
കൊച്ചി: അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ചയായതിനാൽ ഇന്ന് സ്വർണവില പരിഷ്‌കരിച്ചിട്ടില്ല. ഇന്നലത്തെ അതേ വിലയിലാണ് സ്വർണം വിൽക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,280 രൂപയും ഒരു പവന് 1,14,240 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷനാണ് കണക്കുകൾ പുറത്തുവിട്ടത്.
അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് കുടുംബത്തിന് ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് വിശ്വാസം. കഴിഞ്ഞ വർഷത്തെ അക്ഷയതൃതീയ ഏപ്രിൽ 30 ന് ആയിരുന്നു. ആ സമയത്ത് ഒരു പവൻ സ്വർണത്തിന്റെ വില 71,840 രൂപയായിരുന്നു. ഒരു വർഷത്തിനിടെ 62ശതമാനത്തിന്റെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന സ്വർണ വ്യാപാരം നടക്കുന്നത് അക്ഷയ് തൃതീയ നാളിലാണ്. നിലവിൽ, കേരളത്തിലെ ചെറുതും,വലുതുമായ 12000 ഓളം സ്വർണ വ്യാപാര ശാലകള്‍ അക്ഷയതൃതീയയുടെ തിരക്കിലാണ്.
വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് (ചാന്ദ്രദിനം) അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്. വരൾച്ചയിൽ നിന്നും ഭൂമിക്ക് സാന്ത്വന സ്പർശമായി ഭഗീരഥ മുനിയുടെ തപസിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഒഴുകിയെത്തിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് വിശ്വാസം. ബലഭദ്രൻ ജനിച്ച ദിവസം കൂടിയാണ് അക്ഷയ് തൃതീയ. സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് പുറമേ, ഈ ദിനത്തിൽ ദാനധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി കരുതുന്നു. അക്ഷയ തൃതീയ നാളിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുന്നു.
അക്ഷയ തൃതീയ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്‌സിൽ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ നിർവഹിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അരുൺ മല്ലർ, സംസ്ഥാന കൗൺസിൽ അംഗം സുധീർ കല്യാൺ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 8 മണിയോടെ കേരളത്തിലെ എല്ലാ ഷോറൂമുകളും തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പരമ്പരാഗതമായ ഉത്സാഹ തിമിർപ്പോടെ ഉപഭോക്താക്കൾ രാവിലെ തന്നെ കേരളത്തിലെ എല്ലാ ജ്വല്ലറി ഷോറൂമുകളിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ അറിയിച്ചു. സ്വർണവില 18 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 11,735 രൂപയും പവന് 93,880 രൂപയുമാണ്. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,135 രൂപയും പവന് 73,080 രൂപയുമാണ്. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ വർഷം ജനുവരി 29-നാണ് കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു റെക്കോർഡ് നിരക്ക്.