പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ എണ്ണലഭ്യത ഉറപ്പാക്കാനുള്ള അടിയന്തര നടപടികളുമായി മുന്നോട്ട് പോകുകയാണ് രാജ്യം. ഹോർമുസ് കടലിടുക്കിലെ ഭീഷണിയെ തുടർന്ന് റഷ്യൻ എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുന്നതടക്കം പരിഗണനയിലുണ്ട്.
പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ രാജ്യത്തെ എണ്ണലഭ്യത ഉറപ്പാക്കാന്‍ അടിയന്തര നീക്കങ്ങളുമായി ഇന്ത്യ. അമേരിക്കയുമായുള്ള കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ച ഇന്ത്യ, നിലവിലെ സാഹചര്യം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കുന്നു. റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നതിനൊപ്പം രാജ്യത്ത് ഇന്ധന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാനും ഇസ്രായേലും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന വിദേശ കപ്പലുകള്‍ക്ക് ഇറാന്‍ ഭീഷണി ഉയര്‍ത്തുന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ട്.
ഇന്ത്യയുടെ 'എമര്‍ജന്‍സി' പ്ലാന്‍
പെട്രോള്‍-ഡീസല്‍ നിയന്ത്രണം: പെട്രോള്‍, ഡീസല്‍ എന്നിവയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കാം. ആഭ്യന്തര വിപണിയില്‍ തടസമില്ലാതെ ഇന്ധനം ലഭ്യമാക്കാനാണ് ഈ നീക്കം.
എല്‍പിജി റേഷനിംഗ്: പാചകവാതക വിതരണത്തില്‍ റേഷനിംഗ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
റഷ്യന്‍ എണ്ണ: അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സുരക്ഷിതമായ മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍ റഷ്യയില്‍ നിന്ന് നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചേക്കും.
മറ്റുവഴികള്‍: ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കൊണ്ടുവരാനുള്ള മറ്റ് കപ്പല്‍ പാതകളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
എന്തുകൊണ്ട് ഇന്ത്യ പേടിക്കണം?
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിന്റെ വലിയൊരു ഭാഗവും വരുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.
പ്രതിദിന ഇറക്കുമതി: ഏകദേശം 25 ലക്ഷം മുതല്‍ 27 ലക്ഷം വരെ ബാരല്‍ എണ്ണയാണ് ഓരോ ദിവസവും ഈ വഴി ഇന്ത്യയിലേക്ക് വരുന്നത്.
കൈവശമുള്ള ശേഖരം: ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, നിലവില്‍ ഇന്ത്യയുടെ പക്കലുള്ള എണ്ണശേഖരം ഏകദേശം രണ്ടാഴ്ചത്തേക്ക് മാത്രമേ തികയൂ.
പശ്ചിമേഷ്യയിലെ സംഘര്‍ഷം കടുക്കുകയും ഹോര്‍മുസ് കടലിടുക്ക് അടച്ചിടുകയും ചെയ്താല്‍ ഇന്ത്യയിലെ ഇന്ധനവില കുതിച്ചുയരുമെന്നുറപ്പാണ്. ഇത് ഒഴിവാക്കാനാണ് പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും നിരന്തരം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.

