലിലെ ഹൈഫ തുറമുഖവും അദാനിയുടെ ഉടമസ്ഥതയിലുണ്ട് . ഏറ്റവുമൊടുവിലായി  ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം ആണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. 2 കോടി ടൺ ചരക്ക് കൈകാര്യം ശേഷിയുള്ളതാണ് ഈ തുറമുഖം

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മൊത്തം കാർഗോയുടെ 27 ശതമാനവും കണ്ടെയ്‌നർ ചരക്കിന്റെ  44 ശതമാനവും കൈകാര്യം ചെയ്തത് അദാനി പോർട്ട്‌സ് ആണെന്ന് കമ്പനി വ്യക്തമാക്കി.

അദാനി പോർട്ട്‌സിന്റെ ഡയറക്ടർ ബോർഡ് 2023-24 സാമ്പത്തിക വർഷത്തിൽ ₹2 മുഖവിലയുള്ള  ഓഹരി ഒന്നിന് ₹6 ലാഭ വിഹിതവും  പ്രഖ്യാപിച്ചിട്ടുണ്ട്. ലാഭഫലം വന്നതോടെ അദാനി പോർട്ട്സ് ഓഹരികൾ 16 രൂപ ഉയർന്ന് 1,341.50 രൂപയിലെത്തി.കഴിഞ്ഞ മൂന്ന് മാസത്തിനിടെ അദാനി പോർട്ട്‌സ് ഓഹരി വില 53 ശതമാനത്തിലധികമാണ് ഉയർന്നത് . കഴിഞ്ഞ ഒരു വർഷത്തിനിടെ അദാനി പോർട്ട്‌സ് ഓഹരികൾ 96 ശതമാനത്തിലധികവും ഉയർന്നു.

click me!