
ദില്ലി: ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന വർഷം പുതുക്കിയതിനെ തുടർന്ന് രാജ്യത്തെ പണപ്പെരുപ്പ നിയന്ത്രണ ലക്ഷ്യം മാറ്റുന്നത് പരിശോധിച്ചുവരികയാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. കണക്കുകൂട്ടുന്ന രീതിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, പണപ്പെരുപ്പ ലക്ഷ്യം തന്നെ മാറ്റാൻ മാത്രം 'വലിയ മാറ്റങ്ങളല്ല' അവയെന്നും റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി. ബജറ്റിന് ശേഷമുള്ള പതിവ് യോഗത്തിൽ ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഭോക്തൃ വില സൂചിക, മൊത്ത ആഭ്യന്തര ഉത്പാദനം എന്നിവയുടെ പുതുക്കിയ അടിസ്ഥാന വർഷവും കണക്കുകൂട്ടൽ രീതിയും റിസർവ് ബാങ്കിന്റെ അടുത്ത പ്രൊജക്ഷനുകളിൽ ഉൾപ്പെടുത്തുമെന്ന് ഗവർണർ മൽഹോത്ര പറഞ്ഞു. ഏപ്രിലിലെ അടുത്ത പണനയ അവലോകന യോഗത്തിൽ പുറത്തിറക്കുന്ന പ്രൊജക്ഷനുകളിൽ ഈ പുതിയ രീതിയായിരിക്കും പരിഗണിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
പുതിയ മാറ്റങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. ഇത് ഇന്ത്യയിലെ കുടുംബങ്ങളുടെ ഉപഭോഗ രീതികൾ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുമെന്നും വിലക്കയറ്റത്തിലെ ചാഞ്ചാട്ടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാങ്കുകളുടെ മൂലധന പര്യാപ്തതയെക്കുറിച്ചും ഗവർണർ സംസാരിച്ചു. രാജ്യത്തെ ബാങ്കുകൾക്ക് ആവശ്യത്തിന് മൂലധനമുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. ബാങ്കുകളുടെ കയ്യിൽ ആവശ്യത്തിന് പണമുണ്ട്. അവരുടെ സ്വന്തം ആവശ്യങ്ങൾക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വായ്പാ ആവശ്യങ്ങൾ നിറവേറ്റാനും അവർ സുസജ്ജരാണെന്ന് അദ്ദേഹം പറഞ്ഞു. വായ്പാ നിരക്കുകൾ ഉയർന്നതുകൊണ്ട് ഇപ്പോൾ നിക്ഷേപ പലിശ നിരക്കുകളും കൂടിയിട്ടുണ്ട്. കൂടാതെ, നിക്ഷേപങ്ങൾ അല്ലാതെയും പണം കണ്ടെത്താൻ ബാങ്കുകൾക്ക് മറ്റ് മാർഗങ്ങളുണ്ട്. രാജ്യത്തിന്റെ ഏത് വായ്പാ ആവശ്യവും നിറവേറ്റാൻ ബാങ്കുകൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു