ഇന്ന് അക്ഷയതൃതീയ; കടകൾ തുറക്കാൻ നിവർത്തിയില്ല, ഓൺലൈൻ സംവിധാനമൊരുക്കി ജ്വല്ലറികൾ

By Web TeamFirst Published Apr 26, 2020, 6:43 AM IST
Highlights

ലോക്ക് ഡൗണും വിപണിയിലെ മാന്ദ്യവും കാരണം പ്രമുഖ വ്യാപാരികൾ സ്വർണം ഗ്രാമിന് 50 രൂപ വരെ വില കുറച്ചാണ് അക്ഷയതൃതീയയ്ക്ക് വിൽക്കുന്നത്.

കൊച്ചി: ഇന്ന് അക്ഷയതൃതീയ. സ്വർണത്തിന് ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന അ ക്ഷയതൃതീയ ദിവസത്തിലും സ്വർണക്കടകൾ തുറക്കാൻ കഴിയാത്തതിനാൽ പകരം സംവിധാനമൊരുക്കി ജ്വല്ലറികൾ. ഓൺലൈനിലൂടെ സ്വർണം വാങ്ങാനുള്ള അവസരമാണ് ജ്വല്ലറികൾ ഇക്കുറി നൽകുന്നത്.

ഏറ്റവും കൂടുതൽ സ്വർണം വിറ്റുപോകുന്ന ദിവസങ്ങളിലൊന്നാണ് അക്ഷയതൃതീയ. കഴിഞ്ഞവർഷം കേരളത്തിൽ ആറായിരം കോടിയുടെ സ്വർണമാണ് അക്ഷയതൃതീയ ദിനത്തിൽ മാത്രം വിറ്റുപോയത്. എന്നാൽ ഇക്കുറി ലോക്ക് ഡൗൺ വന്നതോടെ സ്വർണവ്യാപാരസ്ഥാപനങ്ങൾ തുറക്കാനാകാത്ത സ്ഥിതിയാണ്. ഇതോടെയാണ് ഓൺലൈനിലൂടെ സ്വർണം വിൽക്കാൻ വ്യാപാരികൾ രംഗത്ത് വന്നിരിക്കുന്നത്. വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയും ഫോൺ വഴിയും ജ്വല്ലറികളുടെ വെബ്സൈറ്റുകളിലൂടെയും ഓൺലൈൻ ബുക്കിംഗിന് സൗകര്യമുണ്ട്. ലോക്ക് ഡൗണിന് ശേഷം ജ്വല്ലറികൾ തുറക്കുമ്പോൾ ബുക്ക് ചെയ്ത സ്വർണം ലഭിക്കും.

Also Read: അക്ഷയ തൃതീയ, സ്വര്‍ണം വാങ്ങുന്നവരുടെ പ്രിയപ്പെട്ട ദിനം: മോതിരത്തിലും നാണയത്തിലും 'സൂപ്പര്‍ സ്റ്റാറുകളായി' ദേവീദേവന്മാരും

ലോക്ക് ഡൗണും വിപണിയിലെ മാന്ദ്യവും കാരണം പ്രമുഖ വ്യാപാരികൾ സ്വർണം ഗ്രാമിന് 50 രൂപ വരെ വില കുറച്ചാണ് അക്ഷയതൃതീയയ്ക്ക് വിൽക്കുന്നത്. കൂടാതെ ഗിഫ്റ്റ് വൗച്ചറുകളും ക്യാഷ് ബാക്ക് ഓഫറും പല ജ്വല്ലറികളും മുന്നോട്ട് വയ്ക്കുന്നുണ്ട്. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സ്വർണക്കടകൾ തുറക്കാൻ സർക്കാർ അനുമതിയില്ലാത്തത് ഈ മേഖലയ്ക്ക് തിരിച്ചടിയാകുകയാണ്. അക്ഷയതൃതീയ സീസണിലും എക്കാലത്തേയും ഉയരത്തിലാണ് സ്വർണവില. കൊവിഡ് ഭീതിയിൽ ആഗോളനിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിയതാണ് സ്വർണവിലയെ റെക്കോർഡിലെത്തിച്ചത്.

click me!