ഫ്ലൈറ്റ് ബുക്ക് ചെയ്യാം വമ്പൻ കിഴിവിൽ; ‘മൺസൂൺ ബൊനാൻസ’ അവതരിപ്പിച്ച് ആകാശ എയർ

By Web TeamFirst Published Jun 1, 2023, 2:57 PM IST
Highlights

വിമാന യാത്ര നിരക്കിൽ കിഴിവ് പ്രഖ്യാപിച്ച് ആകാശ എയർ. മിതമായ നിരക്കിൽ സീറ്റ് റിസർവ് ചെയ്യാം. ഈ കിഴിവ് ലഭിക്കുന്നതിനായി എന്തുചെയ്യണം എന്നറിയാം

ദില്ലി: വിമാന യാത്ര നിരക്കിൽ കിഴിവ് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നായ ആകാശ എയർ. വരാനിരിക്കുന്ന യാത്രകൾക്കായി ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ സീറ്റ് റിസർവ് ചെയ്യാനുള്ള അവസരം നൽകുകയാണ് ആകാശ എയർ.  ‘മൺസൂൺ ബൊനാൻസ’ എന്ന പേരിലാണ് ആകാശ എയർ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

രാജ്യത്തുടനീളമുള്ള 16 സ്ഥലങ്ങളിലേക്ക് വൺ-വേ അല്ലെങ്കിൽ റൗണ്ട് ട്രിപ്പ് യാത്ര ബുക്ക് ചെയ്യുമ്പോൾ എയർലൈൻ "സേവർ", "ഫ്ലെക്സി" നിരക്കുകളിൽ 10 ശതമാനം കിഴിവ് നൽകുന്നു. ഈ കിഴിവ് ലഭിക്കുന്നതിനായി  "മൺസൂൺ" എന്ന കോഡ് ഉപയോഗിക്കണം. ജൂലൈ ഒന്ന് മുതലുള്ള യാത്രകൾക്ക്  മെയ് 30 മുതൽ ജൂൺ 5 വരെ ബുക്ക് ചെയ്യാം. ആകാശ എയറിലെ ഫ്ലൈറ്റുകൾക്കുള്ള ബുക്കിംഗുകൾ എയർലൈനിന്റെ വെബ്‌സൈറ്റ് ആയ  www.akasaair.com, വഴി നടത്താം. 

ALSO READ: സമ്പന്ന സിംഹാസനത്തിലേക്ക് വീണ്ടും ഇലോൺ മസ്‌ക്; ഇനി ലോകത്തിലെ ഏറ്റവും വലിയ ധനികൻ

രാകേഷ് ജുൻജുൻവാല, ആദിത്യ ഘോഷ്, വിനയ് ദുബെ എന്നിവർ ചേർന്ന് ആരംഭിച്ചതാണ് ആകാശ എയർ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് അഹമ്മദാബാദ് നഗരത്തിലേക്കുള്ള കന്നി വിമാനം പറത്തിക്കൊണ്ട്  ഓഗസ്റ്റ് 7 നാണ് ആകാശ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ 72 ബോയിംഗ് 737 മാക്‌സ് ജെറ്റുകൾക്ക് ഓർഡർ നൽകിയ ആകാശ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് കാരിയറുകളുമായാണ് മത്സരിക്കുന്നത്. അൾട്രാ ലോ കോസ്റ്റ് എയർലൈൻസ് എന്നാണ് ഉടമകൾ ആകാശ എയറിനെ വിശേഷിപ്പിക്കുന്നത്.   

മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിലേക്കെല്ലാം ഇന്ന് ആകാശ എയർ സർവീസ് നടത്തുന്നുണ്ട്. വളർത്തു മൃഗങ്ങളെ യാത്രയിൽ ഒപ്പം കൂട്ടം എന്ന സൗകര്യവും എയർലൈൻ നൽകുന്നു. കൂടാതെ, കാഴ്ച വൈകല്യമുള്ള ആളുകൾക്ക് യാത്ര ഉൾപ്പെടെയുള്ള ശ്രമങ്ങൾ നടത്തുന്നതിനായി ആകാശ എയർ അടുത്തിടെ ബ്രെയിൽ ലിപിയിൽ അതിന്റെ സുരക്ഷാ നിർദ്ദേശ കാർഡ് ലഭ്യമാക്കിയിട്ടുണ്ട്.
 

click me!