വായ്പ എടുക്കുന്നയാള്‍ക്ക് കൃത്യമായ സാമ്പത്തിക അച്ചടക്കമുണ്ടോ എന്ന് തിരിച്ചറിയാനാണ് ബാങ്കുകള്‍ ഈ രീതി ഉപയോഗിക്കുന്നത്. ഇതിലെ പ്രധാന നിബന്ധനകള്‍ അറിയാം

വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ നല്ലൊരു സിബില്‍ സ്‌കോര്‍ മാത്രം ഉണ്ടായാല്‍ മതിയെന്നാണ് പലരും കരുതുന്നത്. എന്നാല്‍ സ്‌കോറിനപ്പുറം വ്യക്തികളുടെ സാമ്പത്തിക അച്ചടക്കം അളക്കാന്‍ ബാങ്കുകള്‍ പ്രധാനമായും നോക്കുന്ന ഒന്നാണ് '2-2-2 റൂള്‍'. വന്‍കിട വായ്പകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഈ നിയമത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് ഈ 2-2-2 റൂള്‍?

വായ്പ എടുക്കുന്നയാള്‍ക്ക് കൃത്യമായ സാമ്പത്തിക അച്ചടക്കമുണ്ടോ എന്ന് തിരിച്ചറിയാനാണ് ബാങ്കുകള്‍ ഈ രീതി ഉപയോഗിക്കുന്നത്. ഇതിലെ പ്രധാന നിബന്ധനകള്‍ ഇവയാണ്:

കുറഞ്ഞത് രണ്ട് ക്രെഡിറ്റ് അക്കൗണ്ടുകളെങ്കിലും (വായ്പകളോ ക്രെഡിറ്റ് കാര്‍ഡുകളോ) ഉണ്ടായിരിക്കണം.

ഈ അക്കൗണ്ടുകള്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പഴക്കമുള്ളവ ആയിരിക്കണം.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ അക്കൗണ്ടുകളില്‍ തിരിച്ചടവ് മുടങ്ങാതെ കൃത്യമായി നടത്തിയിരിക്കണം.

ഒരേസമയം ഒന്നിലധികം സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വ്യക്തിക്ക് കഴിയുമെന്ന് തെളിയിക്കുന്നതോടെ ബാങ്കുകള്‍ക്ക് വിശ്വാസം വര്‍ധിക്കുന്നു. ഇത് ഭവനവായ്പ പോലുള്ള വലിയ തുകകള്‍ എളുപ്പത്തില്‍ അനുവദിക്കാന്‍ അവരെ സഹായിക്കുന്നു.

2/3/4 റൂള്‍ ശ്രദ്ധിക്കുക

ഒരു വ്യക്തി എത്രത്തോളം വായ്പയ്ക്കായി തിരയുന്നു എന്ന് അളക്കുന്നതാണ് ഈ നിയമം. ചുരുങ്ങിയ കാലയളവിനുള്ളില്‍ പലതവണ പുതിയ വായ്പകള്‍ക്കായി അപേക്ഷിക്കുന്നത് ബാങ്കുകള്‍ ഒരു മോശം പ്രവണതയായി ആയി കണക്കാക്കുന്നു.

ക്രെഡിറ്റ് പ്രൊഫൈലിനെ ദോഷകരമായി ബാധിക്കുന്ന ചില കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:

ക്രെഡിറ്റ് കാര്‍ഡുകളിലെ ഉയര്‍ന്ന കുടിശ്ശിക.

അടുത്തടുത്തായി തുടങ്ങിയ പുതിയ വായ്പ അക്കൗണ്ടുകള്‍.

തിരിച്ചടവില്‍ വരുന്ന ചെറിയ വീഴ്ചകള്‍ പോലും സാമ്പത്തിക അസ്ഥിരതയുടെ ലക്ഷണമായി ബാങ്കുകള്‍ കാണുന്നു.

വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കും വലിയ കടബാധ്യതയുള്ളവര്‍ക്കും ക്രെഡിറ്റ് സ്‌കോര്‍ വീണ്ടെടുക്കാന്‍ താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം:

വായ്പാ ഇളവ് : കടം വീട്ടാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് ബാങ്കുകളുമായി സംസാരിച്ച് തിരിച്ചടവ് തുക കുറയ്ക്കാനോ കൂടുതല്‍ സമയം നേടാനോ ശ്രമിക്കാം.

കടബാധ്യത കൈകാര്യം ചെയ്യാം: ഈടില്ലാത്ത വായ്പകളെല്ലാം ചേര്‍ത്ത് ഒറ്റ മാസത്തവണയാക്കി മാറ്റുന്ന രീതിയാണിത്. ഇതില്‍ പലിശ നിരക്ക് കുറയാനും കൃത്യമായ തിരിച്ചടവ് ഉറപ്പാക്കാനും സാധിക്കും.

കണ്‍സോളിഡേഷന്‍ ലോണ്‍ : നിലവിലുള്ള പല ചെറിയ വായ്പകള്‍ തീര്‍ക്കാന്‍ എടുക്കുന്ന ഒറ്റ വലിയ വായ്പയാണിത്. മാസത്തില്‍ പലതവണ പണമടയ്ക്കുന്നതിന് പകരം ഒരു തീയതി മാത്രം ഓര്‍ത്തു വെച്ചാല്‍ മതി എന്നതിനാല്‍ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത കുറയുന്നു. ഇത് വഴി '2-2-2 റൂള്‍' വേഗത്തില്‍ പാലിക്കാന്‍ സാധിക്കും.