Latest Videos

മൂന്ന് മാസത്തെ ടാറ്റയുടെ കാത്തിരിപ്പ് അവസാനിക്കുന്നു; എയർ ഇന്ത്യ കൈമാറ്റം ഉടൻ

By Web TeamFirst Published Jan 24, 2022, 9:44 PM IST
Highlights

ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് എയർ ഇന്ത്യയെ കൈമാറാനുള്ള തീരുമാനം ഒക്ടോബർ എട്ടിനാണ് കേന്ദ്രസർക്കാർ കൈക്കൊണ്ട

ദില്ലി: മൂന്ന് മാസത്തെ ടാറ്റയുടെ കാത്തിരിപ്പ് അവസാനിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് റിപ്പബ്ലിക് ദിനത്തിന് ശേഷം കൈമാറുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അവശേഷിക്കുന്ന നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ പൂർത്തിയാക്കി കമ്പനി കൈമാറ്റം നടക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് എയർ ഇന്ത്യയെ കൈമാറാനുള്ള തീരുമാനം ഒക്ടോബർ എട്ടിനാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്. 18000 കോടി രൂപയായിരുന്നു കമ്പനി ക്വോട്ട് ചെയ്ത തുക. ഒക്ടോബർ 11 ന് താത്പര്യ പത്രം ടാറ്റയ്ക്ക് കൈമാറി. ഒക്ടോബർ 25 ന് ഇരുവരും ഓഹരി കൈമാറ്റ കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികളും എയർ ഇന്ത്യ സാറ്റ്സിലെ 50 ശതമാനം ഓഹരികളുമാണ് ടാലസിന് ലഭിക്കുക.

ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാവും എയർ ഇന്ത്യ. എയർ ഏഷ്യാ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ പക്കലുണ്ട്. സിങ്കപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ. 1932 ൽ ടാറ്റ എയർലൈൻസായി ജെആർഡി ടാറ്റയാണ് ഈ വിമാനക്കമ്പനിക്ക് ജന്മം നൽകിയത്. 1946 ൽ എയർ ഇന്ത്യയെന്ന് പുനർനാമകരണം ചെയ്തു. 1953 ൽ കേന്ദ്രസർക്കാർ ഈ വിമാനക്കമ്പനിയെ ദേശസാത്കരിച്ചതോടെയാണ് ഇത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായത്. ഇപ്പോൾ ദിവസം 20 കോടിയോളം രൂപ നഷ്ടം വരുത്തിയതോടെയാണ് ഈ ബാധ്യത ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

click me!