അംബുജ സിമന്റ്‌സിൽ 20,000 കോടി രൂപ നിക്ഷേപിക്കാൻ അദാനി

By Web TeamFirst Published Sep 17, 2022, 5:13 PM IST
Highlights

അംബുജ സിമന്റ്‌സ് ലിമിറ്റഡിന്റെയും എസിസി ലിമിറ്റഡിന്റെയും ഏറ്റെടുക്കൽ വിജയകരമായി പൂർത്തിയാക്കി അദാനി ഗ്രൂപ്പ്. അംബുജ സിമന്റ്‌സിൽ നിക്ഷേപിക്കുക 20,000 കോടി രൂപ


മുംബൈ: അംബുജ സിമന്റ്‌സ് ലിമിറ്റഡിന്റെയും എസിസി ലിമിറ്റഡിന്റെയും ഏറ്റെടുക്കൽ വിജയകരമായി പൂർത്തിയാക്കി അദാനി ഗ്രൂപ്പ്.  അംബുജയിലെയും എസിസിയിലെയും ഹോൾസിമിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിനൊപ്പം രണ്ട് സ്ഥാപനങ്ങളിലും ഓപ്പൺ ഓഫറും ഇതിനൊപ്പം ഉൾപ്പെടുന്നു. 

അംബുജ സിമന്റ്‌സിനും എസിസിക്കും ഹോൾസിം ഓഹരിയുടെയും ഓപ്പൺ ഓഫർ  മൂല്യം 6.5 ബില്യൺ ഡോളറാണ്, അതിനാൽ തന്നെ ഇത് അദാനിയുടെ എക്കാലത്തെയും വലിയ ഏറ്റെടുക്കലായി മാറുന്നു. 

ഇടപാടിന് ശേഷം അദാനിക്ക് അംബുജ സിമന്റ്‌സിൽ 63.15 ശതമാനവും എസിസിയിൽ 56.69 ശതമാനവും ഓഹരിയുണ്ടാകും. വിപണിയിൽ വളർച്ച നേടാൻ അംബുജയെ സഹായിക്കുന്നതിനായി വാറന്റുകളുടെ മുൻഗണനാ വിഹിതം വഴി അംബുജയിലേക്ക് 20,000 കോടി രൂപ നിക്ഷേപിക്കുന്നതിന് അംബുജ സിമന്റ്‌സിന്റെ ബോർഡ് അംഗീകാരം നൽകിയിട്ടുമുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ കമ്പനികളിലൊന്നായ അദാനി എന്റർപ്രൈസസ് പ്രീമിയം ഗുണനിലവാരമുള്ള ഗ്രീൻ സിമന്റ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കുന്നതായി ഗൗതം അദാനി പറഞ്ഞു. നിലവിൽ, അംബുജ സിമന്റ്‌സിനും എസിസിക്കും 67.5 എംടിപിഎയുടെ സംയോജിത ഉൽപ്പാദന ശേഷിയുണ്ട്.

14 അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് ലഭിച്ച 4.5 ബില്യൺ ഡോളറാണ്  ഇടപാടിന് ധനസഹായം നൽകിയത്. ബാർക്ലേയ്‌സ് ബാങ്ക് പി‌എൽ‌സിയും ഡച്ച് ബാങ്ക് എജിയും അദാനി ഫാമിലിയുടെ  ഉപദേശകരായി പ്രവർത്തിച്ചു,  

അതേസമയം ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി. ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് അദാനി രണ്ടാം സ്ഥാനത്ത് എത്തിയത്. ലോക സമ്പന്നരുടെ പട്ടികയിൽ 91 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി എട്ടാം സ്ഥാനത്താണ്. അദാനിയുടെ ആസ്തി 155.7 ബില്യൺ ഡോളറാണ്. 273.5 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന് പിറകിലാണ് അദാനി. 

Read Also: ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ; വീഴ്ത്തിയത് ജെഫ് ബെസോസിനെ

click me!