Vegetable Price : രണ്ടാഴ്ചക്കുള്ളിൽ വില കുറയും; ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിക്കാൻ സർക്കാർ

By Web TeamFirst Published Dec 12, 2021, 12:41 PM IST
Highlights

ആവശ്യമെങ്കിൽ ഹോർട്ടികോർപ്പിന് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും കൃഷിമന്ത്രി പറഞ്ഞു. തദേശീയ പച്ചക്കറികളും വിപണിയിൽ സുലഭമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: രണ്ട് ആഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില (Vegetable Price) കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ് (P Prasad). ഇടനിലക്കാർ ഇല്ലാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് സർക്കാർ നേരിട്ട് പച്ചക്കറി സംഭരിക്കും. തെങ്കാശിയിൽ ചർച്ച നടത്തിയിരുന്നു. കർഷക സംഘങ്ങളിൽ നിന്നാണ് സർക്കാർ പച്ചക്കറി വാങ്ങുക. ആവശ്യമെങ്കിൽ ഹോർട്ടികോർപ്പിന് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും കൃഷിമന്ത്രി പറഞ്ഞു. തദേശീയ പച്ചക്കറികളും വിപണിയിൽ സുലഭമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പച്ചക്കറി വില സര്‍വകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. തക്കാളി വില ചില്ലറ വിപണിയിൽ 120ന് മുകളിലെത്തി. മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വില കൂടി. ചില്ലറ വിപണിയിൽ കിലോയ്ക്ക് 40 രൂപ വരെ കൂടി. തമിഴ്നാട്ടിലെയും കർണാടകത്തിലെയും മൊത്ത വിപണിയിൽ ക്ഷാമമായതിനാൽ പച്ചക്കറി കിട്ടാനില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. സപ്ലൈകോയിലെ പലചരക്ക് സാധനങ്ങൾക്കും വില കൂടി. എന്നാൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ഇതുവരെ സബ്സിഡി ഇനങ്ങൾക്ക് വില കൂട്ടിയിട്ടില്ലെന്നതാണ് മന്ത്രിയുടെ പ്രതികരണം.

Also Read: പച്ചക്കറി വില റെക്കോർഡിൽ; പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ, സപ്ലൈകോയും വില കൂട്ടി

നിശ്ചിത അളവിൽ ലഭിക്കുന്ന സബ്സിഡി സാധനങ്ങൾക്ക് പുറമേ വാങ്ങുന്ന സാധനങ്ങൾക്കാണ് കൂടുതൽ തുക ഈടാക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് സപ്ലൈക്കോ വില കൂട്ടുന്നത്. ഏറ്റവും വില കൂടിയത് വറ്റൽ മുളകിന്. കിലോയ്ക്ക് 112 ആയിരുന്നത് 22 രൂപ കൂടി 134 രൂപ ആയി. ചെറുപയർ കിലോ 84 രൂപയുണ്ടായിരുന്നത് 98 രൂപയായി ഉയര്‍ന്നു. 105 രൂപയുണ്ടായിരുന്ന ചെറുപയർ പരിപ്പിന് 116 രൂപയായി. പരിപ്പ് 76ൽ നിന്ന് 82 രൂപയായി. 44 രൂപയായിരുന്ന മുതിര കിലോയ്ക്ക് 50 രൂപയായി. മല്ലി 106ൽ നിന്ന് 110 രൂപയിലെത്തി. ഉഴുന്ന് 100ൽ നിന്ന് 104 രൂപയായി. കടുകിന് 106ൽ നിന്ന് 110 ഉം ജീരകം 196ൽ നിന്ന് 210 ഉം രൂപയായി. മട്ട ഉണ്ട അരിക്ക് മൂന്ന് രൂപ കൂടി 31 രൂപയായി. 

click me!