ഒറ്റ രക്ഷിതാവും കുട്ടിയും: ചെലവ് കുറച്ച് കൂടുതല്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ എന്താണ് വഴി?

Published : Nov 16, 2025, 10:07 PM IST
Health insurance policy

Synopsis

അധിക പണം മുടക്കാതെ, രക്ഷിതാവിനും കുട്ടിക്കും മതിയായ കവറേജ് എങ്ങനെ ഉറപ്പാക്കും എന്ന ചോദ്യം സാധാരണമാണ്. ഒറ്റ രക്ഷിതാക്കള്‍ക്ക് ഏറ്റവും മികച്ചതും ഫലപ്രദവുമായ ഇന്‍ഷുറന്‍സ് ഘടന ഏതാണെന്ന് പരിശോധിക്കാം.

ഒറ്റയ്ക്ക് കുട്ടിയെ വളര്‍ത്തുന്ന രക്ഷിതാക്കളെ സംബന്ധിച്ച് സാമ്പത്തിക സുരക്ഷിതത്വവും ഭാവി ആവശ്യങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് അത്തരമൊരു സുപ്രധാന കാര്യമാണ്. എന്നാല്‍, മിക്ക ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത് രണ്ട് രക്ഷിതാക്കളുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ്. ഈ സാഹചര്യത്തില്‍, ആവശ്യമില്ലാത്ത ഫീച്ചറുകള്‍ക്കായി അധിക പണം മുടക്കാതെ, രക്ഷിതാവിനും കുട്ടിക്കും മതിയായ കവറേജ് എങ്ങനെ ഉറപ്പാക്കും എന്ന ചോദ്യം സാധാരണമാണ്.

ഒറ്റ രക്ഷിതാക്കള്‍ക്ക് ഏറ്റവും മികച്ചതും ഫലപ്രദവുമായ ഇന്‍ഷുറന്‍സ് ഘടന ഏതാണെന്ന് പരിശോധിക്കാം. ഒറ്റ രക്ഷിതാക്കളുള്ള കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ട രണ്ട് പ്രധാന ഓപ്ഷനുകളാണ് ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനുകളും മള്‍ട്ടി-ഇന്‍ഡിവിജ്വല്‍ പ്ലാനുകളും.

1. മള്‍ട്ടി-ഇന്‍ഡിവിജ്വല്‍ പ്ലാനുകള്‍

രക്ഷിതാവിനും കുട്ടിക്കും വ്യത്യസ്തമായ കവറേജും സം അഷ്വേര്‍ഡ് തുകയും ഈ പ്ലാനുകളില്‍ ലഭിക്കും. ഒരൊറ്റ പോളിസിക്ക് കീഴിലാണ് ഇരുവരെയും ഉള്‍പ്പെടുത്തുന്നതെങ്കിലും, ഒരാള്‍ ക്ലെയിം ചെയ്താല്‍ അത് മറ്റൊരാളുടെ കവറേജിനെ ബാധിക്കില്ല. പ്രീമിയം കണക്കാക്കുന്നത് ഓരോ വ്യക്തിയുടെയും പ്രായത്തെ അടിസ്ഥാനമാക്കിയാണ്. രക്ഷിതാവും കുട്ടിയും തമ്മില്‍ 25-30 വര്‍ഷത്തെ പ്രായവ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍, കുട്ടിയുടെ കുറഞ്ഞ പ്രായം കാരണം പ്രീമിയം താരതമ്യേന കുറഞ്ഞിരിക്കും.

2. ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനുകള്‍

ഇതിലൂടെ രക്ഷിതാവിനും കുട്ടിക്കും ഒരൊറ്റ ഷെയര്‍ഡ് സം അഷ്വേര്‍ഡ് തുക ലഭിക്കുന്നു. പോളിസിയില്‍ ചേര്‍ത്തതില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ (സാധാരണയായി രക്ഷിതാവിന്റെ) പ്രായത്തെ അടിസ്ഥാനമാക്കിയാണ് ഫ്‌ളോട്ടര്‍ പ്ലാനുകളില്‍ പ്രീമിയം കണക്കാക്കുക. അതിനാല്‍, ഇത് മള്‍ട്ടി-ഇന്‍ഡിവിജ്വല്‍ പ്ലാനുകളേക്കാള്‍ കൂടുതല്‍ ചെലവേറിയതാകാന്‍ സാധ്യതയുണ്ട്. കാലക്രമേണ കവറേജ് വര്‍ദ്ധിപ്പിക്കാനോ മാറ്റങ്ങള്‍ വരുത്താനോ ഉള്ള സാധ്യതകള്‍ ഇതില്‍ കുറവാണ്. മിക്ക ഒറ്റ രക്ഷിതാക്കളുള്ള കുടുംബങ്ങള്‍ക്കും, ചെലവ്, സൗകര്യം, ദീര്‍ഘകാല പരിരക്ഷ എന്നിവയുടെ കാര്യത്തില്‍ മള്‍ട്ടി-ഇന്‍ഡിവിജ്വല്‍ പ്ലാനുകള്‍ ആണ് ഏറ്റവും മികച്ചത്. വ്യക്തിഗതമായി കവറേജ് ലഭിക്കുന്നതിലൂടെ ഫ്‌ളോട്ടര്‍ പ്ലാനുകളുടെ ഉയര്‍ന്ന ചെലവ് ഒഴിവാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

മതിയായ കവറേജ്: രക്ഷിതാവിനും കുട്ടിക്കും ഉപയോഗിക്കാനാകുന്ന ഒരു സം അഷ്വേര്‍ഡ് തുക തിരഞ്ഞെടുക്കുക.

നെറ്റ്വര്‍ക്ക് : മികച്ച ആശുപത്രികളുടെ നെറ്റ്വര്‍ക്ക് ഉള്ള ഇന്‍ഷുറര്‍മാരെ തിരഞ്ഞെടുക്കുക.

കാത്തിരിപ്പ് കാലയളവ്: നിലവിലുള്ള രോഗങ്ങള്‍ക്ക് കുറഞ്ഞ കാത്തിരിപ്പ് കാലയളവ് ഉള്ള പ്ലാനുകള്‍ക്ക് മുന്‍ഗണന നല്‍കുക.

പതിവായ അവലോകനം: ആരോഗ്യ ആവശ്യകതകള്‍ മാറുന്നതനുസരിച്ച് പോളിസി ഇടയ്ക്കിടെ അവലോകനം ചെയ്യുക.

PREV
Read more Articles on
click me!

Recommended Stories

ഗ്രാറ്റുവിറ്റിയില്‍ പറ്റിപ്പ് നടക്കില്ല; തടയിട്ട് പുതിയ തൊഴില്‍ നിയമം, മാറ്റങ്ങൾ അറിഞ്ഞിരിക്കണം
രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നഷ്ടം ആര്‍ക്കൊക്കെ? ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി