ആമസോൺ തുടങ്ങി കഴിഞ്ഞു; 2,300 ജീവനക്കാർക്ക് നോട്ടീസ്

By Web TeamFirst Published Jan 19, 2023, 6:44 PM IST
Highlights

ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടൽ ആരംഭിച്ച് ആമസോൺ. ഇന്ത്യയിലുൾപ്പടെയുള്ള വിവിധ മേഖലകളിലെ ജീവനക്കാർക്ക് നോട്ടീസ് ലഭിച്ചു കഴിഞ്ഞു. പ്രാരംഭ നടപടികൾ 

-കൊമേഴ്‌സ് ഭീമനായ ആമസോൺ പിരിച്ചുവിടൽ ആരംഭിച്ചു കഴിഞ്ഞു. ഏകദേശം 2,300 ജീവനക്കാർക്ക് ഇത് സംബന്ധിച്ച നോട്ടീസ് കമ്പനി നൽകി. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിനാണ് ആമസോൺ തയ്യാറെടുക്കുന്നത്. 18,000-ലധികം ജീവനക്കാരെ ബാധിക്കുന്ന നടപടി ആരംഭിച്ചതിന്റെ ഭാഗമായി ജീവനക്കാർക്ക് കമ്പനി നോട്ടീസ് അയച്ചുകഴിഞ്ഞു. ഓൺലൈൻ വിൽപ്പനയുടെ വളർച്ച മന്ദഗതിയിലായതോടെ ചെലവ് ചുരുക്കൽ നടപടിയിലേക്ക് കടക്കുകയായിരുന്നു കമ്പനി.  സാമ്പത്തിക മാന്ദ്യ ഭീതിയും തീരുമാനമെടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചിട്ടുണ്ട്. 

അലക്സാ ഡിജിറ്റൽ അസിസ്റ്റന്റും എക്കോ സ്മാർട്ട് സ്പീക്കറുകളും നിർമ്മിക്കുന്ന ആമസോണിന്റെ സാങ്കേതിക വിഭാഗത്തിലാണ് ആദ്യം പിരിച്ചുവിടലുകൾ തുടങ്ങിയത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം  റീട്ടെയിൽ ഡിവിഷനെയും എച്ച് ആർ വിഭാഗത്തെയും പിരിച്ചുവിടൽ ബാധിക്കും.മൊത്തം തൊഴിലാളികളുടെ ഒരു ശതമാനം മാത്രമാണ് ആമസോൺ പിരിച്ചുവിടുന്നത്, എന്നാൽ ഇത് ആമസോണിന്റെ ലോകമെമ്പാടുമുള്ള 350,000 കോർപ്പറേറ്റ് ജീവനക്കാരുടെ ഏകദേശം 6 ശതമാനം വരും.

ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസ്സി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയ്‌ലർ കഴിഞ്ഞ വർഷത്തിന്റെ ഭൂരിഭാഗവും ഇ-കൊമേഴ്‌സ് വളർച്ചയിലെ അസ്ഥിരതയോട് പോരാടുകയായിരുന്നു. ഓൺലൈൻ ഷോപ്പിംഗ് കുറയുകയും ആളുകൾ ഷോപ്പുകളിലേക്ക് നേരിട്ടെത്തുകയും ചെയ്തത് ആമസോണിന്റെ തളർത്തി. റീട്ടെയിൽ ഗ്രൂപ്പിലെ നിയമനം നിർത്താൻ ഇത് ആമസോണിനെ പ്രേരിപ്പിച്ചു. 

അതേസമയം, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന പദവി ആമസോൺ തിരിച്ചുപിടിച്ചു. ആപ്പിൾ രണ്ടാം സ്ഥാനത്താണ്. 
 

click me!