
പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ പെയിന്റ്, വിമാനയാത്ര, വളം എന്നിവയ്ക്ക് വരെ വരും മാസങ്ങളില്‍ വില കൂടിയേക്കുമെന്നാണ് സൂചന.
യുദ്ധം തുടങ്ങിയതിനു പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം 33 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇതിനു പുറമെ വ്യവസായങ്ങള്‍ക്ക് ആവശ്യമായ മറ്റ് അസംസ്‌കൃത വസ്തുക്കളായ യൂറിയ, നാഫ്ത, സള്‍ഫര്‍, ടൈറ്റാനിയം ഡയോക്‌സൈഡ്, പിവിസി റെസിന്‍ എന്നിവയ്ക്ക് കഴിഞ്ഞ ഒന്നര മാസത്തിനിടെ 20 മുതല്‍ 70 ശതമാനം വരെ വില വര്‍ധിച്ചു. ഇതോടെ ഉല്‍പാദനച്ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാണ് കമ്പനികള്‍.
പെയിന്റ്, സോപ്പ്, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ പെയിന്റ് കമ്പനികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. മഴക്കാലത്തിന് മുന്‍പ് വീട് പണികളും അറ്റകുറ്റപ്പണികളും നടക്കുന്ന സമയമാണിത്. നിലവില്‍ കമ്പനികളുടെ പക്കല്‍ ഏപ്രില്‍ അവസാനം വരെയുള്ള സ്റ്റോക്ക് മാത്രമേയുള്ളൂവെന്നും, പുതിയ സ്റ്റോക്ക് ഉയര്‍ന്ന വിലയ്ക്ക് വാങ്ങേണ്ടി വരുമെന്നും ബര്‍ജര്‍ പെയിന്റ്‌സ വ്യക്തമാക്കി. ഇതിന്റെ ഭാരം ഉപഭോക്താക്കള്‍ ചുമക്കേണ്ടി വരും.
യാത്രയും ചരക്കുനീക്കവും ചെലവേറും
ക്രൂഡ് ഓയില്‍ വിലയിലെ ഓരോ 10 ഡോളറിന്റെ വര്‍ധനവും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയില്‍ 0.4 ശതമാനത്തിന്റെ വര്‍ധനയുണ്ടാക്കും. വിമാനക്കമ്പനികളുടെ ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് മാറ്റിവെക്കുന്നത്. ഇന്ധനവില കൂടിയതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചു തുടങ്ങി. ഇത് ചരക്കുനീക്കത്തെയും ബാധിക്കുന്നതിനാല്‍ എല്ലാ മേഖലകളിലും വിലക്കയറ്റത്തിന് സാധ്യതയുണ്ട്.
വളക്ഷാമം കര്‍ഷകര്‍ക്ക് തിരിച്ചടിയായേക്കാം
ഇന്ത്യക്കാവശ്യമായ വളത്തിന്റെ 30 ശതമാനത്തോളമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 40 ശതമാനവും വരുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം യുദ്ധം കാരണം തടസ്സപ്പെട്ടത് പ്രകൃതിവാതകത്തിന്റെ ലഭ്യതയെ ബാധിച്ചു. ഇത് ആഭ്യന്തര വളം ഉല്‍പാദനം കുറയാന്‍ കാരണമായിട്ടുണ്ട്. സ്ഥിതി തുടര്‍ന്നാല്‍ വളം സബ്സിഡിക്കായി സര്‍ക്കാര്‍ വന്‍ തുക അധികമായി കണ്ടെത്തേണ്ടി വരും.
രൂപയുടെ തളര്‍ച്ചയും തിരിച്ചടി
ആഗോള വിപണിയിലെ അസ്ഥിരത കാരണം ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതും തിരിച്ചടിയാണ്. രൂപ ദുര്‍ബലമാകുന്നതോടെ വിദേശത്തുനിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കമ്പനികള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരുന്നു. ഇത് രാജ്യത്തെ വ്യവസായ മേഖലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു.