ആ പണം പാഴാകില്ല, പഴയ അക്കൗണ്ടുകളിലെ പണം കണ്ടെത്താം, 3 വഴികളിതാ...

Published : Nov 16, 2025, 09:42 PM IST
money

Synopsis

നിക്ഷേപകര്‍ക്കോ നിയമപരമായ അവകാശികള്‍ക്കോ ബാധകമായ പലിശ സഹിതം പിന്നീട് എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെട്ട ബാങ്കില്‍ നിന്ന് തിരികെ ക്ലെയിം ചെയ്യാന്‍ അവകാശമുണ്ട്.

കാലപ്പഴക്കം കാരണം നിഷ്‌ക്രിയമായ ബാങ്ക് അക്കൗണ്ടുകളിലെ പണത്തെക്കുറിച്ച് ആശങ്കയുണ്ടോ? എന്നാല്‍ പേടിക്കേണ്ട, ഈ തുക നിങ്ങള്‍ക്ക് തിരികെ ലഭിക്കും. അതിനുള്ള എളുപ്പവഴികള്‍ ഇതാ.... ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് 2014 മെയ് മാസത്തില്‍ നിക്ഷേപകര്‍ക്കുള്ള വിദ്യാഭ്യാസ, ബോധവല്‍ക്കരണ ഫണ്ട് (ഡിഇഎ) ആരംഭിച്ചു. സേവിങ്സ്/കറന്റ് അക്കൗണ്ടുകളില്‍ 10 വര്‍ഷമായി ഇടപാടുകള്‍ നടക്കാതിരിക്കുകയോ, ടേം ഡെപ്പോസിറ്റുകള്‍ കാലാവധി കഴിഞ്ഞ് 10 വര്‍ഷത്തിനകം ക്ലെയിം ചെയ്യാതിരിക്കുകയോ ചെയ്താല്‍, ആ തുകയെ 'അവകാശികളില്ലാത്ത നിക്ഷേപം ' ആയി കണക്കാക്കും. ഈ പണം ആര്‍ബിഐയുടെ ഡിഇഎ ഫണ്ടിലേക്ക് മാറ്റുമെങ്കിലും, നിക്ഷേപകര്‍ക്കോ നിയമപരമായ അവകാശികള്‍ക്കോ ബാധകമായ പലിശ സഹിതം പിന്നീട് എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെട്ട ബാങ്കില്‍ നിന്ന് തിരികെ ക്ലെയിം ചെയ്യാന്‍ അവകാശമുണ്ട്.

താഴെ പറയുന്ന അക്കൗണ്ടുകളിലെ തുകകള്‍ ആണ് ഡിഇഎയിലേക്ക് മാറ്റുക

  • സേവിങ്സ് ബാങ്ക്, കറന്റ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍
  • ഫിക്‌സഡ്, ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍
  • ക്യുമുലേറ്റീവ്/റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍
  • കാഷ് ക്രെഡിറ്റ്, ലോണ്‍ അക്കൗണ്ടുകള്‍ (ബാങ്ക് അഡ്ജസ്റ്റ്മെന്റിന് ശേഷം)
  • ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍, ബാങ്കേഴ്സ് ചെക്കുകള്‍ തുടങ്ങിയവയിലെ ക്ലെയിം ചെയ്യാത്ത തുകകള്‍
  • പഴയ പ്രീ-പെയ്ഡ് കാര്‍ഡുകളിലെ ഉപയോഗിക്കാത്ത ബാലന്‍സ് തുക
  • വിദേശ കറന്‍സി നിക്ഷേപങ്ങള്‍ രൂപയിലേക്ക് മാറ്റിയതിലെ തുകകള്‍

അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള എളുപ്പവഴികളില്‍ ഒന്നാണ് ആര്‍ബിഐയുടെ ഉദ്ഗം ( UDGAM ) പോര്‍ട്ടല്‍. രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ തിരയാന്‍ ഈ പോര്‍ട്ടല്‍ സൗകര്യമൊരുക്കുന്നു. നിലവില്‍ രാജ്യത്തെ 30 ബാങ്കുകളിലെ വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ ലഭ്യമാണ്. എങ്കിലും, നിക്ഷേപം തിരികെ ക്ലെയിം ചെയ്യേണ്ടത് അതത് ബാങ്കില്‍ നിന്ന് മാത്രമാണ്. UDGAM വെറും ഒരു സഹായി മാത്രമാണ്. (പോര്‍ട്ടല്‍ ലിങ്ക്: https://udgam.rbi.org.in)

തിരയാന്‍ വേണ്ട വിവരങ്ങള്‍:

വ്യക്തികള്‍ക്ക്: അക്കൗണ്ട് ഉടമയുടെ പേര്, ബാങ്കിന്റെ പേര് (ഒന്നിലധികം ബാങ്കുകള്‍ തിരഞ്ഞെടുക്കാം), കൂടാതെ പാന്‍, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് നമ്പര്‍, ജനനത്തീയതി എന്നിവയില്‍ ഏതെങ്കിലും വിവരങ്ങള്‍ നല്‍കണം.

സ്ഥാപനങ്ങള്‍ക്ക്: സ്ഥാപനത്തിന്റെ പേര്, ബാങ്കിന്റെ പേര്, അധികാരമുള്ള ഒപ്പിട്ടയാളുടെ പേര്, പാന്‍, എന്നിവയില്‍ ഏതെങ്കിലും ഒന്ന് നല്‍കണം.

മുകളില്‍ പറഞ്ഞ രേഖകളില്ലെങ്കില്‍, അക്കൗണ്ട് ഉടമയുടെയോ സ്ഥാപനത്തിന്റെയോ വിലാസം നല്‍കിയും തിരയാവുന്നതാണ്.

പണം തിരികെ നേടാന്‍ 3 എളുപ്പവഴികള്‍

നിക്ഷേപം കണ്ടെത്തിയാല്‍, അത് തിരികെ ലഭിക്കാനായി ഈ മൂന്ന് കാര്യങ്ങള്‍ ചെയ്യുക:

സ്ഥിരം ശാഖയല്ലെങ്കില്‍ പോലും, ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖയില്‍ പോവുക.

ആധാര്‍, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ കെവൈസി രേഖകള്‍ സഹിതം ക്ലെയിം ഫോം പൂരിപ്പിച്ച് നല്‍കുക.

ബാങ്ക് രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം, ബാധകമെങ്കില്‍ പലിശ സഹിതം നിങ്ങളുടെ തുക തിരികെ ലഭിക്കും.

അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നതിനായി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഡിസംബര്‍ വരെ രാജ്യത്തെ എല്ലാ ജില്ലകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം
Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?