
രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള ഏകദേശം 49% ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രീമിയം അടയ്ക്കാതെ നിര്‍ത്തലാക്കപ്പെടുന്നുവെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇത് പോളിസി ഉടമകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്. പലപ്പോഴും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ പരിഗണിക്കാതെ, ഇന്‍ഷുറന്‍സ് പോളിസികളെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍കി പോളിസി വില്‍ക്കുന്ന 'മിസ്-സെല്ലിംഗ്' ആണ് ഇതിന് പിന്നിലെ പ്രധാന കാരണം.
'മിസ്-സെല്ലിംഗ്' എന്ന കെണി
പോളിസികള്‍ വില്‍ക്കുന്ന ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ച് പൂര്‍ണ്ണവും കൃത്യവുമായ വിവരങ്ങള്‍ നല്‍കാതെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. ഉയര്‍ന്ന കമ്മീഷന്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. പല ഉപഭോക്താക്കളും വില കൂടിയതും തങ്ങള്‍ക്ക് ആവശ്യമില്ലാത്തതുമായ പോളിസികള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. പിന്നീട്, പ്രീമിയം അടയ്ക്കാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ പോളിസി ഉപേക്ഷിക്കുന്നു. ഇതോടെ മുടക്കിയ പണവും പ്രതീക്ഷിച്ച ആനുകൂല്യങ്ങളും അവര്‍ക്ക് നഷ്ടമാകുന്നു.
ഞെട്ടിക്കുന്ന കണക്കുകള്‍ പമുഖ 10 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ശരാശരി 61-ാം മാസത്തെ പോളിസി തുടര്‍ച്ചാ അനുപാതം വെറും 51% മാത്രമാണ്. അതായത്, ഏകദേശം പകുതിയോളം പോളിസി ഉടമകളും അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രീമിയം അടയ്ക്കുന്നത് നിര്‍ത്തുന്നു. ഇത് അവര്‍ക്ക് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ വരുത്തിവെക്കുന്നു . 2023 - 24 സാമ്പത്തിക വര്‍ഷം രാജ്യത്തെ ഏറ്റവും വലിയ 15 ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍, മറ്റ് സാമ്പത്തിക സേവനങ്ങള്‍ എന്നിവ നല്‍കിയതിലൂടെ 21,773 കോടി രൂപ കമ്മീഷനായി ലഭിച്ചു. തങ്ങളുടെ തന്നെ ഗ്രൂപ്പ് കമ്പനികളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നതിലൂടെ ബാങ്കുകള്‍ക്ക് 100% വരെ കമ്മീഷന്‍ ലഭിക്കുന്നുണ്ട്. ഇതിന് പരിഹാരമെന്ന നിലയ്ക്ക് ഇന്‍ഷുറന്‍സ് വിതരണക്കാരും ഇടനിലക്കാരും ഉപഭോക്താക്കളുടെ ആവശ്യകതകള്‍ക്കും അപകടസാധ്യതകള്‍ക്കും അനുയോജ്യമായ ഉത്പന്നങ്ങള്‍ മാത്രം ശുപാര്‍ശ ചെയ്യേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.