വളര്‍ച്ചാ നിരക്ക് കുറയുമ്പോഴും കുതിച്ച് കയറി പരസ്യ വിപണി

By Web TeamFirst Published Dec 10, 2019, 9:02 PM IST
Highlights

അടുത്ത സാമ്പത്തിക വർഷത്തോടെ ഇന്ത്യ ലോകത്തെ ഏറ്റവും നല്ല പരസ്യ വിപണികളിൽ ഒന്നായി മാറുമെന്നാണ് വിലയിരുത്തൽ. പരസ്യ വിപണിയിൽ ഇന്ത്യ വൻ കുതിപ്പ് നടത്തുകയാണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.

ദില്ലി: കുറച്ച് ദിവസങ്ങളായി വിപണിയിൽ നിന്ന് അത്ര സുഖമുള്ള വാർത്തകളല്ല കേൾക്കുന്നത്. ജിഡിപി വളർച്ചാ നിരക്ക് താഴേക്ക് പോകുന്നതും, തൊഴിലില്ലായ്‌മ വർധിക്കുന്നതുമൊക്കെയാണ് ചർച്ചയിലുള്ളത്. എന്നാല്‍ പരസ്യ വിപണിയിൽ ഇന്ത്യ വൻ കുതിപ്പ് നടത്തുകയാണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.

പ്രതിവർഷം 12-13 ശതമാനമാണ് പരസ്യ വിപണിയുടെ വളർച്ച. 2019 ൽ തന്നെ ഇന്ത്യൻ പരസ്യ വിപണി 95000 കോടി രൂപയുടെ വളർച്ച നേടിക്കഴിഞ്ഞുവെന്നാണ് മീഡിയ ഏജൻസികളായ ഗ്രൂപ്പ് എം, സെനിത് എന്നിവയുടെ റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷത്തോടെ ഇന്ത്യ ലോകത്തെ ഏറ്റവും നല്ല പരസ്യ വിപണികളിൽ ഒന്നായി മാറുമെന്നാണ് വിലയിരുത്തൽ.

ജിഡിപി വളർച്ച താഴേക്ക് പോവുന്നത് ഹ്രസ്വ കാലത്തേക്ക് മാത്രമാണെന്നും ഭാവി ശോഭനമാണെന്നുമാണ് സെനിത് സിഇഒ തന്മയ് മൊഹന്തി പറഞ്ഞത്. ഇതോടെ അടുത്ത സാമ്പത്തിക വർഷം പകുതിയാകുന്നതോടെ ഇന്ത്യൻ വിപണി ശക്തിയാർജ്ജിക്കുമെന്ന വിലയിരുത്തൽ കൂടുതൽ വിശ്വസനീയമായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി പലവഴിക്കായി വിപണിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തിയിരുന്നു. എന്നാൽ ഇതൊന്നും വേണ്ടവിധം ഫലം ചെയ്തില്ലെന്നതാണ് വിലയിരുത്തൽ.

ഗ്രൂപ്പ് എമ്മിന്റെ വിലയിരുത്തൽ പ്രകാരം ഡിജിറ്റൽ മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതിൽ വൻ കുതിപ്പാണ് ഉണ്ടാവുന്നത്. 26.3 ശതമാനം വളർച്ചയാണ് 2020 ൽ പ്രതീക്ഷിക്കുന്നത്. ടെലിവിഷൻ വഴിയുള്ള പരസ്യങ്ങളിൽ 11.1 ശതമാനവും റേഡിയോ, ഔട്ട്ഡോർ എന്നിവ വഴിയുള്ള പരസ്യത്തിൽ എട്ട് ശതമാനം വളർച്ചയുമാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ സങ്കേതത്തിൽ നൽകുന്ന പരസ്യങ്ങൾ മൊത്തം പരസ്യ മൂല്യത്തിന്റെ 30 ശതമാനമാകുമെന്നും ഗ്രൂപ്പ് എം കണക്കുകളിൽ പറയുന്നു. ടെലിവിഷൻ വഴിയുള്ള പരസ്യങ്ങളുടെ മൂല്യം 42.5 ശതമാനമായിരിക്കും. അച്ചടി മാധ്യമങ്ങൾ വഴിയുള്ളത് 19.3 ശതമാനമാകുമെന്നും റിപ്പോർട്ടിൽ
വ്യക്തമാക്കുന്നു.

click me!