ആമസോണിന് വന്‍ തിരിച്ചടി: ഉപഭോക്താക്കളെ കബളിപ്പിച്ച് പ്രൈം അംഗത്വം എടുപ്പിച്ചു; 22,000 കോടി രൂപ പിഴയടയ്ക്കണം

Published : Sep 26, 2025, 05:53 PM IST
Amazon Prime

Synopsis

ലക്ഷക്കണക്കിന് പേര്‍ അബദ്ധത്തില്‍ പ്രൈം അംഗങ്ങളായി. വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് ഭയന്ന്, അബദ്ധത്തില്‍ വരിക്കാരാകുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ ആമസോണ്‍ വിസമ്മതിച്ചു.

പഭോക്താക്കളെ കബളിപ്പിച്ച് 'പ്രൈം' സബ്സ്‌ക്രിപ്ഷന്‍ അംഗത്വമെടുപ്പിച്ചു, അത് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മനഃപൂര്‍വം സങ്കീര്‍ണമാക്കി തുടങ്ങിയ ആരോപണങ്ങളില്‍ ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനുമായി ഒത്തുതീര്‍പ്പിലെത്തി. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ആമസോണ്‍ 250 കോടി ഡോളര്‍ (ഏകദേശം 22,000 കോടി രൂപ) പിഴയടയ്ക്കാന്‍ ധാരണയായി. 100 കോടി ഡോളര്‍ (ഏകദേശം 8,800 കോടി രൂപ) സിവില്‍ പിഴയായും 150 കോടി ഡോളര്‍ (ഏകദേശം 13,200 കോടി രൂപ) വരിക്കാര്‍ക്ക് തിരികെ നല്‍കാനും (റീഫണ്ട്) ആണ് ധാരണ. കൂടാതെ, പ്രൈം സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാനും ആമസോണ്‍ സമ്മതിച്ചിട്ടുണ്ട്.

കേസിന്റെ വിചാരണയ്ക്കായി ഒമ്പതംഗ ജൂറിയെ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പായത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ 10 വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടാകും. ഓണ്‍ലൈന്‍ ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള 2010-ലെ നിയമം ആമസോണ്‍ ലംഘിച്ചുവെന്ന് കാണിച്ച് 2023-ലാണ് എഫ്.ടി.സിയില്‍ കേസ് നല്‍കിയത്. ഉപഭോക്താക്കള്‍ അറിയാതെയോ അവരുടെ സമ്മതമില്ലാതെയോ ലക്ഷക്കണക്കിന് പേര്‍ പ്രൈമില്‍ അംഗങ്ങളായി. പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അത് പരിഹരിക്കാന്‍ ആമസോണ്‍ വിസമ്മതിച്ചതായി എഫ്.ടി.സി. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. മാത്രമല്ല, പ്രൈം അംഗത്വം റദ്ദാക്കാനുള്ള പ്രക്രിയ മനഃപൂര്‍വം സങ്കീര്‍ണമാക്കിയെന്നും എഫ്.ടി.സി. ആരോപിച്ചു.

2005-ല്‍ ആരംഭിച്ച ആമസോണ്‍ പ്രൈം ലോകത്തിലെ ഏറ്റവും പ്രചാരമുള്ള സേവനമാണ്. 200 ദശലക്ഷത്തിലധികം ആഗോള വരിക്കാരുള്ള ഈ സേവനം വഴി കമ്പനിക്ക് ശതകോടിക്കണക്കിന് ഡോളര്‍ വരുമാനം ലഭിക്കുന്നുണ്ട്. വാര്‍ഷിക വരിസംഖ്യ 139 ഡോളര്‍ ആണ്.

എഫ്.ടി.സിയുടെ ആരോപണങ്ങള്‍

അബദ്ധത്തില്‍ വരിക്കാരായി: ഉപഭോക്താക്കള്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ ക്ലിക്ക് ചെയ്യുന്ന ബട്ടണുകള്‍, തങ്ങള്‍ പ്രൈമില്‍ വരിചേരുകയാണ് എന്ന് വ്യക്തമായി അറിയിക്കാത്ത വിധത്തിലായിരുന്നു. ഇതിലൂടെ ലക്ഷക്കണക്കിന് പേര്‍ അബദ്ധത്തില്‍ പ്രൈം അംഗങ്ങളായി.

അകത്തെ അര്‍ബുദം : 'വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് ഭയന്ന്, അബദ്ധത്തില്‍ വരിക്കാരാകുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ ആമസോണ്‍ വിസമ്മതിച്ചു. ജീവനക്കാര്‍ ഈ പ്രശ്‌നത്തെ 'സംസാരത്തിലില്ലാത്ത അര്‍ബുദം' (unspoken cancer) എന്നാണ് ആന്തരികമായി വിശേഷിപ്പിച്ചത്' - എഫ്.ടി.സി. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

റദ്ദാക്കല്‍: പ്രൈം അംഗത്വം റദ്ദാക്കാനുള്ള പ്രക്രിയ മനഃപൂര്‍വം സങ്കീര്‍ണ്ണമാക്കി. 15 ഓപ്ഷനുകളുള്ള നാല് വെബ്പേജുകളിലൂടെ കടന്നുപോയാല്‍ മാത്രമേ റദ്ദാക്കാന്‍ കഴിയൂ. ഈ കുരുക്കുവഴിയെ കമ്പനി ജീവനക്കാര്‍ വിളിച്ചിരുന്നത് 'ഇലിയഡ്' എന്നായിരുന്നു (ട്രോജന്‍ യുദ്ധത്തെക്കുറിച്ചുള്ള ഹോമറിന്റെ ഇതിഹാസ കാവ്യം).

കമ്പനിയുടെ പ്രതികരണം:

ആമസോണും തങ്ങളുടെ എക്‌സിക്യൂട്ടീവുകളും എല്ലായ്‌പ്പോഴും നിയമം പാലിച്ചിട്ടുണ്ടെന്നും ഈ ഒത്തുതീര്‍പ്പ് മുന്നോട്ട് കൊണ്ടു പോകാനും ഉപഭോക്താക്കള്‍ക്കായി പുതിയ കണ്ടുപിടിത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കുമെന്ന് ആമസോണ്‍ പ്രസ്താവനയില്‍ അറിയിച്ചു.

എഫ്.ടി.സി. ഈ ഒത്തുതീര്‍പ്പിനെ 'ചരിത്രപരം' എന്നാണ് വിശേഷിപ്പിച്ചത്. നിലവില്‍ യുഎസില്‍ പ്രൈം അംഗത്വത്തിന് പ്രതിവര്‍ഷം 139 ഡോളറോ പ്രതിമാസം 15 ഡോളറോ ആണ് ചെലവ്. കഴിഞ്ഞ പാദത്തില്‍ ആമസോണ്‍ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങളില്‍ നിന്ന് 12.2 ബില്യണ്‍ ഡോളറാണ് വരുമാനം നേടിയത്. ഒത്തുതീര്‍പ്പ് പ്രകാരം, ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് 51 ഡോളര്‍ വരെ തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?