വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീട് ലാഭകരമാണോ അതോ അമിതവില നല്‍കേണ്ടി വരുമോ എന്ന് തിരിച്ചറിയാന്‍ ഈ കണക്കിലൂടെ സാധിക്കും.

സ്വന്തമായി ഒരു വീട് വാങ്ങുന്നത് മിക്കവരുടെയും വലിയൊരു സ്വപ്നമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് സാമ്പത്തികമായി ലാഭകരം വീട് വാങ്ങുന്നതാണോ അതോ വാടകയ്ക്ക് താമസിക്കുന്നതാണോ? ഈ ആശയക്കുഴപ്പത്തിന് പരിഹാരമായി നിക്ഷേപകര്‍ക്കിടയില്‍ ഒരു ലളിതമായ സൂത്രവാക്യമുണ്ട്-'വണ്‍ പെര്‍സന്റ് (1%) റൂള്‍'. വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീട് ലാഭകരമാണോ അതോ അമിതവില നല്‍കേണ്ടി വരുമോ എന്ന് തിരിച്ചറിയാന്‍ ഈ കണക്കിലൂടെ സാധിക്കും.

എന്താണ് ഈ 1% നിയമം?

ചുരുക്കത്തില്‍ പറഞ്ഞാല്‍, ഒരു വീട് വാങ്ങുമ്പോള്‍ അതില്‍ നിന്ന് മാസം ലഭിക്കാവുന്ന വാടക ആ വീടിന്റെ ആകെ വിലയുടെ ഒരു ശതമാനമെങ്കിലും ആയിരിക്കണം എന്നതാണ് ഈ നിയമം. ഉദാഹരണത്തിന്: ഒരു കോടി രൂപ വിലയുള്ള ഒരു ഫ്‌ലാറ്റ് വാങ്ങുകയാണെന്ന് കരുതുക. ഈ നിയമം അനുസരിച്ച് ആ ഫ്‌ലാറ്റില്‍ നിന്ന് മാസം ഏകദേശം ഒരു ലക്ഷം രൂപ വാടക ലഭിക്കണം. ലഭിക്കുന്ന വാടക ഇതിലും വളരെ കുറവാണെങ്കില്‍, സാമ്പത്തിക നിക്ഷേപം എന്ന നിലയില്‍ ആ വീട് വാങ്ങുന്നത് അത്ര ലാഭകരമായിരിക്കില്ല.

എങ്ങനെ കണക്കുകൂട്ടാം?

വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തെ സമാനമായ വീടുകളുടെ വാടക ആദ്യം ചോദിച്ചറിയുക. തുടര്‍ന്ന് ഈ ലളിതമായ കണക്ക് ഉപയോഗിക്കാം:

(മാസവാടക ÷ വീടിന്റെ ആകെ വില) × 100

ഈ കണക്കില്‍ കിട്ടുന്ന ഉത്തരം 1-നോട് അടുത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ അത് നല്ലൊരു നിക്ഷേപമാണ്. എന്നാല്‍ വീട് വാങ്ങുമ്പോള്‍ വെറും വില മാത്രമല്ല, അതിന്റെ മെയിന്റനന്‍സ്, വസ്തു നികുതി, ലോണ്‍ പലിശ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കൂടി പരിഗണിക്കണം.

ഇന്ത്യന്‍ വിപണിയിലെ വെല്ലുവിളികള്‍

വിദേശ രാജ്യങ്ങളില്‍ ഈ നിയമം വളരെ കൃത്യമായി ഫലിക്കാറുണ്ടെങ്കിലും ഇന്ത്യയില്‍ കാര്യങ്ങള്‍ അല്പം വ്യത്യസ്തമാണ്. ഇന്ത്യയില്‍ വീടുകളുടെ വാടകയില്‍ നിന്നുള്ള ലാഭം ശരാശരി 2% മാത്രമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഈ നിയമം പ്രയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം:

വിലക്കയറ്റം : വാടക കുറവാണെങ്കിലും കാലക്രമേണ വീടിന്റെ വിലയിലുണ്ടാകുന്ന വര്‍ധന (വര്‍ഷം 5-7% വരെ) വലിയൊരു ലാഭമാണ്.

നികുതി ഇളവ്: ഭവനവായ്പ എടുക്കുന്നവര്‍ക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങള്‍ ഈ 1% നിയമത്തില്‍ ഉള്‍പ്പെടുന്നില്ല.

സ്ഥലം: മുംബൈ, ഡല്‍ഹി, ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളില്‍ വീടിന് വന്‍ വിലയാണെങ്കിലും വാടക ആ അനുപാതത്തില്‍ ഉയരാറില്ല. അത്തരം സാഹചര്യങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നതാകും ലാഭം. എന്നാല്‍ വളര്‍ന്നു വരുന്ന നഗരങ്ങളില്‍ വീട് വാങ്ങുന്നത് ഗുണകരമായേക്കാം.