1000 കോടിയുടെ പൊതു ബോണ്ടുകളുടെ വിൽപ്പന മാറ്റിവെച്ച് അദാനി ഗ്രൂപ്പ്

By Web TeamFirst Published Feb 4, 2023, 5:35 PM IST
Highlights

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് വിപണി തകർച്ച നേരിടുന്ന അദാനി ഗ്രൂപ്പ് 1000 കോടി  രൂപയുടെ പൊതു ബോണ്ടുകളുടെ വിൽപ്പന ഉപേക്ഷിച്ചു.
 

മുംബൈ: അദാനി ഗ്രൂപ്പ് തങ്ങളുടെ ആദ്യത്തെ പൊതു ബോണ്ടുകളുടെ വിൽപ്പനയിലൂടെ  1000 കോടി  രൂപ (122 മില്യൺ ഡോളർ) സമാഹരിക്കുന്നതിനുള്ള പദ്ധതി ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ സാമ്രാജ്യത്തിന്റെമുൻനിര സ്ഥാപനമായ എഡൽവെയ്‌സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, എകെ ക്യാപിറ്റൽ, ജെഎം ഫിനാൻഷ്യൽ, ട്രസ്റ്റ് ക്യാപിറ്റൽ എന്നിവയുമായി ചേർന്ന് ജനുവരിയിൽ പൊതു ബോണ്ടുകളുടെ വിൽപ്പന  നടത്താൻ പദ്ധതിയിട്ടിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് വിപണി തകർച്ച നേരിടുന്ന അദാനി ഗ്രൂപ് ഈ പദ്ധതി ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. 

യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പ് ഓഹരി മൂല്യം ഉയർത്തി കാട്ടി തട്ടിപ്പ് നടത്തിയതായി ആരോപിക്കുന്നു. ഇതിനെ തുടർന്ന് കമ്പനിയുടെ ഓഹരികളുടെയും ബോണ്ടുകളുടെയും വില  കുത്തനെ ഇടിഞ്ഞു. 

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് 20 ബില്യൺ ഡോളറിലധികം അല്ലെങ്കിൽ അദ്ദേഹത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനെന്ന നേട്ടവും അദാനിക്ക് നഷ്ടമായിരുന്നു. ഫോർബ്‌സിന്റെ തൽസമയ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ്  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ അദാനിയെ പിറകിലാക്കിയത്. വിപണിയിൽ ഓഹരി മൂല്യം ഇടിഞ്ഞതോടെ അദാനി ഗ്രൂപ്പിന് 9.82 ലക്ഷം കോടി രൂപയുടെ (120 ബില്യൺ ഡോളർ) നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.  

click me!