ഉത്സവകാല വില്‍പ്പന മുന്നില്‍ക്കണ്ട് ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ് മേഖലകളിൽ തൊഴിലവസരങ്ങൾ വർധിച്ചെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തത് കമ്പനികൾക്ക് വെല്ലുവിളിയാകുന്നു. വൻനഗരങ്ങൾക്ക് പുറമെ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലും താല്‍ക്കാലിക തൊഴിലാളികൾക്കുള്ള ആവശ്യം വർധിച്ചിട്ടുണ്ട്.

ഉത്സവകാല വില്‍പ്പന മുന്നില്‍ക്കണ്ട് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ കമ്പനികള്‍ ഒരുങ്ങുമ്പോഴും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തത് വെല്ലുവിളിയാകുന്നു. ഓണ്‍ലൈന്‍ വ്യാപാരം, ക്വിക്ക് കൊമേഴ്സ്, ഭക്ഷണവിതരണം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലാണ് തൊഴിലാളികളുടെ ക്ഷാമം കൂടുതല്‍ പ്രകടമാകുന്നത്. ഉയര്‍ന്ന കൂലിയും ജീവനക്കാരെ കണ്ടെത്താനുള്ള കമ്പനികള്‍ തമ്മിലുള്ള മത്സരവുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

അതേസമയം, ഉത്സവ സീസണിന്റെ ഭാഗമായി താല്‍ക്കാലിക ജോലികളുടെയും ഗിഗ് തൊഴില്‍ അവസരങ്ങളുടെയും എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15-20 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡെലിവറി, വെയര്‍ഹൗസ് ജോലികള്‍ക്ക് പുറമേ കടകളിലെ ജീവനക്കാര്‍, ക്യാഷ്യര്‍മാര്‍, പ്രമോട്ടര്‍മാര്‍, ഉപഭോക്തൃ സേവന വിഭാഗത്തിലെ ജീവനക്കാര്‍ എന്നിവര്‍ക്കും നിയമനം നടക്കുന്നുണ്ട്. ഉത്സവകാലത്തെ തിരക്ക് കണക്കിലെടുത്ത് ഹോസ്പിറ്റാലിറ്റി മേഖലയിലും നിയമനം വര്‍ധിക്കുന്നുണ്ട്.

ഒക്ടോബര്‍ അവസാനത്തോടെ ഇന്ത്യയിലെ ഉത്സവകാല തൊഴില്‍ വിപണിയില്‍ 2.5 ലക്ഷം മുതല്‍ 2.7 ലക്ഷം വരെ താല്‍ക്കാലിക, ഗിഗ് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്റ്റാഫിങ്, റിക്രൂട്ട്മെന്റ് സേവനദാതാക്കളായ അദെക്കോ ഇന്ത്യ അറിയിച്ചു.വന്‍നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇത്തവണത്തെ നിയമനത്തിരക്ക്. രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലും താല്‍ക്കാലിക തൊഴിലാളികള്‍ക്കുള്ള ആവശ്യം വര്‍ധിക്കുകയാണ്. ലഖ്‌നൗ, ഭുവനേശ്വര്‍, ജയ്പൂര്‍, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. കാണ്‍പുര്‍, കൊച്ചി, വിജയവാഡ തുടങ്ങിയ നഗരങ്ങളില്‍ നിയമനങ്ങള്‍ 18-22 ശതമാനം ഉയര്‍ന്നതായും അദെക്കോ ഇന്ത്യ വ്യക്തമാക്കുന്നു.

അതേ സമയം തിരക്കേറിയ വില്‍പ്പനക്കാലത്ത് ആവശ്യമായ തൊഴിലാളികളുടെ എണ്ണവും ലഭ്യമായ തൊഴിലാളികളുടെ എണ്ണവും തമ്മില്‍ 10-15 ശതമാനത്തിന്റെ വ്യത്യാസമുണ്ടെന്നാണ് സ്റ്റാഫിങ് സ്ഥാപനങ്ങളുടെ കണക്ക്. ഒരേ വിഭാഗം തൊഴിലാളികള്‍ക്കായി ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ്, ഭക്ഷണവിതരണം, ലോജിസ്റ്റിക്‌സ് കമ്പനികള്‍ മത്സരിക്കുന്നതാണ് പ്രധാന കാരണം. ദില്ലി എന്‍സിആര്‍, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഒന്നാംനിര നഗരങ്ങളിലാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷം. ഈ നഗരങ്ങളില്‍ തൊഴിലാളികളുടെ ക്ഷാമം ഏകദേശം 30 ശതമാനമാണെന്നാണ് വ്യവസായ മേഖലയിലെ കണക്ക്.

ജീവനക്കാര്‍ ഇടയ്ക്കിടെ ജോലി മാറുന്നതും കമ്പനികള്‍ക്ക് തലവേദനയാകുന്നുണ്ട്. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനാല്‍ ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് എളുപ്പമാണ്. ഉത്സവകാലത്തെ വലിയ വില്‍പ്പനയ്ക്കിടെ ജീവനക്കാര്‍ പെട്ടെന്ന് ജോലി ഉപേക്ഷിക്കുന്നത് ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്നതിനും സമയത്ത് സാധനങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുന്നതിനും തടസമാകുന്നു.

ക്വിക്ക് കൊമേഴ്സ് മേഖലയില്‍ കൂടുതല്‍ നിയമനം

താല്‍ക്കാലിക തൊഴിലാളികള്‍ക്കായുള്ള ആവശ്യത്തിന്റെ വലിയൊരു പങ്കും ക്വിക്ക് കൊമേഴ്സ്, വെയര്‍ഹൗസിങ്, മേഖലകളില്‍ നിന്നാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ സാധനങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുന്നതിനായി കൂടുതല്‍ ഡാര്‍ക്ക് സ്റ്റോറുകളും പ്രാദേശിക വിതരണ കേന്ദ്രങ്ങളും ആരംഭിക്കുന്നതോടെ ഡെലിവറി ജീവനക്കാര്‍, സാധനങ്ങള്‍ തിരഞ്ഞെടുത്ത് ശേഖരിക്കുന്നവര്‍, പായ്ക്ക് ചെയ്യുന്നവര്‍, തരംതിരിക്കുന്നവര്‍, സ്റ്റോക്ക് കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങിയവരുടെ ആവശ്യവും വര്‍ധിച്ചു.