പത്താമത്തെ ലക്ഷ്യ സ്ഥാനത്തേക്ക് ആകാശ എയർ; വിശാഖപട്ടണം-ബെംഗളൂരു ഫ്ലൈറ്റ് ഇന്ന് ആരംഭിക്കുന്നു

By Web TeamFirst Published Dec 10, 2022, 11:32 AM IST
Highlights

ദില്ലി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂനെ, വിശാഖപട്ടണം എന്നീ എട്ട് നഗരങ്ങളിലേക്ക് ബംഗളുരുവിൽ നിന്നും കൂടുതൽ ഫ്ലൈറ്റുകൾ ഉണ്ടാകും. 
 

ദില്ലി: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ പത്താമത്തെ ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയരുന്നു. ഡിസംബർ 10 മുതൽ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എയർലൈൻ. ഈ വർഷം ഓഗസ്റ്റിൽ ആരംഭിച്ച എയർലൈൻ രാജ്യത്തെ ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നാണ്. 

ബെംഗളൂരു-വിശാഖപട്ടണം റൂട്ടിൽ രണ്ട് പ്രതിദിന ഫ്ലൈറ്റുകൾ ആകാശ എയർ  ആരംഭിക്കും, ആദ്യ ഫ്രീക്വൻസി ഡിസംബർ 10 മുതലും രണ്ടാമത്തെ ഫ്രീക്വൻസി ഡിസംബർ 12 മുതലും ആരംഭിക്കുമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ ആകാശ എയർ ബെംഗളൂരുവും അഹമ്മദാബാദും തമ്മിലുള്ള കണക്റ്റിവിറ്റി കൂടുതൽ വർധിപ്പിക്കുന്നു.

അടുത്തിടെ ആകാശ എയർ, ഇന്ത്യയുടെ ഐടി ഹബ്ബുകളായ പൂനെ, ബെംഗളൂരു എന്നിവിടങ്ങളിൽ നവംബർ 26-ന് രണ്ട് പ്രതിദിന ഫ്ലൈറ്റുകള്‍ ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. മുംബൈ, അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂനെ, വിശാഖപട്ടണം എന്നീ എട്ട് നഗരങ്ങളിലേക്ക് കണക്റ്റ് ചെയ്തുകൊണ്ട് ആകാശ എയർ ഇപ്പോൾ ബെംഗളൂരുവിലേക്ക് പ്രതിദിന നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്യും.

ദക്ഷിണേന്ത്യയിലെ നാലാമത്തെ പ്രധാന നഗരമായി വികസിക്കുന്ന വിശാഖപട്ടണത്തെ ഞങ്ങളുടെ നെറ്റ്‌വർക്കിലേക്ക് ചേർക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആകാശ എയർ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ പ്രവീൺ അയ്യർ പറഞ്ഞു. വിശാഖപട്ടണം ഒരു ടയർ II നഗരമാണ്, കൂടാതെ അതിന്റെ തീരദേശ പ്രവർത്തങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ കുതിച്ചുചാട്ടം, വ്യാവസായിക സാധ്യതകൾ എന്നിവ കാരണം ഇന്ത്യയുടെ വളർച്ചയെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. 

അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ചെന്നൈ, മുംബൈ, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, വിശാഖപട്ടണം എന്നിങ്ങനെ പത്ത് നഗരങ്ങളിലായി മൊത്തം പതിനാല് റൂട്ടുകളിലായി ഡിസംബർ പകുതിയോടെ ആകാശ എയർ അതിന്റെ പ്രവർത്തനങ്ങൾ  വർധിപ്പിക്കുന്നു.  

click me!