
സ്വര്‍ണം വാങ്ങുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ദിനം, നാളെ അക്ഷയതൃതീയ. ആഴ്ചകള്‍ക്ക് മുന്‍പേ ബുക്കിങ് സ്വീകരിച്ച് രാജ്യത്തെ ജ്വല്ലറികളും സ്വര്‍ണ വില്‍പ്പനയുടെ മഹാമേളയ്ക്ക് തയ്യാറായിക്കഴിഞ്ഞു. ഇപ്രാവശ്യം സ്വര്‍ണത്തിന് റെക്കോര്‍ഡ് വില്‍പ്പന ഉണ്ടായേക്കുമെന്നാണ് ജ്വല്ലറി ഉടമകളുടെ പ്രതീക്ഷ. ചില വര്‍ഷങ്ങളില്‍ അക്ഷയതൃതീയ മുഹൂര്‍ത്തം രണ്ട് ദിവസങ്ങളിലായി വരാറുണ്ടെങ്കിലും ഇത്തവണ ഒരു ദിവസം മാത്രമാണ്. രാജ്യമൊട്ടുക്കും സ്വര്‍ണ വ്യാപാരികള്‍ ഈ ദിനം ആകര്‍ഷകമാക്കാന്‍ വമ്പന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം അക്ഷയതൃതീയ ബുക്കിങ്ങിനോട് ആവേശകരമായ പ്രതികരണമാണ് ആളുകളില്‍ നിന്നുണ്ടായതെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു.
എന്താണ് അക്ഷയ തൃതീയ?
ഭാരതീയ വിശ്വാസപ്രകാരം അക്ഷയതൃതീയ ദിനത്തെ സര്‍വൈശ്വര്യത്തിന്‍റെ ദിനമായാണ് കണക്കാക്കുന്നത്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയയായി കണക്കാക്കുന്നത്. വൈശാഖ മാസത്തിലെ ഈ ദിനത്തില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ലെന്നാണ് വിശ്വാസം. ദാനാദിധര്‍മ്മങ്ങള്‍ക്കും ശുഭകാര്യങ്ങള്‍ക്കും ഏറ്റവും ഉത്തമമാണ് ഈ ദിനം. ജപഹോമ പിതൃതര്‍പ്പണത്തിനും വൈശാഖ മാസത്തിലെ ഈ തൃതീയ ഉത്തമാണെന്നാണ് വിശ്വാസം. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ്ണവും രത്‌നവും വാങ്ങുന്നത് വിശിഷ്ടമാണെന്നാണ് കരുതപ്പെടുന്നത്. പ്രമുഖ ജ്വല്ലറി ശൃംഖലകളെല്ലാം ഏറ്റവും പുതിയ അക്ഷയ തൃതീയ കളക്ഷനുകളാണ് ഉപഭോക്തക്കാള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഈ വര്‍ഷം റെക്കോര്‍ഡ് വില്‍പ്പന...
ഈ വര്‍ഷം സ്വര്‍ണ ആഭരണങ്ങളുടെ വില്‍പ്പന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. അതിന് അവര്‍ കാരണമായി പറയുന്നത് കുറഞ്ഞ് നില്‍ക്കുന്ന സ്വര്‍ണവിലയും മുന്‍ വര്‍ഷങ്ങളിലുണ്ടായ വില്‍പ്പന വളര്‍ച്ചയുമാണ്. മുന്‍ വര്‍ഷങ്ങളിലെല്ലാം ഈ ദിവസം അടുക്കുമ്പോഴേക്കും സ്വര്‍ണവിലയില്‍ വലിയ വര്‍ധന ദൃശ്യമായിരുന്നു. എന്നാല്‍, ഈ വര്‍ഷം അത്തരത്തില്‍ ഒരു വിലക്കയറ്റം ഉണ്ടായിട്ടില്ല. ഏപ്രില്‍ 25 ന് ഒരു പവന് 23,720 രൂപയായിരുന്ന സ്വര്‍ണ നിരക്ക് ഇന്ന് 23,640 ലേക്ക് താഴ്ന്നു.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏതാണ്ട് 500 കോടി രൂപയുടെ സ്വര്‍ണ വില്‍പ്പനയാണ് നടന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 25 ശതമാനം കൂടിയ വില്‍പ്പനയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെക്കാള്‍ ഗ്രാമിന് 300 രൂപയോളം സ്വര്‍ണത്തിന് ഉയര്‍ന്ന് നിന്ന സാഹചര്യത്തിലായിരുന്നു ഈ വില്‍പ്പന വളര്‍ച്ച. 2019 ലെ അക്ഷയതൃതീയയില്‍ 2018 നെക്കാള്‍ 25 ശതമാനത്തിന് മേല്‍ സ്വര്‍ണാഭരണ വില്‍പ്പന ഉയരുമെന്നാണ് ജ്വല്ലറി ഉടമകളുടെ പ്രതീക്ഷ. വില കഴിഞ്ഞ 10 ദിവസത്തിനകത്ത് കുറയുന്നതായുളള വാര്‍ത്തകള്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പര്യപ്പെട്ടിരിക്കുന്നവരെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഓണ്‍ലൈന്‍ വഴി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തിലും വ്യാപാരികള്‍ വര്‍ധന പ്രതീക്ഷിക്കുന്നു. വാലെന്‍റയിന്‍സ് ദിനവും അക്ഷയതൃതീയയുമാണ് രാജ്യത്ത് ആഭരണ വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തുന്ന വിശേഷാവസരങ്ങളായി കണക്കാക്കുന്നത്.
2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്. ഈ വര്‍ഷം ഫെബ്രുവരി 20 ന് രേഖപ്പെടുത്തിയ ഈ ഉയര്‍ന്ന നിരക്കില്‍ നിന്ന് പവന് 1,520 രൂപ കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ സ്വര്‍ണം. അതായത് ഗ്രാമിന് 190 രൂപയുടെ ഇടിവ് നേരിട്ടു.
സൂപ്പര്‍ സ്റ്റാറുകളായി ദേവീദേവന്മാര്‍
അക്ഷയതൃതീയ ദിനത്തിലെ സൂപ്പര്‍ താരങ്ങള്‍ പലപ്പോഴും ഒരു ഗ്രാം മുതല്‍ ഒരു പവന്‍ വരെ തൂക്കം വരുന്ന ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്വര്‍ണ നാണയങ്ങളും മോതിരങ്ങളുമാണെന്നാണ് ജ്വല്ലറി ഉടമകളുടെ അഭിപ്രായം. ഇത്തരം മോതിരങ്ങള്‍ക്കും നാണയങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണത്രേ. കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ പോലും ദേവീ ദേവന്മാരുടെ ചിത്രം ആലേഖനം ചെയ്ത നാണയമോ മോതിരമോ ഒപ്പം വാങ്ങുന്ന പതിവുളളതായി അവര്‍ പറയുന്നു. ഇതോടൊപ്പം പുതിയ കളക്ഷന്‍, വജ്രാഭരണങ്ങള്‍, വിവിധ ലോക്കറ്റുകള്‍ എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. വിശ്വാസത്തെ അടിസ്ഥാനമാക്കി സ്വര്‍ണം വാങ്ങാനുളള ആളുകളുടെ ആഗ്രഹവും ജ്വല്ലറികള്‍ നല്‍കുന്ന ഓഫറുകളും മുന്‍കൂര്‍ ബുക്കിങുകളും എല്ലാം ചേര്‍ന്ന് നാളത്തെ ദിനം ഉഷാറാക്കും. നാളെ രാവിലെ 06: 26 മുതല്‍ രാത്രി 11: 47 വരെയാണ് അക്ഷയതൃതീയ മുഹൂര്‍ത്തം.