
ദില്ലി: സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്ന് എയർ ഇന്ത്യ പുതിയ കെട്ടിടങ്ങളിലേക്ക് മാറുന്നു. സ്വകാര്യവൽക്കരിക്കപ്പെട്ടതോടെ ഇനി എയർ ഇന്ത്യക്ക് സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും സ്ഥലങ്ങളിലും പ്രവർത്തിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഒഴിയുന്നത്. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ പൊതുമേഖല വിമാന കമ്പനികളെ ഈ വർഷം ജനുവരി 27നാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത്.
ദില്ലിയിലെ തലസ്ഥാന പരിധിയ്ക്ക് അകത്തുള്ള ഒരു അത്യാധുനിക ഓഫീസിലാവും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനിയുടെയും ഓഫീസുകൾ ഇനി പ്രവർത്തിക്കുക. അടുത്ത വർഷം മാർച്ച് മാസത്തോടെയാകും ഈ മാറ്റം.
എയർലൈൻസ് ഹൗസ്, സഫ്ദർജംഗ് കോംപ്ലക്സ്, ജി എസ് ഡി കോംപ്ലക്സ്, ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ എന്നിവിടങ്ങളിലാണ് എയർഇന്ത്യയുടെ ഭൂരിഭാഗം ജീവനക്കാരും ഇതുവരെ ഉണ്ടായിരുന്നത്. വിമാനക്കമ്പനികളുടെ ഓഫീസുകൾ സംയോജിപ്പിച്ച് പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ടാറ്റാ ഗ്രൂപ്പിന്റെ ലക്ഷ്യം.
അതേസമയം പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എയര്‍ ഇന്ത്യ പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. സെപ്തംബർ എട്ടിനാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. 20 പുതിയ പ്രതിവാര വിമാന സര്‍വീസുകളാണ് ഖത്തറിലേക്ക് പ്രഖ്യാപിച്ചത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.
ഈ കാലയളവില്‍ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വീസുകള്‍ ദോഹയിലേക്ക് പറക്കുക. 2022 ഒക്ടോബര്‍ 30 മുതല്‍ ഈ സര്‍വീസുകള്‍ക്ക് തുടക്കമാകും. ആഴ്ചയില്‍ 13 സര്‍വീസുകള്‍ മുംബൈയില്‍ നിന്നും നാലെണ്ണം ഹൈദരാബാദില്‍ നിന്നും മൂന്ന് സര്‍വീസുകള്‍ ചെന്നൈയില്‍ നിന്നും ദോഹയിലേക്ക് പറക്കും. ദില്ലിയില്‍ നിന്ന് ദോഹയിലേക്ക് നിലവിലുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വീസുകളെന്ന് വിമാന കമ്പനി വ്യക്തമാക്കി.
Read More : എയർ ഇന്ത്യയ്ക്കായി 4 ബില്യൺ ഡോളർ; വമ്പൻ പദ്ധതിയുമായി ടാറ്റ