എൽ എൻ ജി ഉത്പാദനം നിർത്തുകയാണെന്ന് ഖത്തർ എനർജി പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യ പ്രതിസന്ധിയിലാകും. പശ്ചിമേഷ്യയിലെ പ്രതിസന്ധി നീണ്ടുനിന്നാൽ ഇന്ത്യയിലെ പാചക വാതകത്തിന്റെയും വാഹന ഇന്ധനമായി ഉപയോഗിക്കുന്ന നാച്ചുറൽ ഗാസിന്റെയും ക്ഷാമത്തിന് ഇടയാക്കും.
ദില്ലി: പശ്ചിമേഷ്യയിലെ പ്രതിസന്ധി നീളുന്നത് ഇന്ത്യയെ വലിയ രീതിയിലാകും ബാധിക്കുക. ഇത് പാചക വാതകത്തിന്റെയും നാച്ചുറൽ ഗ്യാസിന്റെയും ക്ഷാമത്തിന് ഇടയാക്കും. ഇന്ത്യയിലെത്തുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ 40 ശതമാനവും ഖത്തറിൽ നിന്നാണ്. പത്ത് മുതൽ 15 ശതമാനം വരെ എൽഎൻജി ഇന്ത്യ യുഎഇയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു. അതുകൊണ്ട് തന്നെ പശ്ചിമേഷ്യയിലെ പ്രതിസന്ധി നീണ്ടുനിന്നാൽ ഇന്ത്യയിലെ പാചക വാതകത്തിന്റെയും വാഹന ഇന്ധനമായി ഉപയോഗിക്കുന്ന നാച്ചുറൽ ഗാസിന്റെയും ക്ഷാമത്തിന് ഇടയാക്കും.
ഏറ്റവും കൂടുതൽ പാചക വാതകം ഇറക്കുമതി ചെയ്യുന്ന ലോകത്തെ നാലാമത്തെ രാഷ്ട്രമാണ് ഇന്ത്യ. എൽ എൻ ജി ഉത്പാദനം നിർത്തുകയാണെന്ന് ഖത്തർ എനർജി പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇറാനിൽ നിന്നുള്ള ഡ്രോൺ പതിച്ച് ലാസ് റഫാനിലെ ഖത്തർ എനർജിയുടെ ഉൽപ്പാദന പ്ലാന്റിൽ കേടുപാടുകൾ ഉണ്ടായതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. ഖത്തർ എനർജി ഉൽപ്പാദിപ്പിക്കുന്ന 82 ശതമാനം ദ്രവീകൃത പ്രകൃതി വാതകവും ഏഷ്യൻ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
പെട്രോനെറ്റ് എൽ എൻ ജിയുമായി 20 വർഷത്തെ കയറ്റുമതി കരാറും ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷനുമായി 17 വർഷത്തെ കരാറും ഖത്തർ എനർജി ഒപ്പുവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർ ഉത്പാദനം പുനരാരംഭിക്കാൻ വൈകിയാൽ ഗുരുതരമായ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ മാറും. ഇന്ത്യക്ക് എൽ എൻ ജിയുടെ കരുതൽ ശേഖരമില്ല. അതുകൊണ്ട് തന്നെ പ്രതിസന്ധി ഒന്നോ രണ്ടോ ആഴ്ച നീണ്ടാൽ പോലും ക്ഷാമവും വിലക്കയറ്റവും നേരിടേണ്ടി വരും. അമേരിക്കയുൾപ്പെടെയുള്ള മറ്റ് ഉൽപ്പാദകരുമായി പുതിയ ഹ്രസ്വകാല കരാറിൽ ഏർപ്പെടാമെങ്കിലും ചെലവ് ഗണ്യമായി വർധിക്കും. ഇത് ആഭ്യന്തര വിപണിയിൽ എൽ എൻ ജിക്ക് കനത്ത വിലക്കയറ്റത്തിന് ഇടയാക്കും.


